കശ്മീരികള്‍ക്കു പിന്തുണയുമായി പഞ്ചാബില്‍ ആയിരങ്ങള്‍ തെരുവില്‍

Web Desk
Posted on September 16, 2019, 10:13 pm

ചണ്ഡീഗഢ്: കശ്മീരികള്‍ക്കു പിന്തുണയുമായി പഞ്ചാബില്‍ ആയിരങ്ങള്‍ തെരുവില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലങ്ങള്‍ കത്തിച്ചു. എന്നാല്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുകയാണ്. ഇതിനോടകം സ്ത്രീകളടക്കം മുപ്പതോളം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു. കര്‍ഷകരും വിദ്യാര്‍ഥി യൂണിയനുകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

പഞ്ചാബ് വിദ്യാര്‍ഥി യൂണിയന്‍, നൗജവാന്‍ സഭ, കിസാന്‍ സംഘര്‍ഷ് കമ്മിറ്റി, പെണ്ഡു മസ്ദൂര്‍ യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ അടങ്ങിയ ‘സോളിഡാരിറ്റി കമ്മിറ്റി ഫോര്‍ കശ്മീരി നാഷണല്‍ സ്ട്രഗിളി‘ന്റെ നേതൃത്വത്തിലാണു പ്രതിഷേധം നടക്കുന്നത്. കശ്മീരിനു പ്രത്യേക പദവി വീണ്ടും നല്‍കണമെന്നാവശ്യപ്പെടുന്ന നിവേദനം ഇവര്‍ ഗവര്‍ണര്‍ വി പി സിങ് ബദ്‌നോറിസു സമര്‍പ്പിച്ചിട്ടുണ്ട്. കശ്മീരില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

തലസ്ഥാനമായ മൊഹാലിയിലേക്കു നടത്തിയ പ്രതിഷേധത്തെ പൊലീസ് തടഞ്ഞതോടെ, തടഞ്ഞ ഇടങ്ങളില്‍ ധര്‍ണ നടത്തുകയായിരുന്നു പ്രതിഷേധക്കാര്‍. ദക്ഷിണ പഞ്ചാബിലെ ബട്ടിന്‍ഡ, മാന്‍സ, ഫരീദ്‌കോട്ട്, മുക്ത്‌സര്‍, ഫിറോസ്പുര്‍, ബര്‍നാല ജില്ലകളിലാണ് പ്രതിഷേധം നടന്നത്.  കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നും പാര്‍ലമെന്ററി ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്നും ഗാന്ധിയന്‍ ഹിമാന്‍ഷു കുമാര്‍ ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ആക്രമണമാണ് ഇതുവരെ സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടങ്ങളെയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി നിയോഗിച്ചിരിക്കുന്നത്. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയ്ക്കു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കെതിരെ വന്നിട്ടുള്ള ഒരു പൊതുതാത്പര്യ ഹര്‍ജിയിലും കോടതി അന്നാണു വാദം കേള്‍ക്കുക.