April 2, 2023 Sunday

Related news

November 30, 2020
November 29, 2020
November 28, 2020
November 26, 2020
November 26, 2020
November 26, 2020
November 26, 2020
November 23, 2020
November 22, 2020
November 22, 2020

തദ്ദേശ സ്വയംഭരണത്തിൽ ഇടത്തേക്ക് ചായാൻ കോട്ടയം

സരിത കൃഷ്ണൻ
March 11, 2020 10:28 am

ടുത്തിടെ നടന്ന പാലാ ഉപതെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കോട്ടയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 71 പഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ആറ് നഗരസഭകളും ജില്ലാ പഞ്ചായത്തുമടങ്ങുന്നതാണ് കോട്ടയം ജില്ല. ഒപ്പം ഒൻപത് നിയമസഭാ മണ്ഡലങ്ങളും. ഇതിൽ വൈക്കവും ഏറ്റുമാനൂരും പാലായും ഇടതിന്റെ കരങ്ങളിൽ സുരക്ഷിതം. നേരിയ വ്യത്യാസത്തിന് കൈവിട്ടെങ്കിലും ചങ്ങനാശേരിക്ക് ഇടത്തോട്ട് ചായാനുള്ള മനസ് ഏറെയാണ്. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ നിന്നും ഏറെ വിഭിന്നമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പൊതുസ്ഥിതി.

2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 22 ഡിവിഷനുകളിൽ 14 ലും യുഡിഎഫ് വിജയിച്ചു. ആറ് സീറ്റിൽ സിപിഐ(എം), ഒരു സീറ്റിൽ സിപിഐ, ഒരു സീറ്റിൽ ജനപക്ഷം. വൈക്കം ഡിവിഷനിൽ നിന്നുള്ള പി സുഗതനാണ് സിപിഐ പ്രതിനിധി. 2010 ൽ മൂന്ന് സീറ്റിൽ ഒതുങ്ങിയ ഇടതുമുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തുകയായിരുന്നു. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ വൈക്കം, കടുത്തുരുത്തി, വാഴൂർ എന്നിവിടങ്ങളിൽ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 71 പഞ്ചായത്തുകളിൽ 13 ഇടങ്ങളിൽ മാത്രമായിരുന്ന ഇടതുപക്ഷം ഇക്കുറി 27 ഇടത്താണ് ഭരണം നിർവ്വഹിക്കുന്നത്. ഏതാനും ചില പഞ്ചായത്തു വാർഡുകളിൽ മാത്രമാണ് ബിജെപിക്ക് വേരോട്ടം. കേരള കോൺഗ്രസ്-കോൺഗ്രസ് സഖ്യത്തിലുണ്ടായ വിള്ളലുകളും കേരള കോൺഗ്രസ് പാർട്ടികൾക്കിടയിലെ വിള്ളലുകളും ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭീഷണിയാവുമെന്ന് അവർക്കു തന്നെ ഭീതിയുണ്ട്. സാധാരണ സഖ്യമായി മത്സരിക്കുന്ന യുഡിഎഫിന്, സൗഹൃദ മത്സരമെന്ന പേരിൽ സ്വന്തം സ്ഥാനാർത്ഥിക്കെതിരെ മുന്നണിയിലെ മറ്റു ഘടക കക്ഷികൾ സ്ഥാനാർത്ഥിയെ നിർത്തുന്നത് ഭീഷണിയായിരിക്കുന്നു. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലാണ് ഇത് സാധാരണയുണ്ടാവുന്നത്. ഇത്തവണ പതിവിൽനിന്ന് വ്യത്യസ്തമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ജോസ്-ജോസഫ് പക്ഷം പരസ്പരം സ്ഥാനാർത്ഥികളെ നിർത്താനുള്ള സാധ്യത ഏറി. ഇതുകൂടാതെ കോൺഗ്രസ് കേരള കോൺഗ്രസ് കിടമത്സരവും രംഗം കൊഴുപ്പിക്കുമെന്നുറപ്പ്.

