26 March 2024, Tuesday

യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്:
October 12, 2021 3:51 pm

ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രത്ത് ഉമ്മുകുൽസു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പകോവിലകത്ത് താജുദ്ദീൻ (34) ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. താജുദ്ദീനെ കൂടാതെ സുഹൃത്തുക്കളും മലപ്പുറം തിരൂർ ഇരിങ്ങാവൂർ സ്വദേശികളായ ആദിത്യൻ ബിജു (19), ജോയൽ ജോർജ് (19) എന്നിവരാണ് അറസ്റ്റിലായത്. കോട്ടക്കലിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന നിരവധി കേസുകളിൽ പ്രതിയായ താജുദ്ദീനെ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് കോട്ടക്കൽ പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി സി ഐ എം കെ സുരേഷ് കുമാർ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പൊലീസിന്റെ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

രണ്ട്, മൂന്ന് പ്രതികളായ ആദിത്യൻ ബിജു, ജോയൽ ജോർജ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. താജുദ്ദീന്റെ സുഹൃത്തുക്കളാണ് ആദിത്യൻ ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവം കാരണമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കടുത്ത സംശയ രോഗിയായ താജുദ്ദീൻ ഉമ്മുകുൽസുവിനെ അതി ക്രൂരമായ ശാരീരിക മർദനത്തിനിരയാക്കുമ്പോൾ രണ്ട്, മൂന്ന് പ്രതികൾ കൂടെയുണ്ടായിരുന്നു.

ഒരാഴ്ചയോളം സുഹൃത്ത് സിറാജുദ്ദീന്റെ വീര്യമ്പ്രത്തെ വാടകവീട്ടിലായിരുന്നു താജുദ്ദീനും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമ്മുകുൽസുവിനെയും മക്കളെയും കാറിൽ മലപ്പുറത്തേക്കു കൊണ്ടുപോയത്. ഉമ്മുകുൽസുവിന് രഹസ്യമായി മൊബൈൽ ഫോൺ ഉണ്ടെന്നുപറഞ്ഞ് താജുദ്ദീൻ മലപ്പുറത്തെ വാടകവീട്ടിലും കാറിലും വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഫോൺ കണ്ടെടുക്കാനെന്ന് പറഞ്ഞ് ഇയാൾ യുവതിയെയുംകൊണ്ട് വീര്യമ്പ്രത്തുനിന്ന് മലപ്പുറത്തേക്കും തിരിച്ചും പോകുമ്പോൾ കാറോടിച്ചത് രണ്ടാം പ്രതിയാണ്.

ഈ സമയത്താക്കെയും കാറിൽവെച്ച് താജുദ്ദീൻ യുവതിയെ മർദിച്ചിരുന്നതായും മറ്റുരണ്ടു പ്രതികൾ ഇതിന് സഹായം ചെയ്തതായും പൊലീസ് പറഞ്ഞു. വൈകിട്ടോടെ അവശനിലയിൽ യുവതിയെ സിറാജുദ്ദീന്റെ വീട്ടിലെത്തിച്ച് താജുദ്ദീൻ കടന്നുകളഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടു മക്കളെയും വഴിയിലുപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയിൽവെച്ച് മരിച്ചിരുന്നു. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുകുൽസു. താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുകുൽസു സ്വന്തം വീട്ടിലായിരുന്നു. സംശയത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. ഒരുമാസം മുമ്പാണ് ഇയാൾ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയ ആദിത്യൻ ബിജു, ജോയൽ ജോർജ് എന്നിവരെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.