Tuesday
19 Feb 2019

ഒഎന്‍വിയുടെ ജനപക്ഷ കവിതകളിലൂടെ

By: Web Desk | Tuesday 13 February 2018 8:00 AM IST

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍

സുദീര്‍ഘമായൊരു കാവ്യസപര്യയിലൂടെ മലയാളകവിതയേയും മലയാളത്തില്‍ എഴുതിയ ദേശീയ കവിതയേയും മഹാകവി ഒഎന്‍വി ധന്യമാക്കി. കവിതാനിരൂപണം ചുവന്ന ദശകം എന്നു വിശേഷിപ്പിച്ച കാലഘട്ടം ഒട്ടേറെ കവികളുടെ സവിശേഷ സാന്നിധ്യം വിളിച്ചറിയിക്കുകയുണ്ടായി.

അതില്‍ ഏറ്റവും ശ്രദ്ധേയരായ നാലഞ്ചു കവികളുണ്ട്. പി ഭാസ്‌കരന്‍, വയലാര്‍, ഒഎന്‍വി, തിരുനല്ലൂര്‍, പുതുശ്ശേരി എന്നിങ്ങനെ ആ പേരുകള്‍ തുടരുന്നു. ആ കവികുലത്തിനാകെ മാര്‍ഗദര്‍ശനമരുളുന്ന മാര്‍ക്‌സിസം എന്ന തത്വദര്‍ശനത്തില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. അവരുടെ കാവ്യദര്‍ശത്തിന്റെ കേന്ദ്രബിന്ദുവായി മാര്‍ക്‌സിസം ഇടം നേടി. പ്രസ്തുത കവികളുടെ ആദ്യകാല രചനകളില്‍ അവിശ്വാസം പ്രകടമാണ്. കവിതയുടെ ശില്‍പ ഭദ്രതയിലും വിശ്വമാനവികതയിലും അവര്‍ നേടിക്കൊണ്ടിരുന്ന വളര്‍ച്ച പ്രകടനപരതയില്‍ നിന്ന് ആന്തരികസൗന്ദര്യത്തിലേക്ക് അവരുടെ കവിതകളെ ഉയര്‍ത്തി. അത്തരം പരിണാമങ്ങളില്‍ ഏറെ ശ്രദ്ധിച്ച ഒരു കവിയാണ് ഒഎന്‍വി കുറുപ്പ്.

ഒഎന്‍വി കവിതയില്‍ പ്രകടമായ രണ്ട് കാലഘട്ടം ഒരു നോട്ടത്തില്‍ തന്നെ തിരിച്ചറിയാം. അത് കവിയുടെ നയവ്യതിയാനമാണെന്ന് ചിലരെങ്കിലും തെറ്റിധരിച്ചു. വളരുന്ന കവിയുടെ സംക്രമണഘട്ടമായി ആ മാറ്റത്തെ തിരിച്ചറിയേണ്ടതുണ്ട്. കൊല്ലത്തുനിന്നു പുറപ്പെട്ടിരുന്ന രാജ്യാഭിമാനി എന്ന പ്രസിദ്ധീകരണത്തിലാണ് ഒഎന്‍വിയുടെ ഒരു കവിത ആദ്യമായി അച്ചടിക്കപ്പെടന്നത്. കവി അന്നൊരു പതിനഞ്ചുകാരനായിരുന്നു. മുന്നോട്ട് എന്ന കാവ്യശീര്‍ഷകത്തില്‍ കവിയുടെ പില്‍ക്കാല നിലപാടിന്റെ സൂചനയുണ്ടെന്ന് തോന്നുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ‘പൊരുതുന്ന സൗന്ദര്യം’ എന്ന ആദ്യസമാഹാരം പുറത്തുവന്നു. അതില്‍ കവിയുടെ നിലപാട് കൂടുതല്‍ വ്യക്തമായി. 1956 വരെയുള്ള കവിതകളുടെ സമാഹാരമാണ് ദാഹിക്കുന്ന പഠനപാത്രം.

