നഗരത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് ബൈക്ക് യാത്രക്കാര്‍ മരിച്ചു

Web Desk
Posted on October 26, 2019, 9:49 pm

കോഴിക്കോട്: നഗരത്തില്‍ വ്യത്യസ്തയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് ബൈക്ക് യാത്രക്കാര്‍ മരിച്ചു. എരഞ്ഞിപ്പാലം സുവര്‍ണ്ണ ഹൗസില്‍ കൃഷ്ണകുമാര്‍ (47), നിലമ്പൂര്‍ പൂക്കോട്ടുപാടം പാടക്കരിമ്പ് കണ്ണന്‍കുറവന്‍ അബ്ദുല്‍ മാജിദ് (20), മണിപ്പൂര്‍ സ്വദേശി തൈക്കുള (31) എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാവ് കെ എസ് ആര്‍ ടി സി റീജ്യണല്‍ വര്‍ക്ക്ഷോപ്പിന് സമീപം പി എം കുട്ടി റോഡ് ജംഗ്ഷനില്‍ വെച്ചുണ്ടായ അപകടത്തിലാണ് കൃഷ്ണകുമാര്‍ ദാരുണമായി മരിച്ചത്. ഓട്ടോയില്‍ ബൈക്ക് ഇടിച്ചതിനെത്തുടര്‍ന്ന് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ ദേഹത്ത് അതേ ദിശയില്‍ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. പ്ലാസ ഗ്രൂപ്പ് (ടൈമക്സ്) മാനേജറായിരുന്നു. ഭാര്യ: ഭവ്യ. പിതാവ്: പരേതനായ ചോയി. മാതാവ്: സുവര്‍ണ്ണ കുമാരി, ഏക മകന്‍ വിദാല്‍ ( പാറോപ്പടിസില്‍വര്‍ ഹില്‍സ് സ്കൂള്‍ നാലാം തരം വിദ്യാര്‍ത്ഥി). സഹോദരന്‍: വിനോദ് കുമാര്‍.

കൃഷ്ണകുമാര്‍

പുലര്‍ച്ചെ ഇരിങ്ങാടന്‍പള്ളി ബൈപ്പാസ് ജംഗ്ഷനില്‍ കനത്ത മഴയില്‍ മിനിലോറിയുമായി കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ അബ്ദുല്‍ മാജിദ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിലമ്പൂര്‍ പാട്ടക്കരിമ്പ് കരുവക്കോട് ഷഹീന്‍ഷാന്‍(21)നെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന മാജിദ് കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായാണ് കോഴിക്കോട്ടെത്തിയിരുന്നത്. ശേഷം സുഹൃത്തിന്റെ റൂമിലെത്തി മടങ്ങുന്നതിനിടക്കാണ് അപകടം. കോമുക്കുട്ടിയുടേയും മമ്മീര്യയുടേയും മകനാണ്. സഹോദരങ്ങള്‍: ഹത്തീഖുര്‍റഹ്മാന്‍, അബ്ദുല്‍ സലാം, മുഹമ്മദ് ബഷീര്‍, ആരിഫ, സഹ്ല, ബൂശ്റ.
നഗരത്തില്‍ തൊണ്ടയാട് ജംഗ്ഷന്‍രാമനാട്ടുകര റോഡില്‍ ഹൈലൈറ്റ് മാളിനടുത്ത് വൈകുന്നേരം 5.45ഓടെയുണ്ടായ അപകടത്തിലാണ് മണിപ്പൂര്‍ സ്വദേശിനി മരിച്ചത്. ഭര്‍ത്താവ് ഷിന്റോയ്ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കെ എസ് ആര്‍ ടി സി ബസിടിച്ചാണ് ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന തൈക്കുള മരിച്ചത്. പൊറ്റമ്മലിലെ ഒരു കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലിക്കാരാണ് ഇരുവരും.