തണല്‍മരങ്ങള്‍ വെട്ടിവീഴ്ത്തി: പക്ഷികള്‍ക്ക് കൂട്ടക്കുരുതി 

Web Desk
Posted on September 09, 2018, 7:10 pm
മരം മുറിച്ചതോടെ ജീവന്‍ നഷ്ടപ്പെട്ട പക്ഷികള്‍

പൊന്നാനി: തണല്‍മരങ്ങള്‍ വെട്ടിവീഴ്ത്തിയപ്പോള്‍ നീര്‍പ്പക്ഷികള്‍ കൂട്ടത്തോടെ നിലത്തുവീണു ചത്തു. ചങ്ങരംകുളം ടൗണില്‍ ആലങ്കോട് വില്ലേജ് ഓഫിസ് കെട്ടിടത്തിലെ യാത്രക്കാര്‍ക്ക് തണലേകുന്ന മരമാണ് മുറിച്ചത്. പാതിരാക്കൊക്ക്, ചേരക്കോഴി, നീര്‍ക്കാക്ക വിഭാഗങ്ങളില്‍പ്പെട്ട അമ്പതോളം പക്ഷികള്‍ ചത്തു. നിലത്തുനിന്ന് പറക്കാന്‍ ശ്രമിച്ച പക്ഷികള്‍ വാഹനം കയറി ചതഞ്ഞരഞ്ഞു. വില്ലേജ് ഓഫിസ് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് മരങ്ങള്‍ വെട്ടിയത്. വലിയൊരു പാലമരത്തിന്റെ ശിഖരങ്ങളും സമീപത്തെ ഒരു മരവുമാണ് വെട്ടിയത്. ഇവയില്‍ വന്‍തോതില്‍ പക്ഷികള്‍ ചേക്കേറിയിരുന്നു.

പക്ഷികളുടെ കാഷ്ടം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ന്യായം നിരത്തിയാണ് അധികൃതര്‍ മരം മുറിച്ചത്. വിവരം പുറത്തറിയാതിരുന്നതുകൊണ്ട് ആരും പ്രതിഷേധവുമായി ഇറങ്ങിയില്ല. മരം വെട്ടി പക്ഷികളുടെ വാസസ്ഥലം ഇല്ലാതാക്കിയതിനെതിരേ പ്രകൃതിസ്‌നേഹികളും പക്ഷി പ്രേമികളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. റോഡില്‍ വണ്ടികയറി അരഞ്ഞനിലയിലായിരുന്നു പല പക്ഷികളും. ജീവനുള്ള കുറെ പക്ഷികളെ ചാക്കിലാക്കി വച്ചിട്ടുണ്ടായിരുന്നു. കൊന്നുതിന്നുന്നതിനായിരുന്നു ഇതെന്ന് പറയുന്നു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരം മുറിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വലിയ പാലമരവും അതിലെ പക്ഷികളുമാണ് ഇല്ലാതായത്. ജീവനോടെ അവശേഷിച്ച ഒമ്പതോളം പക്ഷികളെ പ്രകൃതി സ്‌നേഹിയായ അഷറഫ് പന്താവൂര്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയി സംരക്ഷണം നല്‍കി.