പ്രത്യേക ലേഖകൻ

January 16, 2020, 5:30 am

ഇങ്ങനെ ചില അതിജീവനസമരങ്ങൾ

Janayugom Online

രാജ്യം മുഴുവൻ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ നടുവിലാണ്. എല്ലാ ശ്രദ്ധയും അവിടെ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. രാജ്യമാകെ വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടിനില്പാണ്. തൊഴിലില്ലായ്മയും തൊഴിലുള്ളവരുടെ പ്രതിസന്ധിയും രൂക്ഷവുമാണ്. ഇതുകൊണ്ടുതന്നെയാണ് വിഭജനത്തിന്റെ തത്വശാസ്ത്രവുമായി ഭരിക്കുന്ന ബിജെപി സർക്കാർ അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നത്. അതിവൈകാരികതയും സാമുദായിക ധ്രുവീകരണവും ലക്ഷ്യം വച്ചുള്ള നടപടികൾ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. എങ്കിലും പല സംസ്ഥാനങ്ങളിലും വിവിധ വിഭാഗങ്ങൾ നടത്തുന്ന നിലനില്പിനും അതിജീവനത്തിനുമായുള്ള സമരങ്ങൾ നടക്കുന്നുണ്ട്. പലതും നമ്മുടെ ശ്രദ്ധയിലെത്താതെ പോകുന്നു. പല മാധ്യമങ്ങളും അത്രയധികം പ്രാധാന്യം നല്കാത്ത സമരങ്ങളും പണിമുടക്കുകളും പല സംസ്ഥാനങ്ങളിലും നടക്കുന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളാണ് ഈ സമരങ്ങളുടെയെല്ലാം മൂലകാരണമെന്ന് കണ്ടെത്താവുന്നതാണ്.

അസം പേപ്പർ മിൽ സമരം

പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടു നല്കിയ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലാത്തതിന്റെ ഇരകളാണ് അസമിലെ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ ലിമിറ്റഡി(എച്ച്പിസിഎൽ) ലെ തൊഴിലാളികളും ജീവനക്കാരും. ഒരുകാലത്ത് മെച്ചപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാം പട്ടികയിൽ ഇടം പിടിച്ചിരുന്ന ഈ സ്ഥാപനം മിനി രത്ന അവാർഡൊക്കെ ലഭിച്ച പൊതുമേഖലാ വ്യവസായസംരംഭമാണ്. സ്ഥാപനത്തെ നവീകരിക്കുമെന്നും കൂടുതൽ മെച്ചപ്പെട്ട നിലയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി വാഗ്ദാനം നൽകിയത് ഈ സ്ഥാപനത്തെ സംബന്ധിച്ചായിരുന്നു. പക്ഷേ ഒന്നുമുണ്ടായില്ലെന്നു മാത്രമല്ല സ്ഥാപനം അവസാനിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിരിക്കുകയാണ് അധികൃതർ. നല്ല നിലയിൽ ഉല്പാദനമുണ്ടായിരുന്ന എച്ച്പിസിഎല്ലിന് കീഴിൽ കച്ചാർ പേപ്പർ മിൽ (സിപിഎം), നഗോൺ പേപ്പർ മിൽ (എൻപിഎം) എന്നീ രണ്ടു സ്ഥാപനങ്ങളാണുള്ളത്. രണ്ടിടങ്ങളിലെയും തൊഴിലാളികൾ മൂന്ന് വർഷമായി വേതനം ലഭിക്കാതെയാണ് തൊഴിലെടുക്കുന്നത്. ഇതിനിടയിൽ രോഗം ബാധിച്ച് അവശരായി 57 പേർ മരിച്ചു. ജീവിക്കാൻ ഗതിയില്ലാതെ മൂന്ന് പേർ ജീവനൊടുക്കി. വേതനം കിട്ടാതെ പട്ടിണിയുടെ നടുവിലാണെങ്കിലും ജീവനക്കാരോട് സ്ഥാപനം വക വസതി ഒഴിഞ്ഞുകൊടുക്കുന്നതിന് ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ.

