പി ആർ റിസിയ

തൃശൂർ

April 23, 2021, 8:33 am

ആളും ആരവവുമില്ലാതെ ഇന്ന് തൃശൂർ പൂരം

Janayugom Online

ആളും ആരവവുമില്ലാതെ ഇന്ന് തൃശൂർ പൂരം നടക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഇക്കുറിയും പൂരം ചടങ്ങായി ചുരുക്കിയിരിക്കുന്നത്. പൂരവിളംബരം അറിയിച്ച് നെയ്തലക്കാവ് ഭഗവതി എറണാകുളം ശിവകുമാറിന്റെ പുറത്തേറി ഇന്നലെ തെക്കേ ഗോപുരനട തള്ളിത്തുറന്നതോടെ ഇത്തവണത്തെ പൂരം ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ശിവകുമാർ ശ്രീമൂല സ്ഥാനത്തെ നിലപാട് തറയ്ക്ക് സമീപം നിലയുറപ്പിച്ചു. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോട് കൂടി ഇന്ന് പൂരത്തിന് തുടക്കമാകും.

പൂരനഗരിയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് ഇന്നത്തെ പൂരം. പങ്കെടുക്കുന്നവർക്ക് കോവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിർബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകൾ നടത്തും. മഠത്തിൽ വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവിൽ തിരുവമ്പാടിക്ക് കുട മാറ്റമില്ല.

പാറമേക്കാവിന്റെ പൂരത്തിൽ പതിനഞ്ച് ആനകളുണ്ടാകും. തുടർന്ന് കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദർശനത്തിലൊതുക്കും. രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. ശനിയാഴ്ച ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയലോടെ ഇക്കൊല്ലത്തെ പൂരത്തിന് സമാപ്തിയാകും. പൂരാസ്വാദകരെ ആവേശത്തിലാഴ്ത്തിയ ദൃശ്യ‑ശ്രവ്യ വിസ്മയം ഇത്തവണയും ഓർമ്മകളിൽ മാത്രമായൊതുങ്ങും.

കർശന നിയന്ത്രണങ്ങളോടെ പൊതു ജനത്തെ പങ്കെടുപ്പിച്ച് പൂരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂരം ചടങ്ങുകൾ മാത്രമായൊതുക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം പൂരം പൂർണമായി ഒഴിവാക്കിയിരുന്നു. ആറാട്ടൊഴികെ പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പുകളൊന്നും നടന്നില്ല. ഉപചാരം ചൊല്ലി പിരിയലും ഉണ്ടായില്ല. നേരത്തെ ഇന്ത്യ‑ചൈന യുദ്ധം നടന്ന വര്‍ഷം ഉൾപ്പെടെ അഞ്ച് തവണയാണ് പൂരം ചടങ്ങ് മാത്രമാക്കി നടത്തിയത്. അടുത്ത പൂരം കെങ്കേമമാക്കാമെന്ന പ്രതീക്ഷയിലാണ് ദേശക്കാരും പൂരപ്രേമികളും.

Eng­lish summary:thrissur pooram updates

You may also like this video: