ആദിവാസി കോളനിക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Web Desk

അടിമാലി

Posted on January 22, 2020, 8:53 pm
കൊച്ചി ധനുഷ് കോടി ദേശിയപാതയിൽ അഞ്ചാംമൈൽ ആദിവാസി കോളനിക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയ കേസിൽ മൂന്ന് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ച് ദിവസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആദിവാസി കോളനിക്ക് സമീപം മാലിന്യം നിക്ഷേപിച്ച എറണാകുളം പള്ളുരുത്തി സ്വദേശികളായ സുദിനത്തിൽ അസർത്ത് (23)പരുത്തിക്കൽ ആസീഫ് (32), തോപ്പുംപടി സ്വദേശി നഹാസ് (27)എന്നിവർ അടിമാലി പോലീസിന്റെ വലയിലായത്. ഇവർ മാലിന്യം നിക്ഷേപിക്കാൻ ഉപയോഗിച്ച  ടാങ്കർ ലോറിയും എറണാകുളത്തു നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഈ മാസം മൂന്നിന് രാത്രിയിലാണ് ദേശിയപാതയോരത്ത് മാലിന്യം നിക്ഷേപിക്കപ്പെട്ടത്. മാലിന്യം ജനവാസമേഖലയിലേക്ക് ഒഴുകിയെത്തുകയും  ദുർഗന്ധം ഉയരുകയും ചെയ്തതോടെ വ്യാപക പ്രതിഷേധമുയർന്നു. തുടർന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും ഇടപെട്ട് മാലിന്യം സംസ്ക്കരിച്ചു. മാലിന്യം  നിക്ഷേപിച്ചവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പഞ്ചായത്ത് പതിനായിരംരൂപ പാരിതോഷികം പ്രഖ്യാപിക്കുകയും വിഷയം സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തു. അടിമാലി ടൗണിൽ നിന്നും ലഭിച്ച ചില സൂചനകളുടെ  അടിസ്ഥാനത്തിലും അവ്യക്തമായ ചില സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. അടിമാലി മേഖലയിൽ  നിന്നും ശേഖരിച്ച മാലിന്യമാണ് പ്രതികൾ ദേശിയപാതയോരത്ത് നിക്ഷേപിച്ചതെന്നാണ് പ്രാഥമിക വിവരം. എൻവയോൺമെന്റൽ പ്രോട്ടക്ഷൻ  ആക്ട് ഉൾപ്പെടെ നാല് വകുപ്പുകളാണ് പോലീസ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അടിമാലി എസ്ഐ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

Eng­lish Sum­ma­ry: Three per­sons have been arrest­ed by dump­ing waste near the trib­al colony

YOU MAY ALSO LIKE THIS VIDEO