22 April 2024, Monday

കളിമുറ്റമൊരുക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍

Janayugom Webdesk
തൃശൂര്‍
September 20, 2021 5:41 pm

നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ, കളിമുറ്റമൊരുക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി തൃശൂര്‍ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും. സ്‌കൂളുകള്‍ ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ‘കളിമുറ്റമൊരുക്കല്‍’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് ഹാളില്‍ വിളിച്ച് ചേര്‍ത്ത ആലോചനാ യോഗത്തില്‍ വിദ്യാര്‍ത്ഥി — യുവജന സംഘടനാ നേതാക്കളും, അധ്യാപക സംഘടനാനേതാക്കളും പരിപാടി വിജയിപ്പിക്കാന്‍ പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്തു. ശുചിത്വമിഷനാണ് പദ്ധതിയുടെ ഏകോപന ചുമതല. 

വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ആവശ്യമായ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ശുചിത്വ മിഷന്‍ തയ്യാറായി കഴിഞ്ഞു. കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, എന്‍.എസ്.എസ്, കരിയര്‍ ഗൈഡന്‍സ് മുതലായ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും പരിപാടിയോടൊപ്പം ചേരും. സെപ്റ്റംബര്‍ 23ന് എല്ലാ ബ്ലോക്ക്തല സംഘാടക സമിതികളും യോഗം ചേരും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ബി.പി.സി.മാര്‍, ഡയറ്റ്, കൈറ്റ് പ്രതിനിധികള്‍ക്കാണ് യോഗം വിളിച്ച് ചേര്‍ക്കാന്‍ ചുമതല നല്‍കിയിട്ടുള്ളത്. കോര്‍പ്പറേഷന്‍, നഗരസഭാ തലങ്ങളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് സെപ്റ്റംബര്‍ 25നുള്ളില്‍ ഗ്രാമപഞ്ചായത്ത്/ നഗരസഭാതലങ്ങളിലും 27നുള്ളില്‍ സ്‌കൂള്‍ തലത്തിലും ആലോചനാ യോഗങ്ങള്‍ ചേരും.
അധ്യാപക-രക്ഷാകര്‍ത്തൃ സമിതികള്‍, എം.പി.ടി.എ., പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി പരിപാടിയുമായി സഹകരിക്കാവുന്ന എല്ലാവരുടെയും യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാനാണ് പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുട്ടികളെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളും വീട്ടിലെ മുതിര്‍ന്നവരും ചേര്‍ന്ന് ഈ ദിവസങ്ങളില്‍ വീടും പരിസരവും വൃത്തിയാക്കണം.

സ്‌കൂള്‍ തലയോഗങ്ങള്‍ ചേര്‍ന്ന് അവസ്ഥാവിശകലനം നടത്തണം. എല്ലാവരും എല്ലാ ദിവസവും പങ്കെടുക്കണമെന്നില്ല. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു മാത്രമേ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാവൂ. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓരോ ദിവസവും ആരെല്ലാം സ്‌കൂളില്‍ എത്തണമെന്നും എവിടെയെല്ലാം ശുചീകരിക്കണം എന്നെല്ലാം കൃത്യമായി ആസൂത്രണം ചെയ്യണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. അതാതുപ്രദേശത്തെ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള ശുചീകരണ വസ്തുക്കള്‍ ശേഖരിക്കണം. പണിയായുധങ്ങളും മറ്റു ഉപകരണങ്ങളും സ്‌കൂള്‍ പി.ടി.എ യുടെയും മറ്റും നേതൃത്വത്തില്‍ സംഘടിപ്പിക്കണം.
പ്രാദേശിക പങ്കാളിത്തത്തോടെ ജനകീയ ഉത്സവമായി പരിപാടി സംഘടിപ്പിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബര്‍ 2മുതല്‍ ആരംഭിച്ച് 8ന് സമാപിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടത്. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷപരീക്ഷ, ഈ ദിവസങ്ങളിലുള്ളതിനാല്‍ അതനുസരിച്ചു വേണം ശുചീകരണ പരിപാടി ക്രമീകരിക്കാന്‍. ഒക്ടോ. 2ന് തദ്ദേശ സ്ഥാപനതല ഉദ്ഘാടനങ്ങള്‍ക്കൊപ്പം സ്‌കൂള്‍ തല ഉദ്ഘാടനവും നടക്കും. 8ന് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും നടത്തണം.
eng­lish summary;Thrissur Dis­trict Pan­chay­at and the Pub­lic Edu­ca­tion Depart­ment are mak­ing exten­sive prepa­ra­tions for the re open­ing of Schools
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.