”ഇന്നിന്റെയന്തിക്കുമാ
നാളെ തന്‍ പുലരിക്കും
ചെന്നിണം പൂശീടുവാന്‍
നിന്‍തൂവല്‍ ചലിക്കട്ടെ”
എന്നു ഒഎന്‍വി ആശംസിക്കുന്നത് ആദികവിയെ മുന്‍നിര്‍ത്തി എല്ലാ കവികളോടുമാണ് (കവിയും കാട്ടാളനും)’മണ്ണിന്റെ സ്വപ്‌നം’ എന്ന കവിതയില്‍ കവി ഉഴവന്മാരോട് വിളിച്ചു പറയുന്ന വാക്കുകള്‍ പ്രത്യക്ഷത്തില്‍ താഴ്‌വരകള്‍ ഉഴുതുമറിക്കാനുള്ള ആഹ്വാനമാണ്, അതില്‍തന്നെ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഹൃദയഭൂമിയില്‍ വിതയ്‌ക്കേണ്ട വിത്തുകള്‍ കവി കരുതിവച്ചിരിക്കുന്നതും കാണാം.

ഒഎന്‍വി, തോപ്പില്‍ ഭാസി, ജി ദേവരാജന്‍

”കുതിര്‍ന്ന നിലമിത്; രുധിരം, മര്‍ദ്ദിത-
രുധിരം വീണൊരു ‘പത’മില്ലേ?
ചുകന്ന മണ്ണിത്; നിരവധി ഹൃദയം
പകര്‍ന്ന പാടലനിറമില്ലേ?
കലര്‍ന്നിരിപ്പൂ ലവണം, തൂവേര്‍-
പ്പുതിര്‍ന്നു വീണൊരു നിലമല്ലേ?
ഇവിടെ ജനച്ചവ,രിവിടെ വിതച്ചവ-
രിനിയതിനുടയവര്‍ നാമല്ലേ?”
എന്നാകുന്നു കവിയുടെ തുടര്‍വചനങ്ങള്‍. മണ്ണിന്റെ ഉടമാവകാശം മണ്ണില്‍ പണിയെടുക്കുന്നവനാണെന്നുള്ളത് കവിയുടെ ചീരകാല വിശ്വാസമാണ്. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്ന് പില്‍ക്കാലത്ത് കവിക്ക് പാടുവാന്‍ കഴിഞ്ഞത് ആ ആശയത്തിന്റെ വിത്ത് ഉള്ളില്‍ത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ്.
‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എഴുതി:

