September 29, 2022 Thursday

സുപ്രീംകോടതി വിധിയെ വിമർശിച്ച മൂന്ന് അഭിഭാഷകര്‍ക്ക് ജയില്‍ ശിക്ഷ

Janayugom Webdesk
ന്യൂഡൽഹി
May 6, 2020 9:39 pm

സുപ്രീംകോടതി വിധിയെ വിമർശിച്ച മൂന്ന് അഭിഭാഷകര്‍ക്ക് കോടതിയലക്ഷ്യക്കേസിൽ മൂന്നുമാസം ജയില്‍ ശിക്ഷ. ഇന്ത്യൻ ബാർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് നിലേഷ് ഓജ, മഹാരാഷ്ട്ര ആന്റ് ഗോവ സംസ്ഥാന പ്രസിഡന്റ് വിജയ് കുര്‍ള, ഹ്യൂമൻ റൈറ്റ്സ് സെക്യൂരിറ്റി കൗൺസിൽ ദേശീയ സെക്രട്ടറി റാഷിദ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് സുപ്രീംകോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. കോടതി അലക്ഷ്യക്കേസിലെ വിധിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പേരിലാണ് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും 2,000 രൂപ വീതം പിഴയും ഇവർക്കെതിരേ കോടതി വിധിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

കോടതി അലക്ഷ്യക്കേസിൽ അഭിഭാഷകനായ മാത്യു നെടുമ്പാറക്കെതിരെ ജസ്റ്റിസുമാരായ ആർ എഫ് നരിമാനും വിനീത് ശരണും അംഗങ്ങളായ ബെഞ്ച് നടപടിയെടുത്തതിനെതിരെയാണ് അഭിഭാഷകര്‍ വിമർശനം ഉന്നയിച്ചത്. ഇതിനെതിരേ കോടതി അലക്ഷ്യ നടപടികൾക്ക് സുപ്രീംകോടതി തുടക്കമിട്ടിരുന്നു. എന്നാല്‍ നടപടിയില്‍ ഇവര്‍ പങ്കെടുക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്തിരുന്നില്ല. ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ച അപകീര്‍ത്തികരമായ ആരോപണങ്ങളില്‍ നടപടി നേരിടുമ്പോള്‍ മറ്റുള്ളവര്‍ പ്രകടിപ്പിക്കുന്ന ക്ഷമാപണമോ പശ്ചാത്താപമോ ഇവരുടെ ഭാഗത്തു നിന്നുണ്ടാവാത്തതിനാല്‍ അവരെ നിഷ്പ്രയാസം വിടാന്‍ കഴിയില്ലെന്ന് കരുതുന്നുവെന്നായിരുന്നു വിധി പ്രഖ്യാപിച്ചുകൊണ്ട് കോടതിയുടെ നിരീക്ഷണം.

കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് ദീപക് ഗുപ്ത ഇന്നലെ വിരമിക്കേണ്ടതിനാല്‍ കേസ് കഴിഞ്ഞദിവസം പരിഗണിക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം തടവു ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് വിധിയിൽ പറയുന്നു. ഇതിനായി 16 ആഴ്ച സാവകാശം നൽകിയിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാമെന്നും വിധിന്യായം വ്യക്തമാക്കുന്നുണ്ട്.

Eng­lish Sum­ma­ry:  Three lawyers jailed for con­tempt of Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.