തുഷാര്‍ വെള്ളാപ്പള്ളിയുടെ വണ്ടിച്ചെക്ക്; അന്വേഷണം കൊടുങ്ങല്ലൂരിലും

Web Desk
Posted on August 22, 2019, 8:15 pm

തൃശൂര്‍: ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത വണ്ടിച്ചെക്ക് കേസില്‍ അന്വേഷണം കൊടുങ്ങല്ലൂരിലും. തുഷാര്‍ വണ്ടിച്ചെക്ക് കൊടുത്ത നാസില്‍ അബ്ദുള്ളയുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. പത്ത് വര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അജ്മാന്‍ പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് കണസ്ട്രക്ഷന്‍ കമ്പനി നടത്തുന്ന നാസില്‍ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ നാസില്‍ അബ്ദുള്ളയുടെ വീട്ടിലെത്തി പോലിസ് വിവരങ്ങള്‍ അന്വേഷിച്ചു. അരമണിക്കൂറോളം പോലീസ് ഈ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നാസില്‍ അബ്ദുള്ളയുടെ മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പോലീസ് പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരായ പരാതി ആയതിനാലാണ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് പോലീസ് പറയുന്നത്.

പത്ത് വര്‍ഷത്തിന് മുമ്പ് പത്ത് മില്യണ്‍ യു എ ഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ) യുടെ ചെക്കാണ് തുഷാര്‍ നല്‍കിയത്. പിന്നീട് ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി സംഘ പരിവാര്‍ രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളക്ക് പണം നല്‍കാമെന്നേറ്റെങ്കിലും സ്വാധീനമുപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. യു എ ഇ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മലയാളി വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് തുഷാറിനെ ഇന്നലെ വിട്ടയക്കുകയും ചെയ്തു.

YOU MAY LIKE THIS VIDEO ALSO