കോവിഡ് കാലത്തും ആയിരങ്ങൾക്ക് പുതുതായി തൊഴിൽ നൽകി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

അനിൽകുമാർ ഒഞ്ചിയം
Posted on October 20, 2020, 7:34 pm

അനിൽകുമാർ ഒഞ്ചിയം

കോവിഡ് രോഗ വ്യാപനത്തെത്തുടർന്ന് രാജ്യമെങ്ങും ലോക്ഡൗൺ നടപ്പിലാക്കിയപ്പോൾ ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് അവരുടെ ഉപജീവന മാർഗ്ഗമായ തൊഴിൽ നഷ്ടമായത്. പൊതുവിൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം നിലനിന്നപ്പോഴും ആയിരങ്ങൾക്ക് തൊഴിൽ നൽകി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അതിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർത്തിരിക്കുകയാണ്.

കെട്ടിടം, റോഡ്, പാലം തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങളിൽ കേരളത്തിൽ പണിയെടുക്കുന്നവർ ആധുനികനൈപുണ്യങ്ങൾ ആർജ്ജിച്ചവരല്ല എന്ന ചർച്ച സജീവമാണ്. സംസ്ഥാനത്ത് എൻജിനീയറിങ് കഴിഞ്ഞിറങ്ങുന്നവർക്ക് പ്രായോഗികപരിജ്ഞാനവും തൊഴിൽ വൈഭവവും നൈപുണ്യവും കുറവാണെന്ന തരത്തിലുള്ള ചർച്ച അവർക്കു കേരളത്തിലും പുറംനാടുകളിലും ജോലികിട്ടാൻ തടസമാകുകയാണ്. മാസങ്ങളെടുത്ത് നാം ഇന്നു ചെയ്യുന്ന ജോലികൾ ആധുനികയന്ത്രങ്ങളും ഉപകരണങ്ങളും സങ്കേതങ്ങളും ഉപയോഗിച്ച് വിദേശങ്ങളിൽ ഒറ്റമാസംകൊണ്ട് ചെയ്യൻ കഴിയുന്നുമുണ്ട്. ഇത്തരത്തിൽ പ്രവൃത്തി പരിചയം നേടിയ ഒട്ടേറെപ്പേർ പ്രവാസികളിലുണ്ട്. മടങ്ങിയെത്തിയ പ്രവാസികളുടെ തൊഴിൽ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുകയായിരുന്നു യു എൽ സി സി എസ് ചെയ്തത്. ഇത്തരത്തിൽ നല്ലൊരു വിഭാഗം തൊഴിലാളികളെ സൊസൈറ്റി നിയമിക്കുകയും ചെയ്തു.

ഇങ്ങനെ ഇച്ഛാശക്തിയോടെ പ്രവർത്തിച്ച മറ്റൊരു സ്ഥാപനം രാജ്യത്ത് വേറെയില്ലതന്നെ. ലോകസാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തടക്കം ഈ സമീപനം വിജയകരമായി പ്രയോജനപ്പെടുത്താൻ സൊസൈറ്റിക്ക് കഴിഞ്ഞു. മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 2162 പേരെയാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. ഇവരിൽ ഗണ്യമായവിഭാഗം ഗൾഫിൽനിന്നും മറ്റും മടങ്ങിയെത്തിയവരും ഇതരസംസ്ഥാനക്കാരുമാണ്. സൊസൈറ്റിയുടെ സ്ഥിരം തൊഴിലാളികളായ 13,000 പേർക്കും ആയിരത്തിൽപ്പരം എൻജിനീയർമാർക്കും പുറമേയാണിത്.

തൊഴിലാളികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം സംസ്ഥാനത്തുതന്നെ ലഭ്യമാക്കാനും സൊസൈറ്റി ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിനായി ട്രിപ്പിൾ ഐ സി എന്നു ചുരുക്കപ്പേരുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കോഴ്സ് സൊസൈറ്റി ആരംഭിച്ചിട്ടുണ്ട്. എട്ടാംക്ലാസുമുതൽ എം ടെക്കും എം ബി എ യും വരെ ജയിച്ചവർക്ക് ആഗോളനിലവാരത്തിൽ അവരുടെ കർമ്മമേഖലകളിൽ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നതരത്തിലുള്ള നാല്പതോളം കോഴ്സുകളാണ് സംസ്ഥാനതൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ട്രിപ്പിൾ ഐ സി യിൽ നടത്തുന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രാജ്യാന്തരനിലവാരത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനാനുഭവവും സൈറ്റുകളിലുള്ള പ്രവൃത്തിപരിചയവും ഈ കോഴ്സുകൾ പഠിക്കുന്നവർക്കു നല്കുന്നുമുണ്ട്.

സൊസൈറ്റി ഇതുവരെ 577 പാലങ്ങളും 71,500 കിലോമീറ്റർ റോഡും 2,400 കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. 7,500 പ്രോജക്ടുകളും 683 പ്രോജക്ടുകളും പൂർത്തീകരിച്ചു. 72 ഐടി കമ്പനികളിലായി രണ്ടായിരത്തിലധികം ജീവനക്കാർ യു എൽ സൈബർപാർക്കിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13,000 തൊഴിലാളികൾക്ക് നേരിട്ടും അല്ലാതെയും യുഎൽസിസിഎസ് തൊഴിൽ നൽകി. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ യുഎൽസിസിഎസിന്റെ കരാർ മൂല്യം പ്രതിവർഷം 20–30 ശതമാനം എന്ന തോതിൽ വളർന്നതായി ചെയർമാൻ പാലേരി രമേശൻ വ്യക്തമാക്കുന്നു.

ജാതിവ്യവസ്ഥയുടെ അരാജകത്വത്തിനെതിരായ ജനകീയ പ്രസ്ഥാനമായി കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഊരാളുങ്കലിൽ 1925 ലാണ് പ്രശസ്ത സാമൂഹ്യ പരിഷ്കർത്താവായ ഗുരു വാഗ്ഭടാനന്ദൻ യുഎൽസിസിഎസ് സ്ഥാപിച്ചത്. അന്ധവിശ്വാസങ്ങൾക്കും അനീതികൾക്കുമെതിരായ സാമൂഹിക പോരാട്ടത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾ പ്രസ്ഥാനത്തിൽ ചേരുകയായിരുന്നു. ഇങ്ങനെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് നേരിട്ട് തൊഴിൽ നൽകിക്കൊണ്ട് ഏറ്റവും വലിയ തൊഴിൽ കരാർ സമൂഹമായി സൊസൈറ്റി വളരുകയായിരുന്നു. സൊസൈറ്റിക്ക് കീഴിൽ ഇന്ന് ക്രഷർ യൂണിറ്റുകളും ജൈവകൃഷിയും കന്നുകാലി വളർത്തലുമെല്ലാം നടത്തിവരുന്നുണ്ട്.

Eng­lish sum­ma­ry; Thou­sands of new jobs were cre­at­ed dur­ing the covid peri­od

You may also like this video;