സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ മൂന്ന് ഇന്ത്യക്കാർക്കെതിരെ യുഎഇയില്‍ നടപടി. കമ്പനികള്‍ ഒരാളെ ജോലിയില്‍നിന്ന് പുറത്താക്കുകയും രണ്ടുപേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.
ഷെഫായി ജോലി ചെയ്യുന്ന രോഹിത് റാവത്ത്, സ്റ്റോര്‍ കീപ്പര്‍ സച്ചിന്‍ കിന്നിഗോലി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
വിഷാല്‍ താക്കൂര്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ നിരവധി വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ഇന്ത്യക്കാരനെ ദുബായ് ആസ്ഥാനമായ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ് പിരിച്ചുവിടുകയും പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായിലെ ഇറ്റാലിയന്‍ റസ്റ്റോറന്റ് ശൃംഖലയായ ഈറ്റാലിയിലാണ് രോഹിത് ജോലി ചെയ്തിരുന്നത്.
ഇയാളെ സസ്പെന്റ് ചെയ്ത കാര്യം റസ്റ്റോറന്റ് നടത്തിപ്പുകാരായ അസാദിയ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ അന്വേഷണം നടന്നുവരുന്നതായും കമ്പനി അറിയിച്ചു. സ്റ്റോര്‍ കീപ്പര്‍ സച്ചിന്‍ കിന്നിഗോലിയെ മറ്റൊരു അറിയിപ്പ് വരെ സസ്പെന്റ് ചെയ്തതായി ഷാര്‍ജയിലെ ന്യൂമിക്സ് ഓട്ടോമേഷന്‍ കമ്പനി അറിയിച്ചു.
മതവിദ്വേഷ പ്രചാരണം നടത്തിയതിന് നേരത്തെ ആറ് ഇന്ത്യാക്കാരെയെങ്കിലും യുഎഇയിലെ കമ്പനികള്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. 2015 ല്‍ പാസാക്കിയ നിയമപ്രകാരം യുഎഇയില്‍ മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ വിദ്വേഷം പാടില്ല. ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും മുന്‍ അംബാസഡര്‍ നവദീപ് സൂരിയും വിദ്വേഷ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യക്കാരോട് പലതവണ ആവശ്യപ്പെടുകയും ചെയ്കിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.