പറഞ്ഞ് പഴകിയെന്ന് പറഞ്ഞു തള്ളിക്കളയാൻ കഴിയാത്ത തരത്തിലാണ് എറണാകുളത്തെ വ്യവസായ തലസ്ഥാനമാക്കി നിലനിർത്തുന്നതിന് ഇടതുമുന്നണി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ. ഇക്കുറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ മാറ്റം പ്രതിഫലിക്കും. ജില്ലയിൽ 91 പഞ്ചായത്തുകളാണ് ആകെയുള്ളത്. 13 മുതൽ 23 വരെ അംഗങ്ങളാണ് ഓരോയിടത്തേയും ഭരണസമിതിയിൽ നിലവിലുള്ളത്. ഇത്തവണ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും. സംവരണ സീറ്റുകളിലും പദവികളിലും മാറ്റങ്ങൾ വരും. വൈവിദ്ധ്യമാർന്ന ഭൂപ്രകൃതിയും വിവിധങ്ങളായ സംസ്കാരങ്ങളുമാണ് ജില്ലയുടെ പ്രത്യേകത.
വിവിധ സംസ്കാരങ്ങളുടെ വിളഭൂമിയായ ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും തുടങ്ങി, ആദിവാസി ഊരുകൾ ചേർന്ന കോതമംഗലം താലൂക്കിലെ കുട്ടമ്പുഴയുൾപ്പെടെ ഈ ജില്ലയിലാണ്. യുഡിഎഫ് ഭരണത്തെ ജനങ്ങൾ എത്രമേൽ വെറുക്കുന്നുവെന്ന് കൊച്ചി കോർപ്പറേഷനിലെ സമ്മതിദായകരുമായി അല്പനേരം ചെലവിട്ടാൽ ബോധ്യമാകും. വികസന മുരടിപ്പിന്റെയും കെടുകാര്യസ്ഥതയുടെയും മികച്ച ഉദാഹരണമാണ് കൊച്ചി കോർപ്പറേഷൻ. കഴിഞ്ഞ മൂന്നു വർഷമായി ബജറ്റിൽ പറഞ്ഞ വാഗ്ദാനങ്ങൾ പോലും നടപ്പിലാക്കാനാവാതെ ഇഴയുകയാണ് നഗരസഭ. റോഡുകളുടെയും വെള്ളക്കെട്ടിന്റെയും കാര്യത്തിൽ കോർപ്പറേഷൻ, ഹൈക്കോടതിയിൽ നിന്ന് നിരന്തരം വിമർശനം ഏറ്റുവാങ്ങുകയാണ്. രൂക്ഷമായ വെള്ളക്കെട്ടിനെ മറികടക്കുവാൻ ആവശ്യമായ പദ്ധതികൾ സംസ്ഥാന സർക്കാരാണ് നഗരത്തിൽ നടപ്പിലാക്കുന്നത്. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ തവണ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫ് മികച്ച മുന്നേറ്റം നടത്തി.
കേരള കോൺഗ്രസുകളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മൂവാറ്റുപുഴ നഗരസഭയിലും 11 പഞ്ചായത്തുകളിൽ ആറ് പഞ്ചായത്തുകളിലും എൽഡിഎഫിന് ഭരണം ലഭിച്ചു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് ബിജെപി സഹായത്തോടെയാണ് യുഡിഎഫ് ഭരിക്കുന്നത്. നിയോജകമണ്ഡല പരിധിയിൽ വരുന്ന മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എൽഡിഎഫിനാണ് മേൽക്കോയ്മ. വാളകം പഞ്ചായത്തിൽ സിപിഐ(എം) പ്രസിഡന്റ് സ്ഥാനത്തും സിപിഐ വൈസ് പ്രസിഡന്റ് സ്ഥാനത്തുമാണ്. മാറാടി, പാലക്കുഴ, ആവോലി എന്നിവിടങ്ങളിലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, പായിപ്ര പഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലും. കളമശ്ശേരി മണ്ഡലത്തിൽ രണ്ട് നഗരസഭകളും നാല് ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട്, കുന്നുകര പഞ്ചായത്തുകളിൽ കുന്നുകര ഒഴിച്ചുള്ള പഞ്ചായത്തുകളിൽ എൽഡിഎഫാണ് ഭരിക്കുന്നത്. പ്രളയത്തെ തുടർന്ന് നാട്ടുകാർക്ക് ഉപകാരപ്രദമായ രീതിയിൽ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞുവെന്നതാണ് ഇവിടത്തെ സ്വീകാര്യത. പറവൂർ താലൂക്കിന്റെ പരിധിയിൽ വരുന്ന ഏലൂർ മുനിസിപ്പാലിറ്റിയിൽ 32 വാർഡുകളാണുള്ളത്.
ഇവിടെ എട്ട് സീറ്റിൽ മത്സരിച്ച സിപിഐ ആറു സീറ്റിൽ വിജയിച്ചു. ആദ്യ ഒന്നര വർഷം സിപിഐയിലെ സിജി ബാബുവായിരുന്നു ചെയർപേഴ്സൺ. കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ യുഡിഎഫാണ് ഭരിക്കുന്നത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കാഞ്ഞൂർ പഞ്ചായത്ത് ഭരണം യുഡിഎഫിനാണ്. കാലടി, അയ്യമ്പുഴ, തുറവൂർ പഞ്ചായത്തുകൾ എൽഡിഎഫും മലയാറ്റൂർ‑നീലീശ്വരം, മഞ്ഞപ്ര, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകൾ യുഡിഎഫും ഭരിക്കുന്നു. അങ്കമാലി മുനിസിപ്പാലിറ്റിയുടെ ഭരണം എൽഡിഎഫിനാണ്. ജില്ലാപഞ്ചായത്തിൽ കോതമംഗലം ഭൂതത്താൻകെട്ട് ഡിവിഷനെ പ്രതിനിധീകരിക്കുന്നത് ഇടതുമുന്നണിയാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സിപിഐ(എം) പ്രതിനിധി റഷീദ സലീമാണ്. വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ് സിപിഐയെയും പ്രതിനിധീകരിക്കുന്നു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപിഐയിലെ സന്ധ്യ ലാലുവാണ്. സിപിഐ(എം) ലെ ജെ ജെ ജോസ് ആണ് വൈസ് പ്രസിഡന്റ്. നെല്ലിക്കുഴി പഞ്ചായത്തിൽ സിപിഐ(എം) ലെ രഞ്ജിനി രവി പ്രസിഡന്റും സിപിഐയിലെ ആർ വിനയൻ വൈസ് പ്രസിഡന്റുമാണ്. വാരപ്പെട്ടി പഞ്ചായത്തിലെ പ്രസിഡന്റ് നിർമ്മല മോഹൻ, വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ എന്നിവർ സിപിഐ(എം) പ്രതിനിധികളാണ്. കണയന്നൂർ താലൂക്കിന് കീഴിൽ വരുന്ന ചേരാനെല്ലൂർ, ആമ്പല്ലൂർ, എടക്കാട്ടുവയൽ, കുമ്പളം, ഉദയംപേരൂർ, ചോറ്റാനിക്കര, മുളന്തുരുത്തി പഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് ഏറെ സാധ്യതകൾ കൽപ്പിക്കപ്പെടുന്നു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ വരവ് അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മരട് മുനിസിപ്പാലിറ്റിയിൽ കോൺഗ്രസിലെ തമ്മിലടിയിൽ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുന്നു. തൃക്കാക്കരയിൽ വികസനത്തിന്റെ വഴിയിൽ മുന്നോട്ടു പോകാൻ ഇടതുമുന്നണി വേണമെന്ന ആഗ്രഹം ജനങ്ങൾക്കുണ്ട്.
പറവൂർ താലൂക്കിന് കീഴിൽ വരുന്ന കുന്നുകരയിലും പുത്തൻവേലിക്കരയിലും യുഡിഎഫും കരുമാല്ലൂർ, ഏഴിക്കര, കോട്ടുവള്ളി, വടക്കേക്കര, ചേന്ദമംഗലം എന്നിവിടങ്ങളിൽ എൽഡിഎഫുമാണ് ഭരണം നിർവഹിക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിൽ മുനിസിപ്പാലിറ്റി ഭരണം ഇടതുമുന്നണിക്കാണ്. രായമംഗലം, വാഴക്കുളം, വേങ്ങൂർ, പഞ്ചായത്തുകളുടെ ഭരണവും ഇടതുമുന്നണിക്കാണ്. ഒക്കൽ, കൂവപ്പടി, മുടക്കുഴ പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുന്നു. കിഴക്കമ്പലം പഞ്ചായത്തിൽ അരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ട്വന്റി ട്വന്റി എന്ന സംഘടനയാണ് ഭരണം നിർവഹിക്കുന്നത്. ആലുവ മുനിസിപ്പാലിറ്റിയിൽ ഭരണം യുഡിഎഫിനാണ്. കൊച്ചി താലൂക്കിലെ ഞാറയ്ക്കൽ, ചെല്ലാനം, എടവനക്കാട്, കുമ്പളങ്ങി, നായരമ്പലം, പള്ളിപ്പുറം, കുഴിപ്പിള്ളി, എളങ്കുന്നപ്പുഴ, കടമക്കുടി, മുളവുകാട് എന്നീ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം ഇന്നും പ്രശ്നമാണ്. ഇടയ്ക്ക് രണ്ടു തവണയായി വന്നുപോയ പ്രളയങ്ങൾ പഞ്ചായത്തിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ ചെറുതല്ല. ചെല്ലാനത്ത് കടൽത്തീരത്ത് നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ആശങ്കയ്ക്ക് അറുതിവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ തീരവാസികളെ ഒഴിപ്പിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നു. വികസനത്തിൽ ജനപക്ഷം ചേർന്നെടുക്കുന്ന നിലപാടുകൾ വോട്ടർമാർക്കിടയിൽ എൽഡിഎഫിന് കൂടുതൽ സ്വീകാര്യത നൽകുന്നു. ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിലും തീർച്ചയായും ഇടതുമുന്നണിക്കനുകൂലമായി അതിന്റെ പ്രതിഫലനമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.