March 21, 2023 Tuesday

Related news

July 16, 2022
May 28, 2022
May 10, 2022
February 13, 2022
August 27, 2021
August 24, 2021
July 24, 2021
July 7, 2021
July 4, 2021
June 28, 2021

വികസനത്തിന്റെ പ്രഭചൊരിഞ്ഞ് ആലപ്പുഴ ജില്ല

ടി കെ അനിൽകുമാർ
March 10, 2020 10:56 am

മൂന്ന് പതിറ്റാണ്ടായി ആലപ്പുഴക്കാരുടെ മനസിൽ ഒരു സ്വപ്നമുണ്ടായിരുന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതും സമഗ്ര വികസനത്തിന് ഉതകുന്നതുമായ ആലപ്പുഴ ബൈപ്പാസിന്റെ പൂർത്തീകരണം. മാറിമാറിവന്ന സർക്കാരുകൾ ഒട്ടേറെ ശ്രമിച്ചിട്ടും ബൈപ്പാസ് നിർമ്മാണത്തിൽ പുരോഗതിയുണ്ടായില്ല. കേന്ദ്രസർക്കാരിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതായിരുന്നു പദ്ധതിയെ പിന്നോട്ടടിച്ചത്. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം ബൈപ്പാസിന്റെ നിർമ്മാണം ഏറെ പുരോഗമിച്ചു. റയിൽവേ മേൽപ്പാലം നിർമ്മിക്കാനുള്ള കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽമൂലം പരിഹരിക്കാനായി. 98 ശതമാനവും പ്രവൃത്തി പൂർത്തിയാക്കിയ ബൈപ്പാസ് ഉടൻ ജനങ്ങൾക്കായി തുറന്നുകൊടുക്കും. സംസ്ഥാന സർക്കാരും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും ശക്തമായ ഇടപെട്ടതു മൂലം ഇത്തരം ഒട്ടേറെ പദ്ധതികളാണ് ആലപ്പുഴയിൽ പൂർത്തിയായത്.

പ്രളയം ഏറ്റവും കൂടുതൽ ദുരന്തം വിതച്ച പ്രദേശങ്ങളായിരുന്നു ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകൾ. ദുരിതബാധിതരെ സർക്കാരിനൊപ്പം നിന്ന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈപിടിച്ചുയർത്തി. തകർന്ന വീടുകൾ നിർമ്മിച്ചും കൃഷി പുനഃസ്ഥാപിച്ചും ഈ പ്രദേശങ്ങൾ പഴയ പ്രതാപത്തിലേയ്ക്ക് വീണ്ടും തിരിച്ചെത്തി. പ്രളയത്തിന് ശേഷം കുട്ടനാട്ടിലെ കാർഷികമേഖല ഉയർത്തെഴുനേൽപ്പിന്റെ പാതയിലായിരുന്നു. നെൽകൃഷി വ്യാപിച്ചതോടൊപ്പം സംഭരണവും ഊർജ്ജിതമായി. 19,309 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മിക്കുന്നത്. ഇതിൽ 15,884 വീടുകളുടെ നിർമ്മാണം പൂർത്തിയായി. ഒട്ടേറെ പാലങ്ങളും റോഡുകളും പുനർനിർമ്മിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുപ്രവൃത്തികളല്ലാതെ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി തിലോത്തമൻ, ജി സുധാകരൻ, ഡോ. ടി എം തോമസ് ഐസക് എന്നിവരുടെ നേതൃത്വത്തിൽ നാടിന്റെ മുഖഛായ തന്നെ മാറ്റുന്ന ഒട്ടേറെ പദ്ധതികളും നടപ്പിലാക്കി. ഇങ്ങനെ ഒട്ടേറെ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക. കഴി‍ഞ്ഞ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ എൽഡിഎഫ് നേടിയ മിന്നുന്ന വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കളും പ്രവർത്തകരും.

ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ എട്ടിടങ്ങളിലും എൽഡിഎഫിനായിരുന്നു വിജയം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിലും എൽഡിഎഫ് പരാജയപ്പെട്ടപ്പോൾ ആലപ്പുഴയിൽ എ എം ആരിഫ് ചരിത്രവിജയം നേടി എൽഡിഎഫിന്റെ കരുത്തുകാട്ടി. ആരിഫിന്റെ ഒഴിവിൽ അരൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചതോടെ ഇവരുടെ സീറ്റുനില രണ്ടായി. എൽഡിഎഫ് എംഎൽഎമാർ നടപ്പാക്കിയ നിരവധി പദ്ധതികൾ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് ഇത്തരം വികസന പ്രവർത്തനങ്ങളെ കൂടി ആശ്രയിച്ചായിരിക്കുമെന്ന ഉത്തമ വിശ്വാസം എൽഡിഎഫിനുണ്ട്. ഏറെ നാളുകളായി യുഡിഎഫ് വിജയച്ചിരുന്ന ചെങ്ങന്നൂരിൽ സജി ചെറിയാൻ നേടിയ ചരിത്രവിജയവും ഇടതുകോട്ടയിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

23 ജില്ലാ പഞ്ചായത്ത് വാർഡുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും ആറ് നഗരസഭകളും 72 ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്. 16 ഡിവിഷനുകളില്‍ വിജയിച്ച എൽഡിഎഫ് ആണ് ജില്ലാ പഞ്ചായത്ത് ഭരണം കയ്യാളുന്നത്. 45 ഗ്രാമപഞ്ചായത്തുകളിലും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഭരണം എൽഡിഎഫിനാണ്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ പുനർനിർണ്ണയിച്ചതോടെ 97 വാർഡുകൾ ജില്ലയിൽ പുതിയതായി രൂപം കൊള്ളും. ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷൻ വർദ്ധിക്കും. 12 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ഡിവിഷൻ വീതവും 83 ഗ്രാമപഞ്ചായത്ത് വാർഡുകളും പുതിയതായി വരും. എട്ട് പഞ്ചായത്തുകളിൽ മാത്രമാണ് പുതിയ വാർഡുകൾ ഇല്ലാത്തത്. 72 ഗ്രാമപഞ്ചായത്തുകളിലായി നിലവിൽ 1169 വാർ‍ഡുകളാണ് ഉള്ളത്. ഇത് 1253 ആയി വർധിക്കും. 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 158 വാർഡുകൾ ഉള്ളത് 170 ആയും വർദ്ധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.