29 March 2024, Friday

Related news

January 2, 2024
May 1, 2023
April 30, 2023
April 30, 2023
April 29, 2023
March 25, 2023
May 20, 2022
May 20, 2022
May 19, 2022
May 14, 2022

മേളപ്പെയ്ത്തില്‍ പൂരത്തിന് പരിസമാപ്തി

സ്വന്തം ലേഖിക
തൃശൂർ
May 11, 2022 9:12 pm

ആഹ്ലാദാരവങ്ങൾ മുഴക്കി ഇരവുപകലുകൾ തിമിർത്തുപെയ്ത പൂരപ്പെരുമഴ പെയ്തിറങ്ങി. കഴിഞ്ഞ രണ്ടുവർഷത്തെ കുറവ് നികത്താനായി പൂരനഗരിയിലേക്ക് ജനമിറങ്ങിയപ്പോൾ സാംസ്കാരിക നഗരി ജനസാഗരമായി. പകൽപൂരത്തിനുകൂടി സാക്ഷിയാവാൻ പതിനായിരങ്ങളാണ് പൂരനഗരിയിൽ തടിച്ചുകൂടിയത്. തട്ടകത്തെ സ്ത്രീകളും കുട്ടികളും പൂരമാഹാത്മ്യം ആവോളം നുകർന്ന വൃദ്ധജനങ്ങളും പൂരം സിരകളിൽ ലഹരിയായി സൂക്ഷിക്കുന്ന യുവാക്കളും തൃശൂർക്കാരുടെ പൂരമെന്ന ഖ്യാതിയിൽ തിളങ്ങിനിൽക്കുന്ന പകൽപ്പൂരത്തിന്റെ പെരുമ കൂട്ടി.

രാവിലെ വടക്കുംനാഥ സന്നിധിയിലേക്ക് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ എഴുന്നള്ളിയെത്തി. 15 ആനകൾ വീതം മേളത്തിന്റെ അകമ്പടിയോടെ അണിനിരന്ന പകൽപ്പൂരം. പാണ്ടി മേളത്തിന്റെ താളത്തിൽ അലിഞ്ഞ് കൈകൾ വാനിലുയർത്തി പൂരാസ്വാദകർ മനം നിറഞ്ഞ് താളം പിടിച്ച മേളപ്പെയ്ത്തിൽ തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും ആറാടി നിന്നപ്പോൾ മഴ പോലും മാറി നിന്നു. തുടർന്ന് ശ്രീമൂലസ്ഥാനത്ത് സംഗമം. തിടമ്പേറ്റിയ ഗജ വീരൻമാർ മുഖാമുഖം നിന്നു. അടുത്ത മേട മാസത്തിലെ പൂരത്തിന് കാണാം എന്ന വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു.

ഗജരാജൻമാർ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തതോടെ ഒന്നര ദിവസം വിശ്രമമില്ലാത്ത വർണ്ണക്കാഴചകളൊരുക്കി മണ്ണിലും വിണ്ണിലും വിസ്മയം തീർത്ത പൂരമഹാക്കാഴ്ചകൾക്ക് താൽക്കാലിക വിട. പൂരലഹരിയിൽ മതിമറന്ന പതിനായിരങ്ങളടെ മനസ്സിലും വേർപാടിന്റെ വിങ്ങലുണർന്നപ്പോൾ മാനവും കാലം അനുകൂലമല്ലെന്നപോലെ പെയ്യാൻ വിതുമ്പി നിന്നു.

എട്ട് ഘടകക്ഷേത്രങ്ങളിലും രാത്രിയോടെ കൊടിയിറക്കി. ഇതോടെ പൂരങ്ങളുടെ പൂരത്തിന് പരിസമാപ്തിയായി. ഇനി അടുത്ത മേടത്തിലെ ഉത്രം നാളിനായി 2023 ഏപ്രിൽ 30വരെ ഒരു വർഷം നീണ്ട കാത്തിരിപ്പ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വൻതിരക്കായിരുന്നു ഇത്തവണ അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 14 ലക്ഷത്തിൽപ്പരം ജനങ്ങളാണ് സാംസ്കാരിക നഗരിയിലേക്കൊഴുകിയെത്തിയത്.

Eng­lish Sum­ma­ry: Thris­sur Pooram Ends

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.