27 March 2024, Wednesday

Related news

March 27, 2024
March 25, 2024
March 20, 2024
March 7, 2024
March 2, 2024
February 6, 2024
February 3, 2024
January 27, 2024
January 27, 2024
January 26, 2024

കെടിയു വിസി നിയമനത്തിന് മൂന്നംഗ പട്ടിക

Janayugom Webdesk
തിരുവനന്തപുരം
February 21, 2023 11:14 pm

എപിജെ അബ്ദുൾ കലാം ശാസ്ത്ര, സാങ്കേതിക സർവകലാശാല വൈസ്‌ ചാൻസലറെ തെരഞ്ഞെടുക്കുന്നതിനുള്ള പാനൽ, ചാൻസലറായ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് മൂന്നുപേരുടെ പട്ടിക ഗവർണർക്ക്‌ കൈമാറിയത്‌. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി പി ബൈജു ബായ്‌, സ്‌റ്റേറ്റ്‌ പ്രൊജക്ട്‌ ഫെസിലിറ്റേഷൻ യൂണിറ്റ്‌ (എസ്‌പിഎഫ്‌യു) ഡയറക്ടറും സാങ്കേതിക സർവകലാശാല മുൻ ഡീനുമായിരുന്ന ഡോ. വൃന്ദ വി നായർ, കോട്ടയം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി പ്രിൻസിപ്പൽ ഡോ. സി സതീഷ്‌ കുമാർ എന്നിവരുടെ പേരുകളാണ്‌ പാനലിലുള്ളത്‌. പാനൽ പരിശോധിച്ച്‌ ചാൻസലർ തീരുമാനം അറിയിക്കും. വിഷയത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയേക്കുമെന്നും സൂചനകളുണ്ട്. 

കെടിയു ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ ചട്ടവിരുദ്ധമായാണ്‌ നിയമിച്ചതെന്ന്‌ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വിധി പഠിച്ചശേഷമാണ്‌ സർക്കാർ തുടർ നടപടികളിലേക്ക് കടന്നത്. സർവകലാശാലയ്ക്ക് കീഴിൽ 10 വർഷത്തെ പ്രൊഫസർഷിപ്പോ അതിനുതുല്യമായ ​പദവിയിൽ ​ഗവേഷണമേഖലയിലോ അക്കാദമിക് അഡ്മിനസ്ട്രേറ്റീവ് ഓർ​ഗനൈസേഷനിലോ 10 വർഷത്തെ പരിചയമാണ് യുജിസി വിസിമാർക്ക്‌ നിർദേശിക്കുന്ന യോഗ്യത. ഇതനുസരിച്ചാണ്‌ സർക്കാർ പാനലിന്‌ രൂപം നൽകിയത്‌. 

കെടിയു വിസി ആരെന്ന്‌ നിർദേശിക്കേണ്ടത്‌ സർക്കാരാണെന്നും സർക്കാർ നൽകുന്ന പട്ടികയിൽനിന്നു മാത്രമേ വിസിമാരെ നിയമിക്കാവൂവെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ഉത്തരവിട്ടിരുന്നു. നിയമം നിഷ്കർഷിക്കുന്ന രീതി മറികടന്ന് ചാൻസലർക്ക് സർവകലാശാല തലപ്പത്ത് നിയമനം നടത്താനാകില്ല. സർവകലാശാല നിയമത്തിന്റെ 13 (7) വകുപ്പ് പാലിച്ച് മാത്രമേ നിയമനം സാധ്യമാകൂ. അതിനാൽ, സർക്കാരിനെ മറികടന്ന് സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർക്കാകില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിയമനം ചട്ടവിരുദ്ധമാണെന്നും വിസി നിയമനത്തിനുള്ള അധികാരം സർക്കാരിനാണെന്നുമുള്ള ഹൈക്കോടതി വിധി വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനമൊഴിയാൻ സിസ തോമസ് തയ്യാറായിട്ടില്ല. 

Eng­lish Summary;Three-member list for KTU VC appointment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.