March 23, 2023 Thursday

Related news

March 16, 2023
March 16, 2023
February 28, 2023
February 9, 2023
February 8, 2023
February 2, 2023
January 28, 2023
January 27, 2023
January 20, 2023
January 10, 2023

ഇടതുപക്ഷത്തെ നെഞ്ചോടുചേർത്ത് മലയോര ജനത

ജോമോൻ വി സേവ്യർ
March 12, 2020 8:50 am

പ്രളയത്തിൽ തകർന്ന ഇടുക്കി ജില്ലയെ കാത്തു സംരക്ഷിക്കുകയും കൈപിടിച്ചുയർത്തുകയും ചെയ്ത എൽഡിഎഫ് സർക്കാരിനെ നെഞ്ചോടു ചേർത്ത് പിടിച്ചാണ് മലയോരവാസികൾ നന്ദി പറയുന്നത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ ബജറ്റിൽ 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതും സ്വന്തം ഭൂമിക്ക് അവകാശമെന്ന കുടിയേറ്റ കർഷകരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം സാക്ഷാൽകരിച്ചതും സങ്കീർണ്ണമായ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടതും ജനഹൃദയങ്ങളിൽ ഇടതുപക്ഷത്തിന്റെ ഇടം ഉറപ്പിച്ചു. നാല് വർഷം കൊണ്ട് 30,000 ത്തോളം കുടുംബങ്ങൾക്കാണ് ഉപാധിരഹിത പട്ടയങ്ങൾ വിതരണം ചെയ്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 16 ഇന ഉപാധികളോടെ കടലാസിന്റെ വിലപോലും ഇല്ലാത്ത പട്ടയം വിതരണം ചെയ്ത് കർഷകരെ വഞ്ചിച്ച യുഡിഎഫിനെതിരെ വൻജനരോഷമാണ് ഇടുക്കിയിലാകെ ഉയർന്നത്. റവന്യുവകുപ്പും വൈദ്യുതിവകുപ്പും സംയുക്തമായാണ് വൈദ്യുതി വകുപ്പിന്റെ അധീനതയിലുള്ള പത്ത്‌ചെയിൻ പ്രദേശത്ത് താമസിക്കുന്ന കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

വിവിധ വകുപ്പുകളെ ഏകോപ്പിച്ച് ത്രിതല പഞ്ചായത്തുകളിൽ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന വികസനമാണ് ജില്ലയിൽ കഴിഞ്ഞ നാല് വർഷം കൊണ്ട് നടപ്പിലാക്കിയത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ജില്ലയിൽ 52 ഗ്രാമപഞ്ചായത്തുകളും എട്ട് ബ്ലോക്ക്പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണ് ഉള്ളത്. ഇതിൽ 27 ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫും 25 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫുമാണ് ഭരിക്കുന്നത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ആറെണ്ണം യുഡിഎഫും രണ്ടെണ്ണം എൽഡിഎഫുമാണ് ഭരിക്കുന്നത്. മുനിസിപ്പാലിറ്റികളിൽ രണ്ട് മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും സാങ്കേതിക കണക്ക് പ്രകാരം യുഡിഎഫ് ഭരണമാണ്. ഇതിൽ തൊടുപുഴയിൽ യുഡിഎഫിന് 14 ഉം എൽഡിഎഫിന് 13 ഉം ബിജെപിക്ക് എട്ട് സീറ്റുകളുണ്ട്. ഒരു സീറ്റിന്റെ ബലത്തിലാണ് തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കുന്നത്. യുഡിഎഫിലെ ആഭ്യന്തര കലാപം മൂലം മുൻ വൈസ് ചെയർമാൻ വോട്ട് അസാധുവാക്കിയതിനെ തുടർന്ന് ആറ് മാസക്കാലം എൽഡിഎഫിന് ഭരണം ലഭിച്ചിരുന്നു. മിനി മധുവാണ് നറുക്കെടുപ്പിലൂടെ അന്ന് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് ഭരണകാലം വികസനത്തിന്റെ സുവർണകാലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പതിറ്റാണ്ടുകളായി ബജറ്റിൽ തുക വകയിരുത്തുമെങ്കിലും നിർമാണം ആരംഭിക്കാതെ യുഡിഎഫ് ഭരണസമിതി അവഗണിച്ചിരുന്ന മങ്ങാട്ട്കവല ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം ആരംഭിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് നിർമാണം ആരംഭിച്ചതും പ്രധാന നേട്ടങ്ങളിൽ ചിലത് മാത്രമാണ്. 16 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിനുള്ളത്. ഇതിൽ പത്തെണ്ണത്തിൽ യുഡിഎഫ് പ്രതിനിധികളും ആറ് എണ്ണത്തിൽ എൽഡിഎഫ് പ്രതിനിധികളുമാണ്. ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ പീരുമേട്, ദേവികുളം, ഉടുമ്പൻചോല, മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രതിനിധികളും തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിൽ യുഡിഎഫ് പ്രതിനിധികളുമാണ് എംഎൽഎമാർ. കാർഷിക ടൂറിസം മേഖലയായ ജില്ലയ്ക്ക് പ്രത്യേക പരിഗണനയാണ് എൽഡ‍ിഎഫ് സർക്കാർ നൽകുന്നത്.

ജില്ലയിലെ സർക്കാർ സ്കൂളുകൾ ഹൈടെക് ആക്കാനും ഹരിതകേരളം പദ്ധതി പ്രകാരം തോടുകളും പുഴകളും വീണ്ടെടുത്ത് ജില്ലയിലെ ജൈവ സമ്പത്ത് സംരക്ഷിക്കാനും മുന്തിയ പരിഗണനയാണ് ജില്ലാ ഭരണകൂടം ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്നത്. ഇതും ജനങ്ങൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിൽ ഉണ്ടായിരിക്കുന്ന വികസനങ്ങളുടെ പ്രതിഫലനം വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം. ജില്ലയിൽ 584925 പുരുഷ വോട്ടർമാരും 591171 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് നിലവിലെ വോട്ടർപട്ടിക പ്രകാരമുള്ളത്. പുതിയ വാർഡ് വിഭജനം പ്രകാരം ജില്ലയിൽ 11 പഞ്ചായത്തുകളിലായി 24 വാർഡുകൾ വർധിച്ചിട്ടുണ്ട്. ഇതിൽ സംസ്ഥാനത്തെ ഏക ഗോത്രപഞ്ചായത്തായ ഇടമലക്കുടിയിൽ ഏഴ് വാർഡുകളാണ് വർധിച്ചിരിക്കുന്നത്. അടിമാലി-രണ്ട്, മറയൂർ‑രണ്ട്, കാന്തല്ലൂർ‑രണ്ട്, വട്ടവട ‑രണ്ട്, മാങ്കുളം-രണ്ട്, ഉടുമ്പന്നൂർ‑ഒന്ന്, വെള്ളിയാമറ്റം-രണ്ട്, കഞ്ഞിക്കുഴി-ഒന്ന്, അറക്കുളം ‑രണ്ട്, ഉപ്പുതറ-ഒന്ന് എന്നീ പഞ്ചായത്തുകളിലാണ് വാർഡുകൾ ജനസംഖ്യാടിസ്ഥാനത്തിൽ വർധിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.