Web Desk

കൊച്ചി

March 19, 2020, 7:14 pm

കാർ പാർക്ക് ചെയ്തതിന് 10,000 രൂപ ആവശ്യപ്പെട്ടു: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

Janayugom Online

കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിൽ കാർ പാർക്ക് ചെയ്തതിന് 10,000 രൂപ ആവശ്യപ്പെട്ട കേസിൽ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. മുളവുകാട് സ്റ്റേഷനിലെ സീനിർ സിപിഒ കെ കെ ഷിബു, സിപിഒമാരായ ദിലീപ്, സതീഷ് മോഹൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. പറവൂർ സി പി തുരുത്ത് ടി എസ് സുബിൻ നൽകിയ പരാതിയിൽ പൊലീസ് അഡീഷണൽ കമ്മീഷണർ കെ പി ഫിലിപ്പാണ് നടപടിയെടുത്തത്.

ജനുവരി ഏഴിന് രാത്രി 8.30ന് കണ്ടെയ്നർ റോഡിൽ അനധികൃതമായി പാർക്ക് ചെയ്തതിന് പിഴയായി 10,000 രൂപയാണ് ഷിബു ആവശ്യപ്പെട്ടത്. വനിത സുഹൃത്തുമൊത്ത് ചേരാനെല്ലൂർക്ക് പോകുന്നതിനിടെ മുളവുകാട് പൊന്നാരിമംഗലം ടോൾ പ്ലാസ കഴിഞ്ഞ് റോഡിന് അരികിൽ കാർ നിർത്തി. ഈ സമയത്താണ് ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയത്. മേൽവിലാസവും ഫോൺ നമ്പറും എഴുതി വാങ്ങി. മുഴുവൻ തുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ സുബിന്റെ പക്കൽ നിന്ന് 3,000 രൂപ നിർബന്ധിച്ച് വാങ്ങി പറഞ്ഞു വിട്ടു. രാത്രി ഫോണിൽ വിളിച്ച് ബാക്കി 7,000 രൂപയുമായി സ്റ്റേഷനിലെത്തണമെന്ന് ഷിബു ആവശ്യപ്പെട്ടു.

അഴിമതി രഹിതമായ പൊലീസ് സംവിധാനം ലക്ഷ്യമിടുന്ന സർക്കാർ നയങ്ങൾക്ക് വിരുദ്ധമായാണ് പൊലീസ് ഉദ്യോഗസ്ഥൻ പെരുമാറിയതെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും സുബിൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പട്ടിരുന്നു. സംഭവ ദിവസം രാത്രി ഷിബുവിന് സ്റ്റേഷൻ ജിഡി ചാർജായിരുന്നു. കണ്ടെയ്നർ റോഡിൽ കക്കൂസ് മാലിന്യം തള്ളുന്നുവെന്ന അറിയിപ്പ് ലഭിച്ചെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി. എന്നാൽ ഈ അറിയിപ്പ് വ്യാജമായിരുന്നുവെന്ന് എസിപി കെ ലാൽജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സുബിനെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നും ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. വാഹനം പരിശോധിച്ചത് അനധികൃതമായിട്ടാണെന്നും പൊലീസുകാരുടെ നടപടി സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്നും എസിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

Eng­lish Sum­ma­ry; bribe, three police offi­cers suspended

YOU MAY ALSO LIKE THIS VIDEO