പത്മേഷ് കെ വി

March 02, 2020, 9:09 am

വികസനത്തിന്റെ ഉന്മേഷത്തിലാണ് കാസര്‍കോട്

Janayugom Online

കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള കാസര്‍കോട് ജില്ലയുടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലെല്ലാം എല്‍ഡിഎഫ് മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസന നേട്ടങ്ങളും കുടുംബശ്രീ ജനകീയാസൂത്രണ പദ്ധതി തുടങ്ങിയവയുടെ ശാക്തീകരണമാണ് എല്‍ഡിഎഫിന് കരുത്ത് പകരുന്നത്. ജില്ലാ രൂപീകരണത്തിനും വികസനത്തിനും എന്നും മുന്‍തൂക്കംകൊടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എല്‍ഡിഎഫ് ഭരണത്തില്‍ ജില്ലയോടുള്ള അവഗണന എന്നത് പഴങ്കഥയായി മാറി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട് നിര്‍മ്മാണം തുടക്കത്തില്‍ തന്നെ നിലച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. സംസ്ഥാനത്ത് ആദ്യമായി 50 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്പാദിപ്പിച്ചതും ജില്ലയിലാണ്. ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങളാണ് ജില്ല കൈവരിച്ചത്. ജില്ലയിലെ മൂന്നോളം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തീരദേശവും ഇടനാടും മലയോരവും ഇടകലര്‍ന്ന ജില്ലയില്‍ ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത മേഖലകളൊന്നുമില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതി, കിഫ്ബി വികസന പദ്ധതികളുടെയെല്ലാം അനുഭവിച്ചറിഞ്ഞ ജില്ലയിലെ വോട്ടര്‍മാർ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാന്‍ ഉറച്ചിരിക്കുകയാണ്.

ജില്ലയില്‍ മലയോര ഹൈവേ ആരംഭിക്കണമെന്ന അഞ്ച് പതിറ്റാണ്ട് മുമ്പുള്ള ഇവിടത്തുകാരുടെ സ്വപ്നം സാക്ഷാത്ക്കരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം ഓരോ തെരഞ്ഞെടുപ്പിലും വര്‍ദ്ധിച്ചു വരികയാണ്. മൂന്ന് നഗരസഭകളും ആറ് ബ്ലോക്ക് പഞ്ചായത്തുകളും 38 പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ജില്ല. ഇതില്‍ രണ്ട് നഗരസഭകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും 16 ഗ്രാമ പഞ്ചായത്തുകളുടെയും ഭരണം എല്‍ഡിഎഫിനാണ്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 സീറ്റുകളില്‍ എട്ട് യുഡിഎഫിനും ഏഴ് എല്‍ഡിഎഫിനും രണ്ട് സീറ്റ് ബിജെപിക്കുമാണ്.

ഏഴ് എല്‍ഡിഎഫ് സീറ്റുകളില്‍ സിപിഐ(എം)-ആറ്, സിപിഐ‑ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായത്. കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക, പരപ്പ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടതുപക്ഷം വിജയിച്ചപ്പോള്‍ മഞ്ചേശ്വരം, കാസര്‍കോട്, എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം നിന്നു. നഗരസഭകളില്‍ കാഞ്ഞങ്ങാടും നീലേശ്വരവും എല്‍ഡിഎഫ് ഭരണത്തിന് കീഴിലാണ്. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫ് ഭരണം വന്നപ്പോള്‍ വന്‍ വികസന മുന്നേറ്റമുണ്ടായിട്ടുണ്ട്.

നീലേശ്വരം നഗരസഭ വികസന കുതിപ്പിലാണ്. അതേസമയം യുഡിഎഫ് ഭരിക്കുന്ന കാസര്‍കോട് നഗരസഭ വികസന കാര്യത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലാണ്. ലീഗിന്റെ കുത്തകയായ കാസര്‍കോട് നഗരസഭയുടെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ പ്രതിഷേധം കനക്കുകയാണ്. മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ പ്രധാന പ്രതിപക്ഷമായ ബിജെപിയും കൂട്ടുനില്‍ക്കുന്നു. ജില്ലയിലെ മടിക്കൈ, കോടോം-ബേളൂര്‍, ദേലംമ്പാടി, ബേഡകം, കിനാനൂര്‍ ‑കരിന്തളം, പിലിക്കോട്, ചെറുവത്തൂര്‍, പള്ളിക്കര, പുത്തിഗെ, കയ്യൂര്‍, വലിയപറമ്പ്, കാറഡുക്ക, വെസ്റ്റ് ഏളേരി, പുല്ലൂര്‍-പെരിയ, പനത്തടി, അജാനൂര്‍ എന്നീ പഞ്ചായത്തുകളാണ് എല്‍ഡിഎഫിനൊപ്പമുള്ളത്.