സംസ്ഥാനത്ത് സ്വകാര്യ സംരംഭകർക്ക് പേപ്പർ മില്ലുകൾ സ്ഥാപിക്കുന്നതിന് അനുവാദം നൽകിയ ശേഷം അവർക്കുവേണ്ടി ഈ പൊതുമേഖലാ സ്ഥാപനത്തെ തകർക്കുകയാണ് സർക്കാരെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. അതിന്റെ ഭാഗമായി കച്ചാർ പേപ്പർ മില്ലി‍ൽ 2015 ഒക്ടോബറിൽ പൊടുന്നനെ ഉൽപാദനം വേണ്ടെന്നുവച്ചു. അന്നുമുതൽ തൊഴിലാളികൾ ആനുകൂല്യങ്ങൾക്കായി സമരത്തിലാണ്. 2017 മാർച്ചിലാണ് നഗോൺ പേപ്പർ മിൽ ഉൽപാദനം നിർത്തിയത്. എന്നാൽ ഇതുവരെയായിട്ടും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. തൊഴിലാളികൾ സമരം തുടരുകയാണ്. ഇതിനിടയിലാണ് ഡിസംബറിൽ വീടുകളൊഴിയുന്നതിന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ പൊറുതിമുട്ടിയ തൊഴിലാളികളുടെ മക്കൾ തെരുവുകളിലിറങ്ങി യാചിക്കുന്ന സ്ഥിതിയാണെന്ന് അവിടെ നിന്നുള്ള വാർത്തകൾ പറയുന്നു. പുസ്തകം വാങ്ങാൻ പണമില്ല, സഹായിക്കണം എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ തെരുവിലലയുന്നത്.

രാജ്യത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന പേപ്പർ മില്ലുകൾ ലാഭകരമായി പ്രവർത്തിക്കുമ്പോഴാണ് പൊതുമേഖലയിലുള്ളവ നഷ്ടത്തിലാണെന്ന് വരുത്തി സർക്കാർ അടച്ചുപൂട്ടുന്നത്. ഇതിനെതിരെയാണ് അസമിലെ ആയിരക്കണക്കിന് തൊഴിലാളികൾ സമരത്തിലുള്ളത്. അവരുടെ കുട്ടികൾ ജീവിതച്ചെലവുകൾക്കായി തെരുവിൽ യാചിക്കുന്നത്. കേന്ദ്ര പൊതുമേഖലയിൽ കോട്ടയം വെള്ളൂരിലുള്ള ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് എന്ന സംരംഭത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല.

യുപിയിൽ അഞ്ചുലക്ഷം അധ്യാപകർ കൂട്ട അവധിക്ക്

ഉത്തർപ്രദേശിലെ പ്രീപ്രൈമറി, പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്ന അഞ്ച് ലക്ഷം പേർ 21 ന് ഏകദിന പണിമുടക്ക് നടത്തുകയാണ്. ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിലൂടെ നിരീക്ഷണ വിധേയമാക്കുന്നതിനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അധ്യാപകർ സമരത്തിനൊരുങ്ങുന്നത്. ദേശീയ പെൻഷൻ പദ്ധതി ബിജെപി സർക്കാർ നടപ്പിലാക്കിയതാണ്. ഇത് നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഇല്ലാതാക്കുന്നതാണെന്നതിനാൽ രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും അധ്യാപകരും ജീവനക്കാരും സമരത്തിലുമാണ്. എന്നാൽ അധ്യാപകരെ നിരീക്ഷിക്കുകയെന്നത് ഉത്തർപ്രദേശിൽ മാത്രം നടപ്പിലാക്കിയ രീതിയാണ്. ഇതിനായി പ്രേർണ എന്ന പേരിൽ ഒരു ആപ്ലിക്കേഷന് രൂപം നൽകിയിട്ടുണ്ട്. ഓരോ ദിവസവും രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്ന് നേരങ്ങളിൽ സെൽഫിയെടുത്ത് അയച്ചുനല്കണമെന്നാണ് നിർദ്ദേശം, രാവിലെ സ്കൂൾ അസംബ്ലിയിൽ ഹാജരാകുന്നത്, ഉച്ചയ്ക്ക് വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനൊപ്പം, വൈകിട്ട് പ്രഥമാധ്യാപർക്കൊപ്പം എന്നിങ്ങനെ. ഇത് അധ്യാപകരോടുള്ള വിശ്വാസ്യതക്കുറവിന്റെ ഭാഗമാണെന്നും അപമാനിക്കലാണെന്നുമാണ് സംഘടനകളുടെ ആരോപണം. സംസ്ഥാനത്താകെയുള്ള അഞ്ച് ലക്ഷത്തോളം അധ്യാപകർ 21 ന് കൂട്ട അവധിയെടുത്താണ് ഇതിനെതിരെ പ്രതിഷേധിക്കുക. ഇതിനായി ഒരേ രീതിയിലുള്ള അവധി അപേക്ഷാ ഫോറങ്ങൾ തയ്യാറാക്കിക്കഴിഞ്ഞു.

