മനു എം

March 15, 2020, 10:51 am

ഇടതുമുന്നണിയുടെ കരുത്തിൽ ദേശീയ‑സംസ്ഥാന മികവോടെ അനന്തപുരിയുടെ തദ്ദേശഭരണം

Janayugom Online

ലസ്ഥാനത്തിന്റെ ഹൃദയപക്ഷം എന്നും ഇടതുപക്ഷമാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം അത് നന്നായി പ്രതിഫലിച്ചിട്ടുമുണ്ട്. ജില്ലയിലെ വികസന രംഗത്ത് നൂതന ആശയങ്ങളും ജനകീയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. ഒരു ത്രിതല തെരഞ്ഞെടുപ്പുകാലം കൂടി എത്തുമ്പോൾ ജനങ്ങൾ ഇടതിനൊപ്പമാണെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും സ്ഥാനമില്ല. തുടർന്നും വികസനക്കുതിപ്പിന് ഊർജം പകരാൻ ഇടതുപക്ഷ ഭരണം അനിവാര്യമാണെന്നാണ് ജനപക്ഷനിലപാട്. 73 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഉൾപ്പെടുന്നതാണ് ജില്ലയിലെ പ്രാദേശിക ഭരണസംവിധാനങ്ങള്‍. 2015‑ൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇടതുമുന്നണി മികച്ച വിജയം നേടി. കോർപ്പറേഷൻ, നാലു മുനിസിപ്പാലിറ്റികൾ, ജില്ലാ പഞ്ചായത്ത്, മറ്റ് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിൽ ഇടതുപക്ഷം ശക്തമായ ആധിപത്യം നേടി.

2010- 15 കാലയളവിൽ യുഡിഎഫ് കയ്യടക്കിയിരുന്ന ജില്ലാ പഞ്ചായത്ത് ഭരണവും രണ്ട് മുനിസിപ്പാലിറ്റികളിലെ ഭരണവും തിരിച്ചു പിടിക്കാനായത് എൽഡിഎഫിന്റെ എടുത്തു പറയേണ്ട നേട്ടമാണ്. തലസ്ഥാനത്തെ പ്രധാന തദ്ദേശ സ്ഥാപനങ്ങളിലെല്ലാം എൽഡിഎഫിനാണ് മുൻതൂക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 26 ഡിവിഷനുകളിൽ 19 ഇടങ്ങളിലും എൽഡിഎഫ് വിജയിച്ചപ്പോൾ ആറിടത്തു മാത്രമേ യുഡിഎഫിനു വിജയിക്കാനായുള്ളൂ. 26 സീറ്റുകളിൽ 2010‑ൽ 14 സീറ്റോടെ യുഡിഎഫ് നേടിയ ജില്ലാ പഞ്ചായത്ത് ഭരണം, 2015‑ൽ 19 സീറ്റുകൾ നേടി എൽഡിഎഫ് തിരിച്ചുപിടിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലും വിജയത്തുടർച്ചയായിരുന്നു. 43 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 21 വാർഡുകളിലേക്ക് യുഡിഎഫ് ചുരുങ്ങി. 35 ഇടങ്ങളിൽ ബിജെപി വിജയിച്ച് പ്രതിപക്ഷമായി. 2010‑ൽ നേടിയ സീറ്റുകളുടെ പകുതിയിലേക്ക് 2015‑ൽ യുഡിഎഫ് ചുരുങ്ങുകയായിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഹായത്തോടെ ബിജെപി നേടിയ മുന്നേറ്റം ഇത്തവണ ആവർത്തിക്കില്ല. 24 കോർപ്പറേഷൻ വാർഡുകൾ ഉൾപ്പെടുന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ 23 വാർഡുകളിലും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ പോരായ്മകൾ ഇത്തവണ നഗരം മാറ്റിയെഴുതുമെന്നതിന് സൂചനയാണിത്. മുനിസിപ്പാലിറ്റികളിൽ നാലിടത്തും എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് കയ്യടക്കിയിരുന്ന നെയ്യാറ്റിൻകര, വർക്കല മുനിസിപ്പാലിറ്റികള്‍ എൽഡിഎഫ് തിരിച്ചുപിടിക്കുകയും ആറ്റിങ്ങൽ, നെടുമങ്ങാട് മുനിസിപ്പാലിറ്റികൾ നിലനിർത്തുകയും ചെയ്തു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒമ്പതിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. 73 ഗ്രാമപഞ്ചായത്തുകളിൽ 54 ഇടങ്ങളിൽ ഇടതുപക്ഷം ഭൂരിപക്ഷം നേടി.

