കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ എൻ ഐ എയുടെ വ്യാപക തിരച്ചിൽ. കോഴിക്കോട് നടത്തിയ റെയ്ഡിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ ബിജിത്ത്, എൽദോ വിൽസൺ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവർക്ക് പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധനയെന്ന് എൻഐഎ സംഘം വ്യക്തമാക്കി. വയനാട്ടിൽ കൊല്ലപ്പെട്ട സി പി ജലീലിനെ അടക്കം ചെയ്ത വീട്ടിലും പോലീസും എൻഐഎയും റെയ്ഡ് നടത്തിയിരുന്നു. മാധ്യമപ്രവർത്തകന്റെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തിയതായാണ് വിവരം.
ബിജിത്തും എൽദോയും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം കഴിഞ്ഞ ദിവസം രാവിലെയാണ് പരിശോധനയ്ക്കെത്തിയത്. ഇവരുടെ പെൻഡ്രൈവും ഫോണും ലാപ് ടോപ്പും പരിശോധിച്ച് ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും അതിനായാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നും എൻഐഎ സംഘം പറഞ്ഞു. ഒന്നര വർഷം മുമ്പാണ് യുവാക്കൾ കോഴിക്കോട് പെരുവയലിൽ താമസമാക്കിയത്. സ്വകാര്യ ട്യൂഷൻ സെന്ററുകൾ നടത്തുകയായിരുന്നു. മാധ്യമ പ്രവർത്തകനായ അഭിലാഷ് പടച്ചേനിയുടെ വീട്ടിലും പരിശോധനയുണ്ടായി. അഭിലാഷിന്റെയും ഭാര്യയുടേയും മൊബൈൽ ഫോണുകളും സിംകാർഡുകളും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സംഘടനാ പ്രവർത്തകൻ സി പി ജലീലിന്റെ പാണ്ടിക്കാട്ടെ വീട്ടിലും ജലീലിന്റെ ഉമ്മ താമസിക്കുന്ന കക്കുളത്തെ വീട്ടിലും പോലീസും എൻഐഎയും പരിശോധന നടത്തി. 2016ൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ മജിസ്ട്രേറ്റിന്റെ സർച്ച് വാറണ്ടുമായെത്തിയ പെരിന്തൽമണ്ണ ഡി വൈ എസ് പിയും സംഘവുമാണ് ഇവിടെ പരിശോധന നടത്തിയത്. സമാന്തരമായി എൻഐഎയുടെ പരിശോധനയും ഉണ്ടായിരുന്നു. എന്നാൽ അതും തങ്ങളുടെ പരിശോധനയുമായി ബന്ധമില്ലെന്ന് പെരിന്തൽമണ്ണ ഡി വൈ എസ് പി വ്യക്തമാക്കി. വണ്ടൂർ, പാണ്ടിക്കാട് സിഐമാരുടെ മേൽനോട്ടത്തിൽ മുപ്പതോളം പോലീസുകാരാണ് ഇരു വീടുകളിലും തിരച്ചിൽ നടത്തിയത്.
സി പി ജലീലിനെ അടക്കിയ തറവാട്ട് വീട്ടിൽ താമസിച്ചിരുന്ന ആറ് പേരുടെ മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായിരുന്നവർ ലോക്ക് ഡൗൺ കാലത്ത് പല ആവശ്യങ്ങൾക്കായി എത്തി മടങ്ങിപ്പോവാൻ കഴിയാതിരുന്നവരായിരുന്നു എന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത് നീതിയല്ലെന്നും ജലീലിന്റെ സഹോദരൻ സി പി റഷീദ് പ്രതികരിച്ചു. അഭിഭാഷകയടക്കം ആറ് പേർ തറവാട്ടിൽ ഉണ്ടായിരുന്നു. ഇവിടെ നിന്ന് അവർക്ക് ഒന്നും കിട്ടിയില്ല. ഫോൺ കസ്റ്റഡിയിലെടുത്ത പലരും പാണ്ടിക്കാട്ട് മുമ്പും പല പരിപാടികളും നടത്താൻ ഉണ്ടായിരുന്നവരാണ്.
മൈക്ക് പെർമിഷൻ ഉൾപ്പെടെ വാങ്ങാൻ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട്. 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇതേവരെ നടപടിയെടുക്കാതെ ലോക്ക് ഡൗൺ കാലം തിരിഞ്ഞെടുത്തത് എൻഐയും കേരള പോലീസും നടത്തിയ ഗൂഢാലോചനയാണെന്നും സി പി റഷീദ് ആരോപിച്ചു. പ്രായമായ ഉമ്മയും ചെറിയ കുട്ടികളും താമസിക്കുന്ന വീട്ടിൽ ലോക്ക് ഡൗൺ കാലത്ത് ഒരു സുരക്ഷയുമില്ലാതെ കയറിച്ചെന്ന് പോലീസ് പരിശോധന നടത്തിയതിലും റഷീദ് പ്രതിഷേധിച്ചു. എന്നാൽ മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ നടപടിക്രമമനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ തങ്ങൾ ചെയ്തിട്ടുള്ളൂ എന്ന് പെരിന്തൽമണ്ണ ഡി വൈ എസ് പി വ്യക്തമാക്കി.
English Summary:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.