ഫാക്ടറി കയ്യടക്കി തൊഴിലാളികൾ

നരേന്ദ്രമോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട മാന്ദ്യം ഏറ്റവുമധികം ബാധിച്ച ഒന്നായിരുന്നു വാഹന നിർമ്മാണ മേഖല. ഹോണ്ട, സ്കൂട്ടർ ഇന്ത്യ, ഐഷർ, അശോക് ലെയ്‌ലൻഡ്, ഹുണ്ടായി, യമഹ എന്നിങ്ങൻെ എല്ലാ പ്രമുഖ കമ്പനികളും പ്രതിസന്ധിയിലായി. ഇതേതുടർന്ന് വേതനത്തിനും ആനുകൂല്യങ്ങൾക്കുമായി ഈ രംഗത്തെ തൊഴിലാളികളും ജീവനക്കാരും പ്രക്ഷോഭത്തിനിറങ്ങി. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഹോണ്ട കമ്പനിയിലെ തൊഴിലാളി സമരം. പ്രസ്തുത സമരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഹരിയാനയിൽ ബിനോളയിലെ തൊഴിലാളികൾ വ്യത്യസ്തമായ സമരമാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. കമ്പനി അടച്ചുപൂട്ടിയതിനെതിരെ കമ്പനിപടിക്കൽ തൊഴിലാളികൾ സമരം ആരംഭിച്ചു. 400 ഓളം സ്ഥിര തൊഴിലാളികളും 800 കരാർ തൊഴിലാളികളും ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ആദ്യം സ്ഥിരം തൊഴിലാളികളാണ് സമരത്തിലുണ്ടായിരുന്നത്. ഉടമകൾ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതിനെ തുടർന്ന് കമ്പനി പിടിച്ചടക്കിയിരിക്കുകയാണ് തൊഴിലാളികൾ. കമ്പനിക്കകത്ത് താമസവും ഭക്ഷണം പാകം ചെയ്യലും പത്തുദിവസം പിന്നിട്ടിരിക്കുന്നു ഈ പുതിയ സമരരൂപം.

ദുരിതത്തിലായി തുകൽതൊഴിലാളികൾ

തൊഴിലാളി വിരുദ്ധ നയങ്ങളോടൊപ്പം ബിജെപി നടപ്പിലാക്കുന്ന അസഹിഷ്ണുതയുടെയും അന്യമതദ്രോഹത്തിന്റെയും ഇരകളാണ് രാജ്യത്തെ തുകൽതൊഴിലാളികൾ. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങളുടെ പേരിൽ തൊഴിൽ നഷ്ടമുണ്ടായതിന് പിന്നാലെ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുമ്പോഴെല്ലാം തുകൽവ്യാപരവും സംസ്കരിക്കുന്ന ജോലികളും അതാത് സംസ്ഥാനങ്ങളിൽ ആഴ്ചകളോളവും മാസങ്ങളോളവും നിരോധിക്കുകയാണ് ബിജെപി സർക്കാരുകൾ. തുകൽ വ്യവസായത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന കാൺപൂരിലെ ലക്ഷക്കണക്കിനാളുകളാണ് ഇതിന്റെ ഫലമായി ദുരിതമനുഭവിക്കുന്നത്.

സ്നാനോത്സവം എന്നറിയപ്പെടുന്ന മഘ് മേള നടക്കുന്നതിനാൽ ഗംഗാജലം അശുദ്ധമാകാതിരിക്കാനെന്ന പേരിൽ ജനുവരി ആദ്യആഴ്ചമുതൽ തുകലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുകയാണ് യുപിയിലെ ആദിത്യനാഥ് സർക്കാർ.

നാൽപതുദിവസമാണ് മഘ്മേള നീണ്ടുനിൽക്കുക. ഇത്രയും ദിവസം നിരോധനവും നിലനില്ക്കും. കഴിഞ്ഞ വർഷം അർധ കുംഭമേള, മഹാകുംഭമേള എന്നീ പേരുകളിലുള്ള സംഗമം നടന്ന വേളയിലും നിരോധനമുണ്ടായിരുന്നു. ഇതും മാസങ്ങൾ നീണ്ടു. വർഷത്തിൽ അഞ്ചും ആറും മാസങ്ങൾ നിരോധനത്തെ തുടർന്ന് ദുരിതമനുഭവിക്കേണ്ട സ്ഥിതിയിലാണ് തുകൽരംഗത്ത് തൊഴിലെടുക്കുന്നവരും വ്യാപാരികളുമായ ലക്ഷക്കണക്കിന് പേർ.