കാണികളുടെ ചിരിയിൽ തുളസീദാസിന്റെ സർക്കസ് ജീവിതം അറുപതാംവർഷത്തിൽ

കെ കെ ജയേഷ്
Posted on December 05, 2019, 9:54 pm

കോഴിക്കോട്: പതിമൂന്നാം വയസ്സിലാണ് തുളസീദാസ് ചൗധരിയെന്ന കൊച്ചുകലാകാരൻ സർക്കസിന്റെ ലോകത്തെത്തുന്നത്. ഗ്രേറ്റ് ബോംബെ സർക്കസ് കോഴിക്കോട്ട് പ്രദർശനം തുടരുമ്പോൾ വിഷമങ്ങൾ ഏറെയുണ്ടെങ്കിലും തന്റെ സർക്കസ് ജീവിതത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുകയാണ് ബീഹാറിലെ ചപ്ര ജില്ലയിൽ നിന്നുള്ള ഈ കലാകാരൻ. വെറും മൂന്നരയടി മാത്രം ഉയരമുള്ള തുളസീദാസ് ജോക്കറായാണ് ഗ്രേറ്റ് ബോംബെ സർക്കസിൽ ജോലിയിൽ പ്രവേശിച്ചത്. തന്റെ 73ാം വയസ്സിലും ഇദ്ദേഹം ജോക്കറായി കാണികളെ പൊട്ടിച്ചിരിപ്പിക്കുകയാണ്. പ്രയാസങ്ങൾ ഏറെയുണ്ടെങ്കിലും കാണികൾക്ക് മുമ്പിലെത്തുമ്പോൾ താനതെല്ലാം മറക്കുമെന്ന് അദ്ദേഹം പറയുന്നു. പിന്നെ മുന്നിലിരിക്കുന്നവരെ സന്തോഷിപ്പിക്കാനുള്ള പ്രയത്നമാണ്. അവരുടെ മുഖത്ത് ചിരി വിരിയുമ്പോൾ താനും സന്തോഷവാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സർക്കസ് തുളസീദാസിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്. സ്കൂളിലേക്ക് പോകുമ്പോഴാണ് വഴിയിലൊരിടത്ത് സർക്കസ് നടക്കുന്നത് കാണുന്നത്. സ്കൂൾ വിട്ട് തിരിച്ചുപോരുമ്പോൾ നേരെ സർക്കസ് കൂടാരത്തിലേക്ക് പോയി. തന്നെ പോലെ പൊക്കം കുറഞ്ഞ മനുഷ്യർ അവിടെ ഒരുപാട് പേരെ സന്തോഷിപ്പിക്കുന്നത് കണ്ടപ്പോൾ തന്നെ ഇതാണ് തന്റെ ലോകമെന്ന് തീർച്ചപ്പെടുത്തി. സർക്കസിന്റെ ഉടമകളായ ബാബുറാവു കാതവും മലയാളിയായ കെ എം ബാലഗോപാലും അവിടെ ഉണ്ടായിരുന്നു. അവരെ നേരിട്ട് കണ്ട് സർക്കസിൽ ചേരാനുള്ള തന്റെ ആഗ്രഹം പറഞ്ഞു. ഉടമകൾ സ്വാഗതം ചെയ്തെങ്കിലും വീട്ടുകാർ എതിരായിരുന്നുവെന്ന് തുളസീദാസ് പറയുന്നു.

“അന്ന് സർക്കസ് ഏറെ തിളങ്ങി നിൽക്കുന്ന സമയമാണ്. ജനങ്ങളുടെ ആവേശമായിരുന്നു കൂടാരത്തിലെങ്ങും കാണാൻ കഴിയുക. ഒരു ദിവസം വേഷം കെട്ടി തമ്പിലേക്കിറങ്ങുമ്പോൾ മൂത്ത സഹോദരൻ അവിടെ വന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. വീട്ടിൽ ഏറ്റവും ഇളയവനായിരുന്നു ഞാൻ. ബാക്കി സഹോദരൻമാർക്കെല്ലാം സാധാരണ ഉയരമുണ്ടായിരുന്നു. എന്നാൽ ഞാൻ മാത്രം വളരെ ചെറിയ ആൾ. എനിക്ക് മറ്റൊരു ജോലിയിലും ശോഭിക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലിരിക്കുമ്പോഴും കൂടാരം എന്നെ തിരികെ വിളിച്ചുകൊണ്ടിരുന്നു’- തുളസീദാസ് പറഞ്ഞു.

