ആലുവയില്‍ ട്രയിനിന്‍റെ ചങ്ങല വലിച്ച് ഇറങ്ങിയോടിയത് ആയിരത്തോളം പേര്‍

Web Desk
Posted on September 03, 2019, 3:17 pm

ആലുവ: പശ്ചിമ ബംഗാളിലെ ഷാലിമാറില്‍നിന്ന് എറണാകുളത്തേക്കുള്ള ‘അന്ത്യോദയ എക്‌സ്പ്രസ്’ ആലുവയില്‍ എത്തിയപ്പോള്‍ ചങ്ങല വലിച്ചു നിര്‍ത്തി ഇറങ്ങിയത് ആയിരത്തോളം പേര്‍. ട്രയിനിലെ മൂന്ന് കമ്പാര്‍ട്ടുകളില്‍ നിന്ന്
ഒരേസമയമാണ് ചങ്ങല വലിച്ചത്. നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ആലുവ സ്‌റ്റേഷനില്‍ ഇറങ്ങിയതോടെ, ചങ്ങല അനാവശ്യമായി വലിച്ച കുറ്റത്തിന് ആര്‍ക്കെതിരെ കേസെടുക്കണമെന്ന സംശയത്തിലായി റെയില്‍വേ അധികൃതര്‍. ഒടുവില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ സാഹിബുദ്ദീനെതിരെ റെയില്‍വേ ആക്ട് 141 പ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. ഇയ്യാള്‍ക്ക് ബോധവത്കരണവും നല്‍കി.

പശ്ചിമ ബംഗാളില്‍നിന്നുള്ള തൊഴിലാളികളാണ് ആഴ്ചയിലൊരിക്കല്‍ മാത്രമുള്ള ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് 20 മിനിറ്റോളം ആലുവയില്‍ കിടന്നു. ഇതിനു മുമ്പ് പലവട്ടം യാത്രക്കാര്‍ ആലുവയില്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വേ പോലീസ് എസ്‌ഐ പ്രിന്‍സിന്റെ നേതൃത്വത്തില്‍ പ്ലാറ്റ്‌ഫോമില്‍ ജാഗ്രത പാലിച്ചിരുന്നു.എന്നാല്‍ ചങ്ങല വലിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പും ഈ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങിയിട്ടുണ്ട്. മുഴുവന്‍ അന്യ സ്ംസ്ഥാന തൊഴിലാളികളും ആലുവയിലിറങ്ങേണ്ട അന്ത്യോദയ എക്‌സ്പ്രസിന് ആലുവയില്‍ സ്‌റ്റോപ്പനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അക്കാര്യം റെയില്‍വേ പരിഗണിച്ചിട്ടേയില്ല.