സബിന പത്മൻ

കണ്ണൂർ

March 03, 2020, 10:20 am

ഇടതുപക്ഷത്തെ ഹൃദയപക്ഷമായി ചേർത്തുനിർത്തിയ കണ്ണൂർ

Janayugom Online

ഇടതുപക്ഷത്തെ ഹൃദയപക്ഷമായി ചേർത്തുനിർത്തിയ ജില്ലയാണ് കണ്ണൂർ. ചരിത്രത്തിൽ തിളക്കമറ്റാതെ നിൽക്കുന്ന നിരവധി കർഷകസമരങ്ങളുൾപ്പെടെ സാമ്രാജ്യത്വവിരുദ്ധ‑ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെ കേന്ദ്രമാണ് ഇവിടം. പതിറ്റാണ്ടുകൾക്കിപ്പുറവും കണ്ണൂർ ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്നതിന്റെ കാരണം അതു മാത്രമല്ല. രാഷ്ട്രീയത്തിനതീതമായ ജനപക്ഷ വികസനത്തിന്റെ ഉജ്ജ്വലമായ മാതൃകകൾ സമ്മാനിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അമരത്തിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടുള്ള പുതുതലമുറയുടെ ഉൾപ്പെടെയുള്ള സ്നേഹത്തിന്റെയും കടപ്പാടിന്റെയും ഫലം കൂടിയാണ്. ഇടത് കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടത്തിയ വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

കേരളത്തിന് മാതൃകയായ ഒട്ടേറെ പദ്ധതികളാണ് എൽഡിഎഫ് ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും നടപ്പിലാക്കിവരുന്നത്. 2018–19 വർഷത്തെ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജില്ലയിലെ പാപ്പിനിശ്ശേരിയാണ്. മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തെന്ന ബഹുമതിയും കണ്ണൂർ ജില്ലയാണ് കരസ്ഥമാക്കിയത്. ജില്ലാതലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകളായി തെരഞ്ഞെടുക്കപ്പെട്ടത് എൽഡിഎഫ് ഭരിക്കുന്ന കരിവെള്ളൂർ‑പെരളവും പരിയാരവുമാണ്. സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് ‘തിരികെ തിരുമുറ്റത്ത്’. ഇതു നടപ്പായതോടെ ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി. 2,996 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ആകെ വോട്ടർമാരുടെ എണ്ണം 12,12,678 ആണ്. സ്ത്രീകൾക്കാണ് മുൻതൂക്കം.

6,42,633 സ്ത്രീ വോട്ടർമാരുണ്ട്. പുരുഷ വോട്ടർമാരുടെ എണ്ണം 5,70, 043. രണ്ട് ഭിന്നലിംഗ വോട്ടർമാരുമുണ്ട്. കൂത്തുപറമ്പ്, മട്ടന്നൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്, ആന്തൂർ, പാനൂർ, ഇരിട്ടി, ശ്രീകണ്ഠാപുരം എന്നിങ്ങനെ ഒമ്പത് മുനിസിപ്പാലിറ്റികളാണ് ജില്ലയിലുള്ളത്. ഒരു കോർപ്പറേഷനും അഞ്ച് താലൂക്കുകളും 132 വില്ലേജുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലക്കുണ്ട്. ഒമ്പത് മുനിസിപ്പാലിറ്റികളിൽ കൂത്തുപറമ്പ്, മട്ടന്നൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്, ആന്തൂർ എന്നിവ എൽഡിഎഫ് ആണ് ഭരിക്കുന്നത്. ജില്ലാ പഞ്ചായത്തിൽ കോളയാട് ഡിവിഷനിൽ നിന്നുള്ള ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ്ബാബുവും കൂടാളി ഡിവിഷനിൽ നിന്നുള്ള കെ മഹിജയുമാണ് സിപിഐ പ്രതിനിധികൾ.

ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫ് ആണ് ഭരിക്കുന്നത്. ഇതിൽ പയ്യന്നൂർ, കലശ്ശേരി, കണ്ണൂർ, എടക്കാട്, തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, പേരാവൂർ എന്നീ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ സിപിഐ പ്രാതിനിധ്യം ഉണ്ട്. കണ്ണൂർ, പേരാവൂർ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്കാണ്. ജില്ലയിലെ ആകെയുള്ള 71 ഗ്രാമപ്പഞ്ചായത്തുകളിൽ 52 എണ്ണവും എൽഡിഎഫ് ആണ് നേടിയത്. ഇത് 2005, 2010 വർഷത്തെക്കാൾ ഉയർന്നതാണ്. 52ൽ പത്ത് പഞ്ചായത്തുകളിൽ പ്രതിപക്ഷത്തുപോലും ആളില്ല. 41 ഗ്രാമപഞ്ചായത്തുകളിൽ 47 അംഗങ്ങളാണ് സിപിഐക്കുള്ളത്. ഇതിൽ മുഴക്കുന്ന്, അഴീക്കോട് പിണറായി പഞ്ചായത്തുകളിൽ വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്കാണ്. സംസ്ഥാനം യുഡിഎഫ് ഭരിക്കുന്ന കാലത്ത് അവർക്ക് ജയമുറപ്പിക്കാനുള്ള തരത്തിൽ ഡിവിഷനുകൾ വെട്ടിമുറിച്ചും കൂട്ടിച്ചേർത്തുമാണ് കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ചത്.