”ഇന്ന് മലയാളകവിതയുടെ വെന്നിക്കൊടികളായ ഒഎന്‍വി കുറുപ്പും വയലാര്‍ രാമവര്‍മയും മറ്റും എണ്ണത്തില്‍ കൂട്ടാവുന്നവരല്ലെന്ന് പറയുന്നവരുണ്ട്. ഈ ചെറുപ്പക്കാര്‍ അങ്ങേയറ്റത്തെ അപകടക്കാരാണെന്നുപോലും ഭയമായിരിക്കുന്നു അവര്‍ക്ക്. ഒഎന്‍വിയെയും കൂട്ടരെയും കുറിച്ചു പറയുമ്പോള്‍ ആ പറയുന്നവരുടെ നാവില്‍ ചങ്ങമ്പുഴയും ഇടപ്പള്ളിയുമൊക്കെ അംഗീകൃത കവികളാകുന്നുണ്ട്. മനുഷ്യന്റെ പക്ഷപാതങ്ങള്‍ എത്രവേഗമാണ് ഉടഞ്ഞുപോകുന്നതെന്ന് എനിക്ക് തോന്നുന്നു. ഈ വിധികര്‍ത്താക്കള്‍ തന്നെ ഏതാനും നാളുകള്‍ക്കുള്ളില്‍ ഒഎന്‍വിയെയും മറ്റും ബലാല്‍ക്കാരേണ പിടിച്ചു മഹാകവികളാക്കും.”
മുണ്ടശ്ശേരിയുടെ വാക്കുകള്‍ പില്‍ക്കാലത്ത് സാര്‍ഥകമാവുകതന്നെ ചെയ്തു.
കവി പ്രണയത്തെക്കുറിച്ചും പുത്രവാത്സല്യത്തെക്കുറിച്ചും വിലോലമായ എല്ലാ ഹൃദയഭാവങ്ങളെക്കുറിച്ചും വികാരവായ്‌പോടെ ഉദ്ഗാനം ചെയ്യുന്നത് സ്വാഭാവികമാണ്. ഒഎന്‍വി കവിതയുടെ വഴിത്തിരിവില്‍ ആ സ്വാഭാവികതയുണ്ട്. ഒന്നരപ്പതിറ്റാണ്ടായി പരിചയിച്ചുവന്ന രചനാരീതി ഈ പുതിയ ഘട്ടത്തില്‍ കാര്യമായി പരിഷ്‌കരിക്കപ്പെടുകയുണ്ടായി. കാഴ്ചപ്പാട് വിശാലമായപ്പോള്‍ വിപ്ലവകവിയുടെ മുഖച്ഛായ ജനപക്ഷകവിയുടേതാകുന്നു. വിപ്ലവബോധത്തിന്റെ നിഷേധമല്ല, അതില്‍ സംഭവിക്കുന്ന പരിണാമമാണ് എന്നതിനെ വായിച്ചെടുക്കേണ്ടതുണ്ട്. സാമൂഹ്യമായ ദുര്‍നിയമങ്ങള്‍ക്കെതിരെ പരുഷമായി പ്രതികരിച്ച കവി സാമൂഹ്യമായ ദുഃഖാനുഭവങ്ങള്‍ അനുതാപത്തോടെ അവതരിപ്പിക്കുമ്പോള്‍ മൗലികമായ വ്യത്യാസം സംഭവിക്കുന്നില്ല.
1964 ല്‍ പ്രസിദ്ധീകൃതമായ മയില്‍പ്പീലി എന്ന സമാഹാരത്തിലെ ചില രചനകളാണ് ഒഎന്‍വി കവിതയുടെ ചരിത്രത്തിലെ പുതിയൊരു കാലഘട്ടം വിളംബരം ചെയ്തത്.

”ഒരു മണ്ണടുപ്പാണീ
മന്നിടം, അതിന്നുള്ളില്‍
തിരുകിത്തീപൂട്ടിയ
വിറകാണെല്ലാമെല്ലാം”
എന്നിങ്ങനെ ‘നാലുമണിപ്പൂക്ക’ളില്‍ കവിഹൃദയം തേങ്ങുമ്പോള്‍ ആ ഹൃദയം എത്രമേല്‍ ആര്‍ദ്രമെന്നു വ്യക്തമാവുന്നു. ചോറൂണ് എന്ന കവിതയില്‍ കവിയുടെ മാനവികബോധം ഇടയ്ക്കിടെ കുടുംബാന്തരീക്ഷത്തില്‍ നിന്നു പുറത്തേക്ക് കടക്കുകയും കുടുംബത്തിലേക്കുതന്നെ മടങ്ങിയെത്തുകയും ചെയ്യുന്നത് കാണാം. ചരിത്രം തളംകെട്ടിക്കിടക്കുന്ന പ്രാക്തന സംസ്‌കാരത്തിന്റെ ഭൂമികയിലൂടെ കടന്നുപോകുമ്പോള്‍ കുറച്ചുനേരത്തേക്ക് കവി സാമൂഹ്യമനുഷ്യനായി മാറുന്നു.
”എല്ലാം വളരുന്നു, പൂക്കുന്നു, കായ്ക്കുന്നി-
തെല്ലാറ്റിനും വളക്കൂറുറ്റതിന്നിലം
ഊഴിതന്നക്ഷയപാത്രത്തില്‍ നിന്നൊരേ
സൂര്യന്റെ ചൂടും വെളിച്ചവുമുണ്ണുവോര്‍
വര്‍ണങ്ങള്‍ ചൊല്ലുകള്‍ വെവ്വേറെയെങ്കിലും
ഒന്നിച്ചുകൂടിക്കഴിഞ്ഞതാണിന്നിലം”
(ചോറൂണ്)
എന്ന കാഴ്ചപ്പാട് അസ്ഥാനത്തല്ല.

