എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം; വനിതാമതിലില്‍ അണിനിരക്കുമെന്ന് തുഷാര്‍

Web Desk
Posted on December 27, 2018, 5:28 pm
ടി കെ അനില്‍കുമാര്‍
ആലപ്പുഴ: എന്‍ഡിഎ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്നും പ്രധാന ഘടകകക്ഷിയായ ബിഡിജെഎസ് വിട്ടുനിന്നു. അയ്യപ്പജ്യോതിയുമായി ബന്ധപ്പെട്ട് ബിഡിജെഎസുമായി ആലോചന നടത്താത്തതാണ് ഇവരെ പ്രകോപിപ്പതെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് അയ്യപ്പജ്യോതിയില്‍ തുഷാറിനെ പങ്കെടുപ്പിക്കാനായി ബിജെപി സംസ്ഥാന നേതൃത്വം പരമാവധി ശ്രമം നടത്തിയിരുന്നു. അയ്യപ്പജ്യോതിക്ക് ഒരു ദിവസം മുമ്പ് മാത്രമാണ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബിജെപി സംസ്ഥാന നേതൃത്വം  പരിപാടിയെകുറിച്ച് ആലോചിച്ചത്. എന്നാല്‍ എന്‍ഡിഎ മാത്രം നടത്തിയ പരിപാടി അല്ലാത്തതിനാലാണ് അയ്യപ്പജ്യോതിയില്‍ നിന്നും വിട്ടുനിന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. കേരളത്തിന്റെ നവോത്ഥാന മൂല്യം സംരക്ഷിക്കാനായി ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാമതിലിന് യാതൊരു രാഷ്ട്രീയവുമില്ല. വനിതാമതില്‍ നടക്കുന്ന ദിവസം ശിവഗിരിയില്‍ ഒരു യോഗമുണ്ടെന്നും പറ്റുമെങ്കില്‍ ഇതിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുക്കാത്തതിനെ സംബന്ധിച്ച് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ബിഡിജെഎസിന്റെ പിന്‍മാറ്റം എന്‍ഡിഎ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍ഡിഎ നടത്തിയ സമരങ്ങളിലെല്ലാം ബിഡിജെഎസിന്റെ സജീവ പിന്തുണ ഉണ്ടായിരുന്നു.
എന്‍ഡിഎ യുടെ രഥയാത്ര നയിച്ചതില്‍ ഒരാള്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായിരുന്നു. ശബരിമല വിഷയത്തെ ബി ജെ പി നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ബിഡിജെഎസ് അണികള്‍ക്ക് ആക്ഷേപമുണ്ടായിരുന്നു. ഇതും അയപ്പജ്യോതി ബഹിഷ്‌ക്കരിക്കുവാന്‍ കാരണമായി. ശബരിമല വിഷയത്തിലടക്കം ബിജെപി നേതൃത്വം നല്‍കുന്ന പരിപാടികളില്‍ നിന്ന് ബിഡിജെഎസ് താല്‍ക്കാലികമായി വിട്ടുനിന്നേക്കും. എന്‍എസ്എസ് അയ്യപ്പജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും നേതാക്കളാരും പങ്കെടുത്തിരുന്നില്ല. അതേ സമയം വനിതാമതില്‍ ലോകം ചരിത്രത്തില്‍ തന്നെ ഇടംപിടിക്കുമെന്ന് നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ സുപ്രാധന പങ്ക് വഹിക്കുവാന്‍ പോകുന്ന വനിതാമതില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടും. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മതിലില്‍ പങ്കാളിയാകണം. മതില്‍ വന്‍ വിജയമാക്കാനായി എസ്എന്‍ഡിപി യോഗം നല്ല മുന്നൊരുക്കം നടത്തുന്നുണ്ട്. കേരളത്തിലെ 117 യൂണിയനുകള്‍ക്ക് കീഴിലുള്ള 700 ശാഖകളില്‍ നിന്നുള്ള അംഗങ്ങള്‍ മതിലിന്റെ ഭാഗമാകും. കൂടാതെ മതിലിന്റെ പ്രചരണത്തിനായി യോഗം ശാഖാസമ്മേളനങ്ങളും കുടുംബസദസ്സും വനിതാ കൂട്ടായ്മയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.