അനിൽകുമാർ ഒഞ്ചിയം

കോഴിക്കോട്

March 05, 2020, 4:26 pm

ചരിത്രം ആവർത്തിക്കാൻ കോഴിക്കോട് ഒരുങ്ങി

Janayugom Online

സംസ്ഥാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഉരുക്കുകോട്ടയായ കോഴിക്കോട് ജില്ല ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ്. രാഷ്ട്രീയ ചരിത്രത്തിലെല്ലായ്പ്പോഴും ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനു തന്നെയായിരുന്നു മേൽക്കൈ. എൽഡിഎഫിനെതിരെ യുഡിഎഫ് രൂപീകരിച്ച എല്ലാ അവിശുദ്ധ സഖ്യങ്ങളെയും കെട്ടുകെട്ടിച്ച പാരമ്പര്യമാണ് കോഴിക്കോട്ടെ ജനങ്ങൾക്കുള്ളത്. കോഴിക്കോട് ജില്ലാപഞ്ചായത്തിൽ 2015 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി തിളക്കമാർന്ന വിജയമാണ് കരസ്ഥമാക്കിയത്. ആകെയുള്ള 27 ഡിവിഷനുകളിൽ എൽഡിഎഫ് 16 സീറ്റുകൾ നേടി. രണ്ട് സീറ്റുകൾ നേടിയ ജെഡിയു ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെത്തിയതോടെ ഇത് 18 ആയി. സിപിഐ‑രണ്ട്, സിപിഐ(എം)-13, എൻസിപി-ഒന്ന്, ജെഡിയു-രണ്ട് എന്നിങ്ങനെയാണ് ഇടതുമുന്നണിയിലെ നിലവിലുള്ള കക്ഷിനില. യുഡിഎഫിൽ കോൺഗ്രസിന് നാല് സീറ്റുകളും മുസ്‌ലിം ലീഗിന് അഞ്ച് സീറ്റുകളുമാണുള്ളത്. സിപിഐ(എം)ലെ ബാബു പറശ്ശേരി പ്രസിഡന്റും സിപിഐയിലെ റീന മുണ്ടേങ്ങാട്ട് വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് ജില്ലാപ‍ഞ്ചായത്തിൽ അധികാരത്തിലുള്ളത്.

കോഴിക്കോട് കോർപ്പറേഷനിൽ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയം വരിച്ചത്. ആകെയുള്ള 75 ഡിവിഷനുകളിൽ 49 ഇടത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായിരുന്നു വിജയം. മൂന്നിടത്ത് മുന്നണി പിന്തുണയുള്ള സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന് 16 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി ഏഴ് സീറ്റുകളിൽ വിജയം നേടി. സിപിഐ (എം) ലെ തോട്ടത്തിൽ രവീന്ദ്രനാണ് കോർപ്പറേഷൻ ഭരണസമിതി അധ്യക്ഷൻ. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 ഇടത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഭരണം നിർവഹിക്കന്നത്. ബാലുശ്ശേരി, ചേളന്നൂർ, കോഴിക്കോട്, കുന്ദമംഗലം, കുന്നുമ്മൽ, മേലടി, പന്തലായിനി, പേരാമ്പ്ര, തോടന്നൂർ, തൂണേരി എന്നീ ബ്ലോക്ക് പ‍ഞ്ചായത്തുകളിൽ വലിയ ഭൂരിപക്ഷത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലിരിക്കുമ്പോൾ കൊടുവള്ളി ബ്ലോക്ക് പ‍ഞ്ചായത്തിൽ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷമുള്ളത്. വടകര ബ്ലോക്ക് പ‍ഞ്ചായത്തിൽ ആകെയുള്ള 13 ഡിവിഷനുകളിൽ ആറിടത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിനിധികളാണ്. യുഡിഎഫിന് അഞ്ചിടത്തുമാത്രമാണ് പ്രാതിനിധ്യമുള്ളത്. ഇവിടെ രണ്ട് അംഗങ്ങളുള്ള ആർഎംപിഐയുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണം നിലനിർത്തുന്നത്.

ഏഴ് മുനിസിപ്പാലിറ്റികളിൽ ആറിടത്തും എൽഡിഎഫാണ് ഭരിക്കുന്നത്. ഫറോക്ക്, കൊയിലാണ്ടി, മുക്കം, പയ്യോളി, രാമനാട്ടുകര, വടകര എന്നിവയാണ് എൽഡിഎഫിനൊപ്പമുള്ള മുനിസിപ്പാലിറ്റികൾ. യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളിയിലാവട്ടെ രണ്ട് അംഗങ്ങളുടേത് മാത്രമാണ് ഭൂരിപക്ഷം. ജില്ലയിൽ 70 ഗ്രാമപഞ്ചായത്തുകളിലായി 1226 വാർഡുകളാണ് നിലവിലുള്ളത്. ഇവയിൽ ബഹുഭൂരിപക്ഷം വാർഡുകളെയും പ്രതിനിധീകരിക്കുന്നത് എൽഡിഎഫാണ്. ഗ്രാമ പഞ്ചായത്തുകളിൽ 50 ഇടത്തും ഭരണം ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫിനാകട്ടെ 19 പഞ്ചായത്തുകളിൽ മാത്രമാണ് അധികാരമുള്ളത്. ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ ആർഎംപിഐയാണ് ഭരണം നടത്തുന്നത്. 2016 ൽ നടന്ന കേരള നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിൽ 11 ഇടത്തും ഇടതുപക്ഷ ജനാധിപുത്യ മുന്നണിക്കായിരുന്നു വിജയം.

വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് തിളക്കമാർന്ന വിജയം നേടിയത്. യുഡിഎഫിന് കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ മാത്രമാണ് വിജയം നേടാനായത്. അതും ചുരുങ്ങിയ ഭൂരിപക്ഷത്തിനാണുതാനും. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുനേടിയ യുഡിഎഫ് 2016‑ൽ രണ്ട് സീറ്റിൽ ഒതുങ്ങുകയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലംമാത്രമാണ് യുഡിഎഫിന് ആശ്വാസം നൽകുന്നത്. ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് മണ്ഡലങ്ങളും (വടകര, കോഴിക്കോട്, വയനാട്) നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞു. ജില്ലയിൽ സ്വാധീനമുള്ള ജെഡിയുവിന്റെ കൂടി പിൻബലത്തിലായിരുന്നു കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അല്പമെങ്കിലും പിടിച്ചുനിൽക്കാനായത്. എന്നാൽ ജെഡിയു ഇടതുമുന്നണിയിലെത്തിയതോടെ ജില്ലയിലെ ഏറാമല അഴിയൂർ, ചോറോട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും തോടന്നൂർ ബ്ലോക്ക് പഞ്ചായത്തും യുഡിഎഫിന് നഷ്ടപ്പെടുകയായിരുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ നില കൂടുതൽ പരുങ്ങലിലാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Eng­lish Sum­ma­ry; Thritha­lakalam devel­op­ments in Kozhikode