എന്നാൽ യുഡിഎഫിനെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുന്നേറ്റം. നിലവിലുണ്ടായിരുന്ന കണ്ണൂർ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർത്താണു കോർപ്പറേഷൻ രൂപീകരിച്ചത്. 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നേടി. സിപിഐ­(എം)­ലെ ഇ പി ലതയാണ് കണ്ണൂരിന്റെ ആദ്യ മേയർ. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിപിഐയിലെ വെള്ളോറ രാജനും. 55 അംഗങ്ങളുള്ള കോർപ്പറേഷനിൽ യുഡിഎഫിനും എൽഡിഎഫിനും 27 വീതമാണ് അംഗസംഖ്യ. വിമതനായി മത്സരിച്ച പി കെ രാഗേഷിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. എന­്നാൽ ഒരു ‍കൗൺസിലറുടെ മരണത്തോടെ എൽഡിഎഫിന്റെ അംഗബലം 26 ആയി കുറഞ്ഞു.

ഈ സാഹചര്യം മുതലെടുത്ത് കഴിഞ്ഞ വർഷം മേയർ ഇ പി ലതക്കെതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നു. പി കെ രാഗേഷ് കൂടി മറുകണ്ടം ചാടി കോൺഗ്രസിന് പിന്തുണ നൽകിയതോടെ യുഡിഎഫ് പ്രമേയം പാസായി. എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. ജില്ലയിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തെ എക്കാലവും നെഞ്ചേറ്റിയവയാണ്. 11 നിയോജക മണ്ഡലങ്ങളിൽ പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, കണ്ണൂർ, ധർമ്മടം, കൂത്തുപറമ്പ്, തലശ്ശേരി, മട്ടന്നൂർ എന്നിവ എൽഡിഎഫിനൊപ്പവും അഴീക്കോട്, ഇരിക്കൂർ, പേരാവൂർ എന്നിവ യുഡിഎഫിനൊപ്പവുമാണ്. ഇതിൽ തന്നെ തുച്ഛമായ വോട്ടുകൾക്ക് നേടിയ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം കോടതി റദ്ദാക്കിയിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ 1,02176 വോട്ട് എൽഡിഎഫിന് കൂടുതലായി നേടാൻ സാധിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ നിരവധി പദ്ധതികളിലൂടെ കണ്ണൂർ വികസനമുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളം യാഥാർത്ഥ്യമായതോടു കൂടി വൻവികസനകുതിപ്പ് തന്നെയാണ് കണ്ണൂരിനുണ്ടായിട്ടുള്ളത്. വിനോദസഞ്ചാരം, പൊതുജനാരോഗ്യം, പൊതുവിദ്യാലയങ്ങൾ അ­ന്താ­­രാഷ്ട്ര നിലവാരത്തിലേക്കുയർത്തൽ എന്നിവയിലെല്ലാം ജില്ലക്ക് എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. ജില്ലയിലെ എൽഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കികൊണ്ടിരിക്കുന്ന മിക്ക പദ്ധതികളും കണ്ണൂരിന്റെ സമഗ്രമാറ്റത്തിന് ഉതകുന്നവയാണെന്ന് ഇതിനോടകം തന്നെ പൊതുജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.

അതേസമയം തമ്മിൽത്തല്ലിലും കുതികാൽവെട്ടിലും കുടുങ്ങികിടക്കുകയാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ. പല പദ്ധതികളും രേഖകളിൽ മാത്രമായി ഒതുങ്ങുന്നു. ലീഗും കോൺഗ്രസും തമ്മിലുള്ള പ്രശ്നങ്ങൾ പല പഞ്ചായത്തുകളിലും അനുദിനം രൂക്ഷമായികൊണ്ടിരിക്കുന്നതിനാൽ ഭരണത്തെയും ഇത് സാരമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വീണ്ടും അധികാരത്തിലേറാനുള്ള വൻ സാധ്യതകളാണ് വഴിയൊരുങ്ങുന്നത്.

Eng­lish Sum­ma­ry: Thritha­lakalam devel­op­ments in kannur