കളമറിഞ്ഞുള്ള ചിട്ടയായ പ്രവർത്തനം ഊർജ്ജിതമാക്കാനൊരുങ്ങുകയാണ് ജില്ലയിലെ എൽഡിഎഫ് നേതൃത്വം. ആറ് നഗരസഭകളിൽ വൈക്കം ഇത്തവണ ഇടതിനൊപ്പമാണ്. കോട്ടയവും ചങ്ങനാശേരിയും ഈരാറ്റുപേട്ടയും ഇടവും വലവും മാറിമാറി ഒപ്പം ചേരുന്ന നഗരസഭകളാണ്. രൂപീകരിച്ചതിന് ശേഷം ആദ്യമായി വന്ന 2010ലെ തെരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട ഇടത്പക്ഷത്തിനൊപ്പം നിന്നു. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ചങ്ങനാശേരി, കോട്ടയം നഗരസഭകളുടെ കുത്തഴിഞ്ഞ ഭരണവും അധികാര വടംവലികളും സംസ്ഥാന സർക്കാരിന്റെ പദ്ധതികളോടുള്ള അവഗണനയും മൂലം ജനം ഭരണമാറ്റത്തിന് ആഗ്രഹിക്കുന്നുവെന്ന സൂചനകളാണ് ഉയരുന്നത്. ഈരാറ്റുപേട്ടയിലെയും ഏറ്റുമാനൂരിലെയും സ്ഥിതിയും വ്യത്യസ്തമല്ല. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാര വടംവലി സംസ്ഥാന തലത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു. കെ എം മാണി യുഡിഎഫിൽ നിന്നു വിട്ടുനിന്ന സമയത്ത് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ ഒതുക്കാൻ സിപിഐ(എം) ആയി ചേർന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കയ്യടക്കിയിരുന്നു. പിന്നീട് മാണി, യുഡിഎഫിലേക്ക് തിരികെ പോയശേഷം കോൺഗ്രസിന് ഭരണം വിട്ടുനൽകി.

അവസാന വർഷങ്ങളിൽ അധികാരത്തിനായി ജോസും ജോസഫും തമ്മിലടിക്കുന്ന കാഴ്ചയാണ് വാർത്തകളിൽ നിറയുന്നത്. കസേര ഉറപ്പിക്കാനുള്ള തത്രപ്പാടിൽ ജനങ്ങളുടെ പ്രശ്നങ്ങൾ അവർ മറക്കുകയാണ്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ കോട്ടയത്തിന് എന്നും നിർണ്ണായക പങ്കുണ്ട്. ഇക്കാരണത്താൽ തന്നെ കോട്ടയത്തെ തെരഞ്ഞെടുപ്പ് ഗോദയിലും ആ ആവേശവും ചൂടും തെളിഞ്ഞു കാണാം. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾ ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ ജില്ലയ്ക്കാകെ ഉണർവ് പകർന്നിട്ടുണ്ട്. മെത്രാൻ കായലടക്കമുള്ള പാടശേഖരങ്ങളിൽ ഒരുക്കിയ തരിശുനില കൃഷി കാർഷിക മേഖലയ്ക്കാകെ വലിയ മാറ്റമാണ് വരുത്തിയത്. അതുകൊണ്ടുതന്നെ കർഷകരുടെയും സാധാരണക്കാരുടെയും മനസ് ഇടതിനൊപ്പം ചേർക്കാൻ കഴിഞ്ഞുവെന്ന വിശ്വാസമാണ് ജില്ലയിലെ നേതൃത്വത്തിന്. ഒപ്പം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും ലൈഫ് പദ്ധതിയും കാര്യക്ഷമമാക്കാൻ ഇടതുപക്ഷം ഭരിക്കുന്നിടങ്ങളിലെല്ലാം സാധിച്ചിരുന്നു. ചില തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതികളോട് കാണിച്ച മനഃപൂർവ്വമായ അലംഭാവം ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. വിനോദ സഞ്ചാരം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സംസ്ഥാന സർക്കാരിന്റെ ചുവടുവയ്പിൽ വലിയ നേട്ടമാണ് ജില്ലയ്ക്കുണ്ടായത്. ഈ സാഹചര്യത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ നേടാൻ ആകുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.