18 April 2024, Thursday

ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു

Janayugom Webdesk
കോഴിക്കോട്
April 24, 2022 10:34 pm

യെമനിൽ ഹൂതി വിമതർ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖിൽ, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്. സൗദി-ഹൂതി തർക്കത്തിനിടെയാണ് മൂന്ന് മലയാളികൾ അടക്കമുള്ള 11 കപ്പൽ ജീവനക്കാരെ ബന്ദികളാക്കിയത്. ജനുവരി രണ്ടിന് ഇവർ സഞ്ചരിച്ച യുഎഇ ചരക്കു കപ്പൽ അൽഹുദയിൽ നിന്നും ഭീകരർ പിടിച്ചെടുക്കുകയായിരുന്നു. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മൂന്ന് പേരെയും വിട്ടയച്ചത്.

കേരളത്തിലുള്ള ബന്ധുക്കളുമായി ഇവര്‍ സംസാരിച്ചു. ഏഴ് ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. സമുദ്രാതിർത്തി ലംഘിച്ചുവെന്ന പേരിലാണ് കപ്പൽ പിടിച്ചെടുത്തത്. ഇന്ത്യൻ മഹാസമുദ്രത്തിലെ യെമനിലെ സോകോത്ര ദ്വീപിൽ നിന്ന് സൗദിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജസാനിലേക്ക് ആശുപത്രി സാമഗ്രികളുമായി പോവുകയായിരുന്നു കപ്പൽ.

ദിപാഷിന്റെ മോചനത്തിന് ഇന്ത്യൻ എംബസി ഇടപെടുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. റമദാൻ മാസം തീരുന്ന മുറയ്ക്ക് യുദ്ധം ശക്തിപ്പെടാനുളള സാഹചര്യം കണക്കിലെടുത്ത് ദിപാഷ് ജോലി ചെയ്യുന്ന ഖാലിദ് ഫറാജ് ഷിപ്പിങ് കമ്പനി മുൻകൈയെടുത്താണ് മുഴുവൻ പേരുടെയും മോചനത്തിന് വഴിതുറന്നതെന്ന് ദിപാഷിന്റെ അച്ഛൻ കേളപ്പൻ പറഞ്ഞു. മേപ്പയ്യൂർ സ്വദേശിയാണ് ദിപാഷ്.

Eng­lish summary;Three Ker­alites released by Houthi rebels

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.