Friday
23 Aug 2019

യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

By: Web Desk | Friday 19 July 2019 8:49 PM IST


നെടുങ്കണ്ടം: കൈലാസനാട് അശോകവനം ഭാഗത്ത് യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രദേശവാസികളായ മൂന്ന് യുവാക്കളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മകനെ മര്‍ദ്ധിച്ച് കൊലപ്പെടുത്തിയതാണെന്നുള്ള അമ്മ തങ്കമയുടെ പരാതിമേലാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. 2018 ഡിസംബര്‍ 22നാണ് ഉടുമ്പന്‍ചോലയ്ക്ക് സമീപം കൈലാസനാട് അശോകവനം അറപ്പുരക്കുഴിയില്‍ വിഷ്ണു(20)വിനെ സമീപത്തെ ഞാവല്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാരിത്തോട് വെട്ടികുഴിച്ചാലില്‍ ജോബിന്‍ (25), കരിമ്പിന്‍മാവില്‍ അനന്തു (23), വെട്ടികുഴിച്ചാലില്‍ ജസ്റ്റിന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. പോസ്റ്റുമോര്‍ട്ടത്തില്‍ വിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. വിഷ്ണു മരിക്കുന്നതിനു മണിക്കുറുകള്‍ക്കു മുന്‍പ് വിഷ്ണുവും പ്രദേശവാസികളായ ചില യുവാക്കളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇവര്‍ വിഷ്ണുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടി തൂക്കിയെന്നായിരുന്നുവെന്നും സംഭവത്തിനു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിച്ചതായും, ഉന്നത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നു കേസ് ശാന്തന്‍പാറ പോലീസ് അട്ടിമറിച്ച് തെളിവ് നശിപ്പിച്ചെന്നുമായിരുന്നു തങ്കമ്മയുടെ ആരോപണം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജില്ലാ പോലീസ് മേധാവിക്ക് കഴിഞ്ഞ മാര്‍ച്ച് എട്ടിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

വിഷ്ണു ആത്മഹത്യ ചെയ്തതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍. കേസില്‍ പ്രതികള്‍ക്കെതിരെ മര്‍ദനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശാന്തന്‍പാറ പോലീസ് സ്‌റ്റേഷന്‍ സ്എച്ച്ഒ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് തങ്കമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇതില്‍ മൂന്ന് യുവാക്കളെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.ഐ. അറിയിച്ചു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Related News