സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഒല്ലൂർ കുരിയച്ചിറ മരത്തറയിൽ ഉണ്ണിക്കൃഷ്ണൻ (47), ചാവക്കാട് ഒരുമനയൂർ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ്‍ ഫൈസൽ (36), വെങ്ങിണിശേരി കാര്യാടൻ ഷിജു (35) എന്നിവരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. മനക്കൊടി മാമ്പുള്ളിൽ രാജേഷിനെ (50) കൊന്നകേസിലാണ് മൂന്ന് പേരും പിടിയിലായത്. കള്ളുകുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് 50 രൂപയെടുത്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9നാണ് പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിലാണ് രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
മരിക്കുന്നതിന് 2 ദിവസം മുൻപു ഇവരെല്ലാവരും ചേർന്നു കള്ളുഷാപ്പിലിരുന്നു മദ്യപിച്ചിരുന്നു. പടിഞ്ഞാറേക്കോട്ടയിലെ കള്ളുഷാപ്പിൽ മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽനിന്നു രാജേഷ് ബലംപ്രയോഗിച്ച് 50 രൂപ എടുത്തതിനെച്ചൊല്ലി തർക്കമുണ്ടായി. ഇനി പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനെ പ്രതികൾ താക്കീതു ചെയ്തു. എന്നാൽ, 3 ന് വൈകിട്ടു പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കോംപ്ലക്സിൽ എത്തിയ രാജേഷിനെ പ്രതികൾ നിലത്തിട്ടു ക്രൂരമായി ചവിട്ടി. കത്രിക കൊണ്ടു കുത്തുകയും ചെയ്തു. രാജേഷ് ബോധരഹിതനായതോടെ സംഘം മുങ്ങി. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. മൊബൈൽ ഫോണോ സ്ഥിരം മേൽവിലാസമോ ഇല്ലാതെ അലഞ്ഞുതിരിഞ്ഞ പ്രതികളെ മെഡിക്കൽ കോളജിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽനിന്നാണ് പിടിച്ചത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.