ഒരൊറ്റ മത്സരം കൊണ്ട് ഐപിഎല്‍ പ്ലേ ഓഫിലെത്തിയത് മൂന്ന് ടീമുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക ജയം നേടിയ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍ കടന്നു. ഗുജറാത്തിനൊപ്പം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും പ്ലേ ഓഫിലെത്തി. ഗുജറാത്തിന്റെ വിജയം മറ്റു രണ്ട് ടീമുകളുടെ കൂടി പ്ലേ ഓഫ് പ്രവേശനത്തിന് സഹായകരമായി. ഇനി പ്ലേ ഓഫിലേക്ക് ഒരു സ്ഥാനം മാത്രമാണ് ബാക്കിയുള്ളത്. ഇതിനായി പോരാടുന്നത് മുംബൈ ഇന്ത്യൻസ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളും. കൊല്‍ക്കത്ത, ചെന്നൈ, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകള്‍ നേരത്തേതന്നെ പുറത്തായി.
നിലവിൽ 11 കളിയിൽ നിന്ന് 10 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ലഖ്നൗ. ഇനിയുള്ള മൂന്ന് മത്സരവും ജയിച്ചാൽ ലഖ്നൗവിന് എത്താനാവുക 16 പോയിന്റ്. എന്നാൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ് നിൽക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രംമുള്ള മുംബൈ പിന്നീട് തുടര്‍ച്ചയായി ആറ് ജയത്തിന് ശേഷമായിരുന്നു ഒരു പരാജയമറിഞ്ഞത്. 12 കളികളില്‍ നിന്ന് ഏഴ് ജയമടക്കം 14 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് മുംബൈ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും പഞ്ചാബ് കിങ്സിനെതിരെയുമാണ് മുംബൈക്ക് ഇനി മത്സരങ്ങളുള്ളത്. ഒരു മത്സരം മാത്രം ജയിക്കുകയാണെങ്കിലും 16 പോയിന്റുമായി മുംബൈക്ക് അപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. ഡല്‍ഹിയെ പരാജയപ്പെടുത്തിയാല്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യത കൂടുതല്‍ സജീവമാകുകയും ചെയ്യും. ഇനി ഡല്‍ഹിയോട് പരാജയപ്പെടുകയും പഞ്ചാബിനോട് ജയിക്കുകയും ചെയ്താലും മുംബൈക്ക് സാധ്യതയുണ്ട്.
ഡല്‍ഹിയുടെ അവസാന മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ഇത്. രണ്ട് കളികളും പരാജയപ്പെടുകയാണെങ്കില്‍ മുംബൈ പുറത്താകും. ഡല്‍ഹി ക്യാപിറ്റല്‍സിനും ഇതേ സാധ്യതയാണുള്ളത്. എന്നാല്‍ ലഖ്‌നൗവിന് മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമാണ് പ്ലേ ഓഫിലേക്ക് കടക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ. ഡല്‍ഹിക്ക് രണ്ട് മത്സങ്ങളാണ് അവശേഷിക്കുന്നത്. 13 പോയിന്റുമായി ഡല്‍ഹി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് മുംബൈക്കെതിരെയും 24ന് പഞ്ചാബിനെതിരെയുമാണ് ഇനിയുള്ള മത്സരങ്ങള്‍. രണ്ടു മത്സരങ്ങളും ജയിച്ചാല്‍ 17 പോയിന്റുമായി ഡല്‍ഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ഒരു സ്ഥാനത്തിനായി മൂന്ന് ടീമുകളും മത്സരിക്കുമ്പോള്‍ വാശിയേറിയ പോരാട്ടമാകും നടക്കുക. ഇനി മഴ കളി മുടക്കിയാല്‍ തിരിച്ചടിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.