ഗൃഹനാഥനെ തടഞ്ഞ് നിർത്തി മാല പൊട്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Web Desk
Posted on November 29, 2019, 8:38 pm

ചേർത്തല: സൈക്കിളിൽ പോയ ഗൃഹനാഥനെ തടഞ്ഞുനിർത്തി കഴുത്തിലെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ചിറയിൽ സുധീഷ് (വെരുക്–29), കൊച്ചുപറമ്പിൽ കെഎസ് അജിത്ത് (പശ –26), സലിമോൻ (ലാലൻ–37) എന്നിവരെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 26ന് രാത്രി ഒൻപതരയോടെ കണിച്ചുകുളങ്ങര പൊഴിക്കൽ ഭാഗത്തായിരുന്നു സംഭവം. മാരാരിക്കുളം സായൂജ്യം വീട്ടിൽ അനിരുദ്ധന്റെ മൂന്ന് പവൻ വരുന്ന സ്വർണ്ണ മാലയാണ് ഇവര്‍ പൊട്ടിച്ചത്. അനിരുദ്ധൻ വീട്ടിലേയ്ക്കു പോകുന്നതിനിടെ സുധീഷും അജിത്തും ബൈക്കിലെത്തി സൈക്കിളിന് കുറുകെ വണ്ടി നിർത്തിയായിരുന്നു മാല പൊട്ടിച്ചത്.

ഈ മാല സൂക്ഷിച്ച് വെച്ച് വിൽക്കാൻ ശ്രമിച്ചതിനാലാണ് സലിമോനെ അറസ്റ്റ് ചെയ്തത്. സുധീഷും അജിത്തും മറ്റു കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അർത്തുങ്കൽ എസ്ഐ കെ ശിവപ്രസാദ്, വിനോഷ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.