Web Desk

തിരുവനന്തപുരം

December 30, 2020, 11:02 pm

ത്രിതല പഞ്ചായത്ത് ഭരണത്തിൽ: എൽഡിഎഫിന് സർവാധിപത്യം

Janayugom Online

സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ എൽഡിഎഫിന് സർവാധിപത്യം. 14 ജില്ലാ പഞ്ചായത്തുകളിൽ മലപ്പുറം, എറണാകുളം, വയനാട് ഒഴികെ പതിനൊന്നിടത്തും എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതികളാണ് നിലവിൽ വന്നത്. നറുക്കെടുപ്പിലൂടെ അധികാരത്തിലെത്തിയ വയനാട് ഉൾപ്പെടെ മൂന്നിടത്തു മാത്രമായി യുഡിഎഫ് ചുരുങ്ങി. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒപ്പം നിന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലാപഞ്ചായത്തുകൾ എൽഡിഎഫ് പിടിച്ചെടുത്തു. 580 ഗ്രാമ പഞ്ചായത്തുകളിലും 109 ബ്ലോക്കുകളിലും എൽഡിഎഫിനാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. ഡി സുരേഷ് കുമാറും വൈസ് പ്രസിഡന്റായി അഡ്വ. എ ഷൈലജാ ബീഗവും തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. സാം കെ ഡാനിയേലിനെ തെരഞ്ഞെടുത്തു. അഡ്വ. സുമലാലാണ് വൈസ്‌പ്രസിഡന്റ്. സിപിഐ ജില്ലാഎക്സിക്യൂട്ടീവ് അംഗമായ അഡ്വ. സാം കെ ഡാനിയേല്‍ ചടയമംഗലം ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. ഓമല്ലൂര്‍ ശങ്കരനും വൈസ് പ്രസിഡന്റായി സിപിഐയിലെ രാജി പി രാജപ്പനും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ കെ ജി രാജേശ്വരിയും വൈസ് പ്രസിഡന്റായി ദലീമ ജോജോയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ നിർമ്മല ജിമ്മി തെരഞ്ഞെടുക്കപ്പെട്ടു. ടി എസ് ശരത് ആണ് വൈസ് പ്രസിഡന്റ്. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ പി കെ ഡേവിസും വൈസ് പ്രസിഡണ്ടായി ഷീന പറയങ്ങാട്ടിലും തെരഞ്ഞെടുക്കപ്പെട്ടു.

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ജിജി കെ ഫിലിപ്പും വൈസ് പ്രസിഡന്റായി ഉഷാകുമാരി മോഹൻകുമാറിനെയും തെരഞ്ഞെടുത്തു. സിപിഐ പ്രതിനിധിയാണ് ജിജി കെ ഫിലിപ്പ്. 10 വർഷത്തിന് ശേഷമാണ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് സ്വന്തമാക്കുന്നത്.

കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിലെ ബേബി ബാലകൃഷ്ണന്‍ പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഷാനവാസ് പാദൂരും തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരില്‍ പി പി ദിവ്യ, ഇ വിജയൻ എന്നിവരാണ് യഥാക്രമം പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് കാനത്തില്‍ ജമീല പ്രസിഡന്റായും എം പി ശിവാനന്ദന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് പദം ആദ്യ രണ്ടരവര്‍ഷം എല്‍ജെഡിക്കും പിന്നീടുള്ള രണ്ടരവര്‍ഷം സിപിഐയ്ക്കും നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ. വയനാട്ടില്‍ പ്രസിഡന്റായി യുഡിഎഫിലെ സംഷാദ് മരക്കാറും വൈസ് പ്രസിഡന്റായി സിപിഐയിലെ എസ് ബിന്ദുവും തെരഞ്ഞെടുക്കപ്പെട്ടു. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായതിനാല്‍ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പാലക്കാട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ ബിനുമോളും വെെസ് പ്രസിഡന്റായി സി കെ ചാമുണ്ണിയും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്ത് പ്രസിഡന്റായി യുഡിഎഫിലെ എം കെ റഫീഖയെയും വൈസ് പ്രസിഡന്റായി ഇസ്മയില്‍ മൂത്തേടത്തിനെയും തെരഞ്ഞെടുത്തു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യുഡിഎഫിലെ ഉല്ലാസ് തോമസും വൈസ് പ്രസിഡന്റായി ഷൈനി ജോർജ്ജും തെരഞ്ഞെടുക്കപ്പെട്ടു.

Eng­lish Sum­ma­ry: Thritha­la pan­chay­at rule: LDF dictatorship

You may like this video also