ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഗ്രാവൽ ബാങ്കിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആറ് വയസുള്ള ആൺകുട്ടിയുടെയും വൃദ്ധന്റെയും ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. 9 പേരെ ഇനിയും കൂടി കണ്ടെത്താനുണ്ട്.
പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയും ലായങ്ങൾ സ്ഥിതി ചെയ്തിരുന്നിടത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂർണമായും അവിടെ നിന്ന് മാറ്റിയുള്ള പരിശോധനയുമാണ് ഇപ്പോൾ നടന്നുവരുന്നത്. പ്രദേശവാസികളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അപകടത്തിൽപ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അപകടത്തിപ്പെട്ടവർക്ക് സർക്കാർ പുനരധിവാസം പ്രഖ്യാപിച്ചിട്ടുണ്ട്. സഹായധനം ഉടൻ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായത്. രാത്രി വെെകിയുണ്ടായ ഉരുൾപൊട്ടൽ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടം തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
English summary: Three more dead bodies found from pettymudi
You may also like this video: