തൃശൂരില്‍ 7.29 കോടി രൂപയുടെ കൃഷി നശിച്ചു; 242 വീടുകള്‍ തകര്‍ന്നു

Web Desk
Posted on August 12, 2019, 8:33 pm

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ രണ്ടു ദിവസം കൊണ്ട് 7.29 കോടി രൂപയുടെ കൃഷി നശിച്ചു. 242 വീടുകള്‍ തകര്‍ന്നു. ദുരിതാശ്വാസ ക്യാമ്പില്‍ 43819 പേരെ പാര്‍പ്പിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളിലും കാലവര്‍ഷക്കെടുതിയുണ്ടായി. 126 വില്ലേജുകളെ ബാധിച്ചു. നിലവില്‍ 240 ദുരിതാശ്വാസ ക്യാമ്പുകളിലായി 13949 കുടുംബങ്ങളിലെ 43819 പേര്‍ കഴിയുന്നു.
കാലവര്‍ഷക്കാലത്ത് ഇതുവരെ ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണമായും 219 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ ശക്തമായ ആഗസ്റ്റ് 10, 11 തീയതികളില്‍ മാത്രം ജില്ലയില്‍ 7.29 കോടി രൂപയുടെ കൃഷി നശിച്ചു. 900 കര്‍ഷകര്‍ക്കാണ് കൃഷിനാശം നേരിട്ടത്.

213.50 ഹെക്ടറിലെ കൃഷിനാശത്തിന് 1.26 കോടി രൂപയുടെ സഹായം നല്‍കണമെന്നാണ് കണക്കാക്കിയിട്ടുള്ളത്.  അതേസമയം കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ആറ് മുതല്‍ ആഗസ്റ്റ് 11 വരെ 204.16 കോടി രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്. 10490 കര്‍ഷകരുടെ 2649.14 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിനാശത്തിന് സഹായമായി 31.80 കോടി രൂപ നഷ്ടം കണക്കാക്കുന്നു. ഇന്നലെ മഴ കുറഞ്ഞതിനെ തുടര്‍ന്ന് 26 ക്യാമ്പുകള്‍ പിരിച്ചുവിട്ടു. തിങ്കളാഴ്ച പുലക്കാട്ടുകരയില്‍ ഒരു ക്യാമ്പ് പുതുതായി തുറന്നു. 19268 പുരുഷന്‍മാരും 19332 സ്ത്രീകളും 6219 കുട്ടികളുമാണ് ക്യാമ്പിലുള്ളത്.
തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നെടുപുഴ എകെജി ഗ്രീന്‍വാലി കോളനിയില്‍ വെള്ളം കയറിയ മേഖലയില്‍ ചീഫ് വിപ്പ് കെ രാജന്‍നും മറ്റു ജനപ്രതിനിധികളും സനദര്‍ശിച്ചു. അരിമ്പൂര്‍, പുള്ള്, ചാഴൂര്‍, ആലപ്പാട്, അന്തിക്കാട്, കരിക്കൊടി, ഏനാമാവിന്റെ തീരദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വെള്ളം ഉയര്‍ന്നത് പരിശോധിക്കാന്‍ ഏനാമാക്കല്‍ റഗുലേറ്റര്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ സന്ദര്‍ശിച്ചു.