ടൂറിസം മേഖലയ്ക്കായി ത്രിതല സാമ്പത്തിക പാക്കേജ് വരും; കേരള മാതൃകയ്ക്ക് രാജ്യാന്തര പ്രചാരണം നല്‍കണം

Web Desk

കൊച്ചി:

Posted on April 13, 2020, 5:20 pm

കോവിഡ് മഹാമാരി മൂലം സ്തംഭനത്തിലായ കേരളത്തിലെ ടൂറിസം മേഖലയുടെ അതിജീവനത്തിനും പുനരുജ്ജീവനത്തിനും സര്‍ക്കാര്‍ സാമ്പത്തിക ത്രിതല പാക്കേജ് തയ്യാറാക്കുമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ധനമന്ത്രാലയത്തിന്റെയും മുഖ്യമന്ത്രിയുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതിന് അന്തിമ രൂപമാകുമെന്നും അവര്‍ അറിയിച്ചു. ടൂറിസംമേഖല അഭിമുഖീകരിക്കന്ന പ്രതിസന്ധിയെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ടൂറിസം സെക്രട്ടറി.

ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് രാജ്യാന്തര ഏജന്‍സികളില്‍ നിന്ന് ഫണ്ട് സമാഹരിക്കുന്നതിന് കെ എസ് ഐ ഡി സിക്ക് കീഴില്‍ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ ആരംഭില്‍ അടക്കം വെബിനാറില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവരുമെന്ന് അവര്‍ ഉറപ്പു നല്‍കി. ടൂറിസം മേഖലക്ക് സാമ്പത്തിക പാക്കേജ് അനിവാര്യമാണെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു  വ്യക്തമാക്കി. ടൂറിസം മേഖലക്ക് പിടിച്ചു നില്‍ക്കുവാനാവശ്യമായ പിന്തുണ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ പ്രാഥമിക ദൗത്യം. പുനരുജ്ജീവനത്തിനുള്ള നടപടികള്‍ അതിന്റെ തുടര്‍ച്ചയായി വരണം. കോവിഡിനെ കേരളം നേരിടുന്ന രീതി ആഗോള പ്രശംസ പിടിച്ചു പറ്റിയത് ഭാവിയില്‍ ടൂറിസ്റ്റുകളെ ആകര്‍ശിക്കുന്നതിന് കേരളത്തിന് കരുത്താകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രൂപീന്ദര്‍ ബ്രാര്‍ പറഞ്ഞു. കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന സുരക്ഷിതമല്ലെന്ന ധാരണ രാജ്യാന്തര സമൂഹത്തിനിടയിലുള്ള സാഹചര്യത്തില്‍ ചൈനയിലേക്കുള്ള ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണം. കോവിഡിനെ നേരിടുന്നതില്‍ കേരളം കാഴ്ചവെക്കുന്ന പ്രസംസനീയമായ മികവ് ഭാവിയില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണങ്ങളുടെ ഭാഗമാക്കണമെന്നും അവര്‍ പറഞ്ഞു.

വരുമാനം നിലച്ച ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേതനം നല്‍കുന്നതിന് സര്‍ക്കാര്‍ വിഹിതം ലഭ്യമാക്കുക, കുറഞ്ഞ പലിശക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുക, വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടുക, വൈദ്യുതിനിരക്കിളവ് അനുവദിക്കുക, സി ജി എസ് ടിയില്‍ ഇളവ് നല്‍കുക, തുടങ്ങിയ നിര്‍ദേശങ്ങള്‍ സെമിനാര്‍ മുന്നോട്ടുവെച്ചു. തൃനിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും.സിയാല്‍ ഡയറക്ടര്‍ എ സി കെ നായര്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡണ്ട് ബേബി മാത്യു സോമതീരം, ഗോ എയര്‍ വൈസ് പ്രസിഡണ്ട് ബകുല്‍ ഗാല, ഐ എ ടി ഒ കേരള ചാപ്റ്റര്‍ പ്രസിഡണ്ട് സെജോയ് ജോസ്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി സെക്രട്ടറി എം ആര്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഫിക്കി ടൂറിസം കമ്മിറ്റി കണ്‍വീനര്‍ യു സി റിയാസ് മോഡറേറ്ററായിരുന്നു. ഫിക്കി കേരള സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു സ്വാഗതമാശംസിച്ചു.

ENGLISH SUMMARY: Three-tier eco­nom­ic pack­age for tourism sec­tor; Inter­na­tion­al cam­paign should be giv­en to Ker­ala mod­el

YOU MAY ALSO LIKE  THIS VIDEO