വീണ്ടും റോക്കറ്റ് ആക്രമണം: ബാഗ്ദാദിൽ അമേരിക്കൻ എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകൾ പതിച്ചു

Web Desk

ബാഗ്ദാദ്

Posted on January 21, 2020, 9:44 am

ബാഗ്ദാദിൽ അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

മൂന്ന് റോക്കറ്റുകളിൽ രണ്ടെണ്ണം അമേരിക്കൻ എംബസിയുടെ തൊട്ടടുത്താണ് പതിച്ചത്. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയിൽ നിന്നാണ് റോക്കറ്റുകൾ തൊടുത്തിട്ടുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.

ജനുവരി നാലിനും ജനുവരി എട്ടിനും സമാനമായ രീതിയിൽ രണ്ട് റോക്കറ്റ് ആക്രമണങ്ങളാണ് അമേരിക്കൻ എംബസിക്ക് നേരെ നടന്നിരിക്കുന്നത്. ഇറാന്‍ സൈനിക ജനറല്‍ കാസ്സിം സലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമത്തിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാഖില്‍ സംഘര്‍ഷാവസ്ഥ വര്‍ദ്ധിക്കുകയാണ്.

YOU MAY ALSO LIKE THIS VIDEO