ഇടതുഭരണത്തിന്റെ നേട്ടങ്ങൾ ഏറ്റവുമധികം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ജില്ലയാണ് തൃശൂർ. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവയിൽ വിരലിലെണ്ണാവുന്നവയൊഴിച്ച് എല്ലാം ഇടതു സാരഥ്യത്തിലാണ്. അതുകൊണ്ടുതന്നെ വികസനത്തിന്റെ ഊർജവും അഴിമതിരഹിത വളർച്ചയും ജില്ലയിലെ ജനങ്ങൾ അനുഭവിക്കുന്നു. അസംബ്ലി മണ്ഡലങ്ങളിൽ 13 ൽ 12 ലും ഇടതു പ്രതിനിധികളാണ്. മികച്ച മൂന്ന് മന്ത്രിമാർ, ഗവ. ചീഫ് വിപ്പ് എന്നിവരുടെ നേരിട്ടുള്ള ഇടപെടലിലും വികസനത്തിലും സാമൂഹിക സുരക്ഷയിലും മുമ്പെങ്ങുമില്ലാത്ത തണലാണ് തൃശൂരിലെ ജനതയ്ക്കുള്ളത്. അതുകൊണ്ടു തന്നെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെറ്റിദ്ധാരണമൂലമുണ്ടായ കൈത്തെറ്റ് ആവർത്തിക്കില്ലെന്ന ഉറച്ച തീരുമാനമുണ്ടവർക്ക്.
കൃഷിമന്ത്രി വി എസ് സുനിൽകുമാർ, വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, വ്യവസായ മന്ത്രി എ സി മൊയ്തീൻ എന്നിവർ പ്രളയകാലത്ത് രാപ്പകലില്ലാതെ തങ്ങളോടൊപ്പം നിന്ന് നടത്തിയ രക്ഷാപ്രവർത്തനം മറക്കാനാകില്ല എന്നാണ് തൃശൂരുകാരുടെ മനസ്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള 86 ഗ്രാമപഞ്ചായത്തുകളിൽ 66 എണ്ണവും ഇടതുപക്ഷത്തോടൊപ്പം നിന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 13 എണ്ണം ഇടതുപക്ഷം ഭരിക്കുമ്പോൾ മൂന്നെണ്ണം മാത്രമാണ് യുഡിഎഫിനുള്ളത്. ഏഴ് നഗരസഭകളിൽ ആറും തൃശൂർ കോർപ്പറേഷനും ഇടതുമുന്നണി ഭരിക്കുന്നു. ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിൽ 20 എണ്ണത്തിലും ഇടതു പ്രതിനിധികളാണ്. ജില്ലയിലെ 86 പഞ്ചായത്ത് ഓഫീസുകളും ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയത് തദ്ദേശഭരണ വികസനത്തിൽ പക്ഷാഭേദമില്ലെന്ന് സർക്കാർ തെളിയിച്ചതിന്റെ ഉദാഹരണമായി. ഇടതുമുന്നണി ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് സിപിഐ(എം) ലെ മേരി തോമസും വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശുമാണ്. അന്തിക്കാട്, ചാലക്കുടി, ചേർപ്പ്, ചൊവ്വന്നൂർ, ഇരിങ്ങാലക്കുട, കൊടകര, മതിലകം, മുല്ലശ്ശേരി, ഒല്ലൂക്കര, പഴയന്നൂർ, തളിക്കുളം, വെള്ളാങ്ങല്ലൂർ, വടക്കാഞ്ചേരി ബ്ലോക്കുകളാണ് എൽഡിഎഫ് ഭരിക്കുന്നത്. ചാവക്കാട്, മാള, പഴയന്നൂർ എന്നിവയാണ് യുഡിഎഫിന്റേത്.
ഇരിങ്ങാലക്കുട നഗരസഭ യുഡിഎഫ് ഭരിക്കുമ്പോൾ ചാലക്കുടി, ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകളിലെ വികസനം ഇടതു ഭരണത്തിന്റേതാണ്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അഴിമതിയിൽ നിന്ന് തൃശൂർ നഗരത്തെ മോചിപ്പിച്ചത് 2015 ൽ അധികാരത്തിൽ വന്ന ഇടതു ഭരണമാണ്. നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പട്ടാളം റോഡ് വികസനം ദിവാൻജിമൂല റയിൽവേ മേൽപ്പാലം, എംഒ റോഡിലെ സബ് വേ തുടങ്ങിയവ വികസനവഴികളിലെ ചില ഏടുകൾ മാത്രം.
മുൻ മേയർ സിപിഐയിലെ അജിതാ വിജയനും നിലവിലെ മേയർ സിപിഐ(എം)ലെ അജിത ജയരാജനും പെൺനേതൃത്വത്തിന്റെ കരുത്തുറ്റ പ്രതീകങ്ങളാണ്. അതേ മാതൃക തന്നെയാണ് ജില്ലാ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് സിപിഐയിലെ ഷീല വിജയകുമാറും സിപിഐ(എം) പ്രതിനിധിയായ നിലവിലെ പ്രസിഡന്റ് മേരി തോമസും. എണ്ണത്തിൽ കുറവാണെങ്കിൽ പോലും യുഡിഎഫിന്റെ കിഴിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വികസനം സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കൊണ്ടാണെന്ന് തിരിച്ചറിയുന്ന ജനത ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പൂർണ വിജയം നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. പ്രളയ ദുരിതാശ്വാസവും ലൈഫ്, കെയർ ഹോം വിടുകളുമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എടുത്തു കാണിക്കുന്ന വികസനം. യുഡിഎഫിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് ആകട്ടെ ജില്ലാ അധ്യക്ഷൻ ഇല്ലാത്ത അവസ്ഥയിലും. ജില്ലാ പ്രസിഡന്റ് ടി എൻ പ്രതാപൻ എംപി ആയെങ്കിലും പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ഗ്രൂപ്പ് തർക്കം മൂലം ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ അവരുടെ തമ്മിൽത്തല്ല് അല്ല, ഇടതുപക്ഷമുന്നണിയുടെ ജനപക്ഷ നിലപാടും ഉറച്ച വികസനനയവും തന്നെയാവും ഇത്തവണയും ഇടതുമുന്നണിയെ നെഞ്ചേറ്റാൻ ജനങ്ങൾക്ക് പ്രേരണയാവുക എന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം വർഗീസും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.