പൊലീസിലേയ്ക്ക് വ്യാജ റിക്രൂട്ട്‌മെന്‍റ്: മൂന്നുപേര്‍ അറസ്റ്റില്‍

Web Desk
Posted on November 08, 2018, 9:48 pm
പൊലീസിലേയ്ക്ക് വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്ത ബിജോയ് മാത്യു ‚ഷൈമോന്‍, സനിതാ മോള്‍ ഡേവിഡ്

കോട്ടയം: കേരള പൊലീസിന്റെ ട്രാഫിക് വിഭാഗത്തിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേരില്‍ വന്‍ തട്ടിപ്പ്. നൂറുകണക്കിന് ആളുകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സംഘം തട്ടിയെടുത്തത് ലക്ഷങ്ങള്‍. കോട്ടയം കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂളില്‍ നടന്ന റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേല്‍ പി പി ഷൈമോന്‍ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയില്‍ സനിതാമോള്‍ ഡേവിഡ് (30) എന്നിവരെയാണ് ഈസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സിഐ ടിആര്‍ ജിജു അറസ്റ്റ് ചെയ്തത്.

കേരള പൊലീസിന്റെ ട്രാഫിക് വിഭാഗത്തിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി അറിയിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ ഇവര്‍ വിളിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ പ്രമുഖ പത്രത്തില്‍ കേരള പൊലീസിന്റെ ട്രാഫിക് പൊലീസ് ഫോഴ്‌സിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 11 ന് രാവിലെ എട്ടിന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ ടെസ്റ്റ് നടത്തുമെന്നായിരുന്നു വാര്‍ത്ത. ഇത് കണ്ട് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂളില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റിനെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വിവരം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ അറിയിച്ചു.
ഡിവൈ എസ്പി ആര്‍ ശ്രീകുമാര്‍, സിഐ ടിആര്‍ ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തി പരിശോധന നടത്തി. പൊലീസ് സംഘം ചെല്ലുമ്പോള്‍ മൂന്ന് സ്ത്രീകള്‍ അടക്കം പതിനഞ്ചോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയ ശേഷമുള്ള പരിശീലനമാണ് നടന്നിരുന്നത്. ബിജോയ് മാത്യുവിനു സിഐ റാങ്കാണെന്നും മറ്റുള്ളവര്‍ എസ്‌ഐമാരാണെന്നുമായിരുന്നു അറിയിച്ചിരുന്നത്. വാട്‌സ്അപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ കൂട്ടിയിരുന്നത്. കഴിഞ്ഞ മാസം 28 ന് എമ്മാവൂസ് സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ 76 ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. ഈ പരീക്ഷയ്ക്ക് മുന്നോടിയായി ഇവരെ ചേര്‍ത്ത് ഒരു വാട്‌സ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. പരീക്ഷ കഴിഞ്ഞതിനു പിന്നാലെ വാട്‌സ്അപ്പ് ഗ്രൂപ്പ് പിരിച്ച് വിട്ടു.

ഇതിനു ശേഷം പൊലീസ് സേനയിലേയ്ക്ക് പതിനഞ്ച് പേരെ റിക്രൂട്ട് ചെയ്തതായുള്ള സന്ദേശം എത്തി. ഇവരില്‍ നിന്നും മൂവായിരം രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. ജോലിക്ക് ചേര്‍ന്ന ഇവര്‍ക്കുള്ള പരിശീലനമാണ് മൂന്നു ദിവസമായി ഇമ്മാവൂസ് സ്‌കൂള്‍ മൈതാനത്ത് നടന്നിരുന്നത്.
കേസിലെ പ്രധാന പ്രതിയായ ബിജോയ് പൊലീസിന്റെ നീലയോട് സാമ്യമുള്ള ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. ഇതിനു മുകളില്‍ ട്രാഫിക് ട്രെയിന്‍ഡ് പൊലീസ് ഫോഴ്‌സ് എന്ന ലോഗോയും പേരും എഴുതിയിരുന്നു. ഇതുകൂടാതെ ഈ ടീഷര്‍ട്ടിന്റെ പുറത്തും ഇത് എഴുതിച്ചേര്‍ത്തിരുന്നു. കേസില്‍ ആറു പ്രതികളാണ് ഉള്ളത്. മൂന്നു പേരെ കൂടി ഇനി പിടികൂടാനുണ്ട്.