രണ്ടു മാസത്തിന് ശേഷം എതിർപ്പുകളെ മറികടന്ന് വീണ്ടും തമ്പിലെത്തി. പിന്നീട് വീടുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. മാതാപിതാക്കളും സഹോദരങ്ങളും ഇപ്പോൾ ജീവിച്ചിരിപ്പില്ല. സർക്കസ് ജീവിതത്തിനിടെ വിവാഹം കഴിക്കാനും മറന്നു. സർക്കസ് കൂടാരവും അവിടെയുള്ളവരുമാണ് തന്റെ കുടുംബം. എഴുപത്തി മൂന്നാം വയസ്സിലും താൻ മുഖത്ത് ചായം തേച്ച് കാണികൾക്ക് മുന്നിലെത്തുന്നു. വർഷത്തിലൊരിക്കൽ ഗ്രേറ്റ് ബോംബെ സർക്കസ് നാട്ടിലെത്തുമ്പോൾ താനും ജന്മനാടിനെ കാണും.. അവിടെ കുടുംബക്കാർ ആരുമില്ലെങ്കിലും പഴയതെല്ലാം ഓർക്കും.… തുളസീദാസ് വ്യക്തമാക്കി.

നേപ്പാൾ സ്വദേശിനിയാണ് ഗ്രേറ്റ് ബോംബെ സർക്കസിൽ അപകടകരമായ നിരവധി ഇനങ്ങൾ അവതരിപ്പിക്കുന്ന സബീന. ഫയർ ഡാൻസിൽ ഉൾപ്പെടെ ഇവർ തിളങ്ങുന്നു. സർക്കസിന്റെ ഈറ്റില്ലമായിരുന്ന കേരളത്തിലെ തലശ്ശേരിയെ പോലെ സർക്കസിന് പേരുകേട്ട നേപ്പാളിലെ ഹട്ടാഡയിൽ നിന്നാണ് സബീന സർക്കസിലേക്കെത്തിയത്. രണ്ട് സഹോദരിമാരും സർക്കസിലുണ്ടായിരുന്നു. അങ്ങിനെയാണ് സർക്കസിനോട് താത്പര്യം തോന്നിയത്.
സർക്കസിന് മുമ്പുള്ള ലാഭമൊന്നുമില്ല. 24 ആനകളും 15 പുലികളും ഒക്കെയായി വലിയ രീതിയിൽ പ്രവർത്തിച്ചതാണ് ഗ്രേറ്റ് ബോംബെ സർക്കസ്. ഇന്ന് വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ട് പോകുന്നത്.

സർക്കസിനെ വിട്ടുപിരിയാൻ തോന്നാത്തതുകൊണ്ട് ഈ വഴിയിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും സബീന പറഞ്ഞു. നേപ്പാൾ വിരാട് നഗർ സ്വദേശിനിയായ മന്ദിരയും നേപ്പാൾ സ്വദേശിനി തന്നെയായ സബിനയും സർക്കസിനൊപ്പം ജീവിതം തുടരുന്നു. മലയാളിയായ ശ്രീഹരി നായർ ഉൾപ്പെടെയുള്ളവരുടെ പ്രോത്സാഹനമാണ് ഈ രംഗത്ത് തുടരാൻ പ്രേരിപ്പിക്കുന്നത്. കേരളം ഏറെ മനോഹരമാണെന്നും ഇവിടെ വെച്ച് പിതൃതുല്യനായ തുളസീദാസിന്റെ സർക്കസിലെ അറുപതാം വാർഷികം ആഘോഷിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഇവർ പറയുന്നു.