മാനവികതയുടെ ഉദ്ഗാതാക്കളായ എല്ലാ കവികളും ഒരേതരത്തിലാവില്ല ജീവിതത്തോട് പ്രതികരിക്കുക. ഓരോ കവിക്കും സ്വന്തമായ പ്രതികരണശീലങ്ങളുണ്ടാവും. ഒരു കവിതന്നെ കാവ്യസപര്യയുടെ പലപടവുകളില്‍ നില്‍ക്കുമ്പോള്‍ ആവിഷ്‌കാരശൈലിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ടാവും. അപ്പോഴും രചനാധര്‍മവും അതിന്റെ ആത്യന്തിക ഫലവും ഒന്നുതന്നെ ആയിരിക്കുന്നതില്‍ എഴുത്തുകാരന്‍ ജാഗരൂകത പുലര്‍ത്തുന്നതു കാണാം. ഒരു സംവാദത്തിനിടയ്ക്ക് ആദ്യകാല കവിതകളില്‍ വിപ്ലവത്തിന്റെ അതിപ്രസരമുണ്ടായതില്‍ പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തിന് എം ടി വാസുദേവന്‍ നായരോട് ഒഎന്‍വി ഇങ്ങനെ പ്രതികരിച്ചു.

”ഒരിക്കലുമില്ല. പശ്ചാത്താപം ഒരിക്കലുമില്ല. കാരണം പൊയ്‌പ്പോയ ദിവസങ്ങളെ ഓര്‍ത്ത് ഒരിക്കലും ദുഃഖിക്കുകയല്ല ചെയ്യേണ്ടത്. പക്ഷേ, പൊയ്‌പ്പോയ ദിവസങ്ങളുടെ വാഗ്ദാനങ്ങള്‍, പൊയ്‌പ്പോയ ദിവസങ്ങളിലെ നമ്മുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍, കവികര്‍മം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍, ഫലപ്രാപ്തിയിലെത്തിയില്ല എന്നതിലൊരു ദുഃഖം എപ്പോഴുമുണ്ട്. അല്ലാതെ പൊയ്‌പ്പോയ കാലത്തെപ്പറ്റി ഒരിക്കലും എനിക്കൊരു പശ്ചാത്താപവും തോന്നിയിട്ടില്ല.”
ഇങ്ങനെയുള്ള തുറന്നുപറച്ചിലിന് ആത്മവിമര്‍ശനത്തിന്റെ സ്വഭാവമുണ്ട്. മാര്‍ക്‌സിസ്റ്റ് സംസ്‌കൃതിയില്‍ ആത്മവിമര്‍ശനം പ്രസ്ഥാനവിരുദ്ധതയല്ല. ‘എവിടെയാ വാഗ്ദത്തഭൂമി’ എന്ന കവിയുടെ ചോദ്യം രാഷ്ട്രീയ പ്രസ്ഥാനത്തെ ആത്മവിമര്‍ശനത്തിലേക്ക് നയിക്കേണ്ടതുണ്ട്. ഭാഗികമായ നേട്ടങ്ങള്‍ കവിയുടെ ചോദ്യത്തിനുളള ഉത്തരമല്ല. ‘ആരെയുമടിമയായ് ഭൂമിയില്‍ കാണാത്തൊരു കാലത്തിന്‍ തുടുമുഖം തേടി പുറപ്പെട്ട’ ജനസഞ്ചയത്തിലൊരുവനായ് നിന്നുകൊണ്ടാണ് കവി ചോദ്യങ്ങള്‍ ചോദിക്കുന്നത്. കവികള്‍ നില്‍ക്കുന്നതും നില്‍ക്കേണ്ടതും ജനപക്ഷത്താണ്. അവരെ ശത്രുവായി കാണാതിരിക്കാനുള്ള വിവേകം നല്ല കാലത്തിന്റെ സൃഷ്ടിക്ക് ആവശ്യമാണ്.