അന്‍സില്‍ വധം: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

Web Desk

ഇരിങ്ങാലക്കുട

Posted on February 06, 2020, 10:53 pm

എഐവൈഎഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന വാടാനപ്പിള്ളി ഏറച്ചംവീട്ടില്‍ ഹംസ മകന്‍ അന്‍സിലിനെ (26) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എസ് രാജീവ് വിധിച്ചു. ഒന്നാം പ്രതി അരുണ്‍ സ്‌പൈഡര്‍ (29), രണ്ടാം പ്രതി നിഖില്‍ (29), നാലാം പ്രതി പ്രണവ് പെടലി (23) എന്നിവരെയാണ് കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കുറ്റക്കാരായി കണ്ടെത്തിയത്.

കൊല്ലപ്പെട്ട അൻസിൽ

2014 നവംബര്‍ 18 ന് വൈകീട്ട് തൃപ്രയാര്‍ ഏകാദശി കണ്ടു മടങ്ങുകയായിരുന്ന അന്‍സിലിനെയും കൂട്ടുകാരന്‍ ഹസൈനെയും കഞ്ചാവിനും, മയക്കുമരുന്നിനും അടിമകളായ ക്രിമിനല്‍ സംഘം തടഞ്ഞു നിര്‍ത്തി വടിവാളും, ഇരുമ്പുവടി, ഇരുമ്പു പൈപ്പ്, കരിമ്പ്, കൊന്നപ്പത്തല്‍ എന്നിവ കൊണ്ട് മാരകമായി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സില്‍ ഒളരി മദര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2014 നവംമ്പര്‍ 20ന് മരിച്ചു. കൂടെയുണ്ടായിരുന്ന പുതുവീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ ഹസൈനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
നേരത്തെ തൃപ്രയാര്‍ പോളിടെക്‌നിക് ഹോസ്റ്റലില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അക്രമം അരങ്ങേറിയത്. തീരദേശത്തെ സ്ഥിരം കുറ്റവാളികളും ക്രിമിനലുകളുമാണ് അന്‍സിലിനെ ആക്രമിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതികളെ കുറ്റക്കാരെ കണ്ടത്. കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷയുടെ വാദം 12 ന് നടക്കും.
വലപ്പാട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ ജി ആന്റണി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ പീറ്റര്‍, വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 40 സാക്ഷികളെ വിസ്തരിക്കുകയും 58 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, വി എസ് ദിനല്‍ എന്നിവര്‍ ഹാജരായി.

Eng­lish Sum­ma­ry: Three accused guilty of mur­der­ing AIYF unit sec­re­tary