മൂന്നുഎഎപി കൗണ്‍സിലര്‍മാര്‍ കൂറുമാറിയതോടെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി . അനിത ബസോയ,നിഖില്‍ ചപ്രാണ, ധരംവീര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. തലസ്ഥാനത്ത് ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഭരണമുണ്ടാകുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ പറഞ്ഞു. കൂടുതൽപ്പേർ എഎപി വിട്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂറുമാറി മൂന്നുപേർ കൂടി എത്തിയതോടെ 250 അംഗ കോർപ്പറേഷനിൽ ബിജെപിയുടെ അംഗബലം 116 ആയി ഉയർന്നു.
എഎപിക്ക് 114 ഉം കോൺഗ്രസിന് എട്ടും സീറ്റുകളാണുള്ളത്. കോർപ്പറേഷനിൽ കൂറുമാറ്റനിയമം ബാധകമല്ലാത്തതിനാൽ ബിജെപിയിൽ ചേർന്നവർക്കെതിരേ അയോഗ്യതാ നടപടികളുണ്ടാവില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍പദവി ലക്ഷ്യമിട്ടാണ് ബിജെപി നീക്കം നടത്തുന്നത്. നിലവിൽ എഎപി.യുടെ മേയറാണുള്ളത്. ഏപ്രിലില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ എംസിഡി പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതുകൂടാതെ, എഎപി. കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കുവോട്ടുചെയ്യുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. പുതിയ സര്‍ക്കാരിന് കീഴില്‍ തങ്ങളുടെ വാര്‍ഡിന് വികസനം ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് വോട്ടുചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷ.
എഎപിയുടെ മൂന്ന് കൗണ്‍സിലര്‍മാരും ബിജെപിയുടെ എട്ടംഗങ്ങളും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മറ്റൊരംഗമായ കമൽജീത് സെഹ് രാവത് എംപിയാവുകയും ചെയ്തു. ഇതോടെ 12 ഒഴിവുകളാണ് നിലവിൽ എംസിഡിയിൽ ഉള്ളത്. ഒഴിവുകളുണ്ടെങ്കിലും മേയർ തിരഞ്ഞെടുപ്പിനെ അത് ബാധിക്കില്ല. നിലവിലെ അംഗബലം വെച്ച് ബിജെപിക്ക് ഭരണം പിടിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റ് നേടിയതോടെ ബിജെപിക്ക് 10 പ്രതിനിധികളെ എംസിഡിയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ കഴിയും. എഎപിക്ക് നാലംഗങ്ങളെ മാത്രമേ നാമനിര്‍ദേശം ചെയ്യാന്‍ കഴിയുകയുള്ളൂ. നാമനിര്‍ദേശം ചെയ്യുന്ന ആകെ അംഗങ്ങളുടെ എണ്ണം 14 ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.