ബദിയടുക്ക, ബളാല്‍, ചെമ്മനാട്, ചെങ്കള, എന്‍മകജെ, കള്ളാര്‍, കുമ്പഡാജെ, കുറ്റിക്കോല്‍, കുമ്പള, മംഗല്‍പ്പാടി, മഞ്ചേശ്വരം, മീഞ്ച, മൊഗ്രാല്‍പുത്തൂര്‍, മുളിയാര്‍, പടന്ന, ഉദുമ, വലിയപറമ്പ, വോര്‍ക്കാടി, തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പമാണ്. ഈസ്റ്റ് ഏളേരി പഞ്ചായത്ത് ജനകീയ വികസന മുന്നണി(ഡിഡിഎഫ്)ക്കൊപ്പമാണ്. മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകള്‍ ബിജെപിക്കൊപ്പമാണ്. മുന്‍കാലങ്ങളില്‍ ബിജെപിക്ക് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളുണ്ടായിരുന്നെങ്കിലും നിലവില്‍ മധൂര്‍, ബെള്ളൂര്‍ എന്നീ രണ്ട് പഞ്ചായത്തുകളില്‍ മാത്രമായി ബിജെപി ഒതുങ്ങിയിരിക്കുകയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ യുഡിഎഫ് ഘടക കക്ഷികളും നേതാക്കളും തമ്മിലുള്ള പടലപ്പിണക്കം വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിലും പടന്നയിലും ഭരണകക്ഷിക്കെതിരെ സമരവുമായി യു ഡി എഫ് തന്നെ സമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതികള്‍പോലും കാര്യക്ഷമമായി നടപ്പാക്കാത്തതിനെതിരെ ബദിയടുക്ക, ബളാല്‍, ഉദുമ തുടങ്ങിയ പഞ്ചായത്തുകളില്‍ യുഡിഎഫില്‍ തന്നെ അമര്‍ഷമുണ്ട്.

യുഡിഎഫ് ഭരണം നടത്തുന്ന പഞ്ചായത്തുകളില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം ലീഗാണ് ഭരിക്കുന്നത്. മലയോര മേഖലകളൊഴിച്ചാല്‍ ബാക്കിയെല്ലായിടത്തും കോണ്‍ഗ്രസിനെ മുസ്‌ലിം ലീഗ് വിഴുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം കണ്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ സ്ഥാനങ്ങളും മുസ്‌ലിം ലീഗിന് അടിയറവ് വച്ചു നല്‍കുകയാണെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. ഇത് വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നല്‍കും. ജില്ലയില്‍ യുഡിഎഫിലെ പടലപ്പിണക്കവും അധികാര വടംവലിയും കാരണം യുഡിഎഫ് ഭരിക്കുന്ന പല പഞ്ചായത്തുകളുടെയും വികസനത്തെ അട്ടിമറിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഇപ്പോഴും യുഡിഎഫില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫില്‍ ഉണ്ടാക്കിയ ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷം വീതം മുസ്‌ലിം ലീഗും കോണ്‍ഗ്രസും പങ്കിട്ടെടുക്കമെന്നാണ് ധാരണ. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് നിമിത്തം അര്‍ഹതപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനംപോലും മുസ്‌ലിം ലീഗില്‍ നിന്ന് ചോദിച്ച് വാങ്ങിക്കാന്‍ സാധിച്ചിട്ടില്ല.

ഇതേച്ചൊല്ലി ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് പോര് പതിവ് കാഴ്ചയാണ്. ഭൂരിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് ഭരണം ബിജെപിയുമായി വിട്ടുവീഴ്ച നടത്തുന്നതിനാലാണ് നിലനില്‍ക്കുന്നത് തന്നെ. ഈ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വന്‍നേട്ടമുണ്ടാക്കാനുമെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി എല്‍ഡിഎഫ് നേരത്തെ തന്നെ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലാകെ ഇടതുപക്ഷത്തിന് ലഭിക്കുന്ന പിന്തുണ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലും ലഭിക്കുമെന്നും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സ്വീകരിക്കുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടിനുള്ള അംഗീകാരമായി മാറുമെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു.