പത്തനംതിട്ട ജില്ലയുടെ ചരിത്രത്തിലാദ്യമായി നാല് നിയമസഭ മണ്ഡലങ്ങളിൽ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച തെരഞ്ഞെടുപ്പായിരുന്നു 2016 ലേത്. അടൂര്‍, ആറന്മുള, തിരുവല്ല, റാന്നി മണ്ഡലങ്ങള്‍. ശബരിമല വിഷയത്തിൽ വോട്ടർമാർക്കുണ്ടായ തെറ്റിദ്ധാരണ പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രകടമായെങ്കിലും കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അത് തിരുത്തുകയായിരുന്നു അവര്‍. ഈയൊരു പശ്ചാത്തലത്തിലാണ് പത്തനംതിട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. നിലവിൽ 53 പഞ്ചായത്തുകളില്‍ 24 ലും എൽഡിഎഫിനാണ് ഭരണം. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിലും എല്‍ഡിഎഫ് ഭരിക്കുന്നു. നാല് മുനിസിപ്പാലിറ്റികളിൽ രണ്ടിടത്തും ഇടതുമുന്നണി ഭരണമികവ് തുടരുകയാണ്.
ആകെയുള്ള 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ അഞ്ച് അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഭരണമികവിന്റെ അകമ്പടിയോടെ എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെമ്പാടും നടക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, കളിസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന പ്രവര്‍ത്തനങ്ങളുടെ പരമ്പരയാണ് ജില്ലയിലുള്ളത്. ജില്ലയിലെ പ്രധാന റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി. പത്തനംതിട്ടയില്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചെങ്കിലും പത്തനംതിട്ട മുനിസിപ്പാലിറ്റി യുഡിഎഫ് ഭരണസമിതിയുടെ നിരാകരണം പദ്ധതിക്ക് എതിരായി. തിരുവല്ല ബൈപാസ് തുറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളാണ് നടക്കുന്നത്. പന്തളത്തെ ഗതാഗത തടസ്സത്തിനുള്ള പരിഹാരമായി അനുവദിച്ച ബൈപാസിന്റെ സ്ഥലമെടുപ്പ് അന്തിമ ഘട്ടത്തിലാണ്.
2018ലുണ്ടായ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഏറെക്കുറെ പൂര്‍ണമായി. 2000ല്‍ അധികം വീടുകളാണ് പുനര്‍നിര്‍മ്മിച്ചത്. ഒടുവില്‍ കൊറോണയെന്ന മാരക വൈറസ് ജില്ലയില്‍ ഭീതിവിതച്ചപ്പോഴും സര്‍ക്കാരിന്റെ കാര്യക്ഷമതയോടെയുള്ള ഇടപെടലിനെ ജനങ്ങള്‍ മുക്തകണ്ഠമായാണ് പ്രശംസിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുതലും സംരക്ഷണവും അനുഭവിച്ചവരാണ് ജില്ലയിലുള്ളവരേറെയും. അവരുടെ പിന്തുണ ഉറപ്പായും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 10, 21144 വോട്ടർമാരാണ് ജില്ലയിലുള്ളത്. സ്ത്രീവോട്ടർമാരാണ് കൂടുതൽ. 7,16,884 സ്ത്രീ വോട്ടർമാരാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലുള്ളത്. 6,61,700 പുരുഷ വോട്ടർമാരും മൂന്ന് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ജില്ലയിൽ സ്ത്രീ വോട്ടർമാരും പുരുഷ വോട്ടർമാരും കൂടുതലുള്ളത് ആറന്മുളയിലാണ്. 1,07,473 പുരുഷൻമാരും 1,20, 296 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമടക്കം 2,27,770 വോട്ടർമാരുമായി ആകെയുള്ള കണക്കിലും ആറന്മുള തന്നെ മുന്നിൽ. ജില്ലയിൽ പുരുഷവോട്ടർമാർ കുറവ് കോന്നിയിലും സ്ത്രീ വോട്ടർമാർ കുറവ് റാന്നിയിലുമാണ്.
കോന്നിയിൽ 92,032 പുരുഷവോട്ടർമാരും റാന്നിയിൽ 98,376 സ്ത്രീ വോട്ടർമാരുമാണുള്ളത്. റാന്നിയിൽ പുരുഷവോട്ടർമാർ 92,288 ആണെങ്കിൽ കോന്നിയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം 1,02,673 ആണ്. അടൂരിലും തിരുവല്ലയിലും രണ്ടുലക്ഷത്തില്പരം വോട്ടർമാരുണ്ട്. തിരുവല്ലയിൽ 97,743 പുരുഷൻമാരും 1,07,303 സ്ത്രീകളും അടക്കം 2,05,046 വോട്ടർമാരാണുള്ളത്. അടൂരിൽ 94,874 പുരുഷൻമാരും 1,08,084 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമടക്കം 2,02,959 വോട്ടർമാരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.