ആലപ്പുഴ: ഏപ്രില്‍ 2 മുതല്‍ 5 വരെ ആലപ്പുഴയില്‍ നടക്കുന്ന എഐടിയുസി ശതാബ്ദി ദേശിയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആയിരത്തോളം സംഘാടക സമിതികള്‍ രൂപീകരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ പി രാജേന്ദ്രനും വര്‍ക്കിംഗ് ചെയര്മാന് ടി ജെ ആഞ്ചലോസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളിലും സംഘാടക സമിതികള്‍ രൂപീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ 20 സെമിനാറുകള്‍ സംഘടിപ്പിക്കും. ആദ്യ സെമിനാര്‍ എഐടിയുസി നേതാവ് പി ബാലചന്ദ്രമേനോന് ദിനത്തിന്റെ ഭാഗമായി 14ന് പാലക്കാട് നടക്കും. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും സാമ്പത്തിക തകര്‍ച്ചയുമാണ് സെമിനാറിന്റെ വിഷയം.
കെ സുബ്ബരായന്‍ എം പി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തും. ആര് സുഗതന് ദിനമായ ഫെബ്രുവരി 14 മുതല്‍ 21 വരെ സംസ്ഥാനത്ത് ഉടനീളം ഇതിന്റെ ഭാഗമായി രക്തദാനം സംഘടിപ്പിക്കും. മാലിന്യ നിര്‍മാര്‍ജനം, ശുചിത്വ പരിപാടികള്‍, പരിസ്ഥിതി സംരക്ഷണം, വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയ വ്യത്യസ്തമായ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തിന് ആവശ്യമായ ഫണ്ട് ഹുണ്ടിക കളക്ഷനിലൂടെ തൊഴിലാളികളില്‍ നിന്നാണ് സമാഹരിക്കുന്നത്. ഒരു തൊഴിലാളി ഒരുദിവസത്തെ വേതനമാണ് സമ്മേളന ചിലവിനായി നല്‍കുക.
you may also like this video
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ മിനിമം കൂലിയായ 600 രൂപ തൊഴിലാളികള്‍ക്ക് നല്‍കുന്നത് ഉറപ്പാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. ചില സ്വകാര്യ സ്ഥാപന ഉടമകള്‍ ഇതിന്റെ പേരിലാണ് അര്‍ഹമായ കൂലി നല്‍കാത്തത്. ഈ വിഷയം പരിഹരിക്കുവാന്‍ തൊഴില്‍ വകുപ്പ് കാര്യമായി ഇടപെടണം. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് മിനിമം കൂലി ലഭിക്കാത്തത് മൂലം ദുരിതത്തിലാകുന്നതെന്നും അവര്‍ പറഞ്ഞു. എഐടിയുസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ശിവരാജന്, സെക്രട്ടറി വി മോഹന്‍ദാസ്, ദേശിയ കൗണ്‍സില്‍ അംഗം പി വി സത്യനേശന്, സംസ്ഥാന സെക്രട്ടറി ആര് പ്രസാദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.