Site iconSite icon Janayugom Online

രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് മൂന്നു മന്ത്രിമാര്‍ രാജിവച്ചു

രാജസ്ഥാനിലെ അശോക് ഗെഹ്ലോത് മന്ത്രിസഭയിലെ മൂന്ന് മുതിര്‍ന്ന മന്ത്രിമാര്‍ സ്ഥാനം രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് മന്ത്രിമാര്‍ രാജിവച്ചത്. മന്ത്രിസ്ഥാനം രാജിവയ്ക്കുന്നുവെന്നറിയിച്ച് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. റവന്യു മന്ത്രി ഹരീഷ് ചൗധരി,  ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് സ്ഥാനമൊഴിഞ്ഞതെന്ന് രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ അറിയിച്ചു.

രാജിവച്ച മൂന്ന് മന്ത്രിമാര്‍ക്കും പാര്‍ട്ടി ചുമതലകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. ദൊസ്താര നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. രഘു ശര്‍മയ്ക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റിന്റെ തുടര്‍ച്ചയായ സമ്മര്‍ദ‍ത്തിനൊടുവിലാണ്‌ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഗെഹ്ലോത് തയ്യാറായത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സച്ചിന്‍ സന്ദര്‍ശിച്ചിരുന്നു. ഗെഹ്ലോതിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റ് അനുഭാവികളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന നടത്താമെന്ന് സമ്മതിക്കുകയായിരുന്നു.

2023 തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സച്ചിന്‍ പറഞ്ഞത്. മന്ത്രിസഭാ പുനഃസംഘടനയില്‍ ഒരു നേതാവിന് ഒരു പദവി എന്ന തത്വം പാലിക്കാനാണ് തീരുമാനം. ഗെഹ്ലോത് മന്ത്രിസഭയില്‍ നിലവില്‍ ഒമ്പത് ഒഴിവുകളാണ് ഉള്ളത്. സച്ചിന്‍ പൈലറ്റ് അനുഭാവികളായ നാലോ അഞ്ചോ പേര്‍ പുനഃസംഘടനയില്‍ മന്ത്രിമാരായേക്കും.

eng­lish sum­ma­ry: Three min­is­ters have resigned from the Rajasthan cabinet

you may also like this video;

Exit mobile version