ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട നിലയിൽ

Web Desk
Posted on October 10, 2019, 6:01 pm

കൊല്‍ക്കത്ത: ഒരു കുടുംബത്തിലെ മൂന്നുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  മുര്‍ഷിദാബാദ് ജില്ലയിലെ ജിയാഗഞ്ചിലാണ് സംഭവം 35കാരനായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ പ്രകാശ് പാല്‍, ഭാര്യ ബ്യൂട്ടി പാല്‍ ( 28) മകന്‍ അംഗന്‍ പാല്‍(8) എന്നിവരെയാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരിച്ച ബ്യൂട്ടി പാല്‍ ഗർഭിണിയാണ്.  ജിയാഗഞ്ചിലെ വസതിയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മൂന്ന് പേരുടെയും ശരീരത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുട്ടിയെ തോര്‍ത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പ്രദേശവാസികള്‍ അവസാനമായി പ്രകാശ് പാലിനെ കണ്ടത്. ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു. പിന്നീട് ഒരു മണിക്കുറിനുള്ളില്‍ കൊലപാതകം നടക്കുകയായിരുന്നു. ഗോപാല്‍ പാലിന്റെയും മകന്റെയും മൃതദേഹം വീടിന്റെ കിടപ്പു മുറിയിലാണ് കണ്ടെത്തിയത്. ഭാര്യ ബ്യൂട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിലായിരുന്നു.

ചൊവ്വാഴ്ച ഏകദേശം 11.15ന് പ്രകാശ് പാലുമായി ബന്ധുക്കള്‍ ഫോണില്‍ സംസാരിച്ചിരുന്നു. സംസാരിക്കുന്നതിനിടയില്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. കൊലപാതകികള്‍ ഈ സമയം വീടിനുള്ളില്‍ എത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകികളെക്കുറിച്ചും കൊലയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.