കനയ്യകുമാറിന് നേരെ നടന്ന അക്രമത്തിൽ സംഘപരിവാർ സംഘടനാ നേതാക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ബക്സറിൽ നിന്ന് ആരയിലേയ്ക്ക് പോകും വഴി കനയ്യ നയിക്കുന്ന ജനഗണമനയാത്രയെ അക്രമിച്ചതിനാണ് അറസ്റ്റ്. 30 അക്രമികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
ശിവസൈനിക സംഘടന ഭോജ്പൂർ ജില്ലാ ജനറൽ സെക്രട്ടറിമാരായ വിക്രമാദിത്യ, സഞ്ജയ് ഗുപ്ത, സണ്ണി തിവാരി (സുനി തിവാരി) എന്നിവരാണ് അറസ്റ്റിലായത്. ഇവരുൾപ്പെടെ 30 പേർക്കെതിരെയാണ് ഉജ്ജ്വന്ത് നഗർ പൊലീസ് കേസെടുത്തത്. കനയ്യയുടെ യാത്രയ്ക്ക് നേരെ എട്ടാമത്തെ അക്രമമായിരുന്നു ബക്സറിൽ നിന്ന് ആരയിലേയ്ക്കുള്ള മധ്യേ ദേശീയപാതയിൽ നടന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മറ്റ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കനയ്യയുടെ നേതൃത്വത്തിലുള്ള ജനഗണമനയാത്ര പതിനെട്ടാം ദിവസത്തെ പര്യടനം നളന്ദ ജില്ലയിൽ പൂർത്തിയാക്കി. ബിഹാർ ഷെരീഫ്, സോഗ്ര കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ റാലിയിൽ അദ്ദേഹം സംസാരിച്ചു. എല്ലാ മഞ്ഞ വസ്തുക്കളും സ്വർണ്ണമല്ലെന്നതുപോലെ എല്ലാ ഗുജറാത്തിക്കും ഗാന്ധിയാകാൻ കഴിയില്ലെന്ന് കനയ്യ പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യമുണ്ടെങ്കിലും ഏകാധിപതിയെപ്പോലെ രാജ്യം നയിക്കാൻ മോഡി-ഷാ ദ്വയങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന അവരുടെ പദ്ധതി പൂർത്തീകരിക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് കനയ്യ പറഞ്ഞു.
ജനുവരി 30 ന് ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ജനഗണമനയാത്ര ആരംഭിച്ചത്. ഫെബ്രുവരി 27 ന് പട്നയിൽ വൻ റാലിയോടെ സമാപിക്കും. രണ്ടാഴ്ചയ്ക്കിടെ എട്ടുതവണ അക്രമത്തിനിരയായ കനയ്യയ്ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന് കത്തയച്ചിരുന്നു.
English Summary; Violence against Kanhaiya’s Jana-Gana-mana yatra, three persons arrested
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.