മികച്ച വിജയം ഇത്തവണയും പ്രാദേശിക തെരഞ്ഞെടുപ്പിലുണ്ടാകും. സംസ്ഥാനത്തിന് തന്നെ മാതൃകയായതും ദേശീയ അംഗീകാരങ്ങൾ നേടിയതുമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സംവിധാനങ്ങളിലൂടെ നടന്നിട്ടുള്ളത്. ജില്ലയുടെ ഗ്രാമീണ മേഖലകളിൽ കാർഷിക രംഗത്തും ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിക്കാൻ പഞ്ചായത്ത് ഭരണസമിതികൾക്ക് കഴിഞ്ഞു. തരിശു ഭൂമിയിലെ കൃഷി ഉൾപ്പെടെയുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കി. ക്ഷീരഗ്രാമം പദ്ധതിയിലൂടെ പാലുല്പാദനത്തിലും ഉണർവ് നേടാനായി. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ ശ്രദ്ധേയവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങൾക്ക് കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞു. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായി രണ്ട് തവണ നേടിയതും അഭിമാനാർഹമായ നേട്ടമാണ്. രാജ്യത്തെ ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2017–18‑ലെ ദീൻ ദയാൽ ഉപാദ്ധ്യായ ശാക്തീകരൺ പുരസ്കാര നേട്ടം ജില്ലാ പഞ്ചായത്ത് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ എത്രത്തോളം വ്യാപ്തമാണെന്നതിന് ഉത്തമ ഉദാഹരണമാണ്.

ജില്ലയുടെയും നഗരത്തിന്റെയും വികസനത്തിനും സുസ്ഥിരതയ്ക്കും വേണ്ട ക്രിയാത്മക പ്രവർത്തനങ്ങൾക്കാണ് കോർപ്പറേഷൻ നേതൃത്വം നൽകുന്നത്. ലൈഫ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വീട് ലഭിച്ചത് തിരുവനന്തപുരം കോർപ്പറേഷനിലാണ്. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി 8508 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ കോർപ്പറേഷന് സാധിച്ചു. വനിതാ, വയോജന സൗഹൃദ ജില്ലയ്ക്കും കൃഷി, ക്ഷീരവികസന സ്വയംപര്യാപ്തതയ്ക്കുമുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. നഗരസഭ നടപ്പാക്കിയ ഹരിതചട്ടവും വമ്പൻ ഹിറ്റാണ്. സമസ്ത മേഖലകളിലും മാതൃകാപരമായാണ് കോർപ്പറേഷന്റെ മുന്നേറ്റം. നാലുവർഷത്തെ ഭരണത്തിനിടെ ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങൾ കാഴ്ചവച്ച പ്രവർത്തനത്തെ വിലയിരുത്താനും ജില്ലയിലെ പ്രാദേശിക ഭരണസമിതികളുടെ മികവ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്യാനുമായി ജില്ലാ വികസനോത്സവം ഈ മാസം ആദ്യവാരം സംഘടിപ്പിച്ചിരുന്നു.

തിരുവനന്തപുരം കേരളത്തിലെ ആദ്യ സമ്പൂർണ ക്ലാസ്റൂം ലൈബ്രറി ജില്ലയായുള്ള പ്രഖ്യാപനവും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും വികസനോത്സവത്തിലുണ്ടായി. ഇക്കുറിയും ജില്ല ഇടതു മുന്നണിയുടെ കരങ്ങളിൽ സുരക്ഷിതമാകുമെന്നതാണ് ജനങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിൽ നിന്നുതന്നെ ജനഹിതം വ്യക്തമാണ്. സർവതല സ്പർശിയായ വികസനത്തിന്റെ പുത്തൻ ഉണർവുകളിലൂടെ സാധാരണക്കാരുടെ ആവശ്യങ്ങൾക്കൊപ്പം നിലനിൽക്കുന്ന പ്രവർത്തനങ്ങളുടെ രാഷ്ട്രീയം എൽഡിഎഫ് പുലർത്തുമ്പോൾ പൊള്ളയായ വാഗ്ദാനങ്ങളിലും കപട രാഷ്ട്രീയത്തിലും ജനങ്ങൾ വീഴില്ലെന്നത് തീർച്ചയാണ്.