തന്റെ ജീവൻ കാൻസർ ഇഞ്ചിഞ്ചായി തിന്നു തീർക്കുകയാണെന്നറിഞ്ഞപ്പോഴും തളരാതെ മറ്റുള്ളവരെകൂടി സന്തോഷിപ്പിക്കാനാണ് ഈ ടിക് ടോക്ക് താരം ശ്രമിച്ചത്. ടിക് ടോക്കിലെ നിറസാനിധ്യമായ സുധി എന്ന അനു സുരേന്ദ്രൻ മകനൊപ്പം എന്നും മലയാളി ആരാധകർക്ക് മുന്നിലെത്തുന്നത് നിറഞ്ഞ ചിരിയോടെ ആയിരുന്നു. മകൻ എട്ടുവയസ്സുകാരൻ ആദി കൃഷ്ണയ്ക്കൊപ്പം അനു ടിക്ക് ടോക്കിലൂടെ ജീവിതം ആഘോഷമാക്കി. കീമോത്തെറാപ്പിയെ തുടർന്ന് മുടി നഷ്ടമായപ്പോൾ മൊട്ടത്തലയുമായി വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച അവൾ മരണത്തിന് കീഴടങ്ങി. പക്ഷേ, അനു സുരേന്ദ്രൻ (സുധി) എന്ന പ്രൊഫൈലിലെ ടിക്ക് ടോക്ക് വീഡിയോകൾക്ക് മരണശേഷം ലൈക്കും ഷെയറും ഏറെയാണ്.
ഏവൂർ വടക്ക് രചനയിൽ പരേതനായ കെ.വി.സുരേന്ദ്രന്റയും സുധയുടേയും മകളാണ്. അനുവിന് ഒൻപതുമാസം മുൻപാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ഒരുദിവസംപോലും രോഗത്തിന്റെ പേരിൽ അവൾ കരഞ്ഞിരുന്നില്ല. തളർന്നതുമില്ല. പകരം ഇരട്ടി കരുത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മരണമറിഞ്ഞ് ടിക്ക് ടോക്ക് വഴി പരിചയപ്പെട്ടവർ അനുവിന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. sudisurendran935 എന്നതാണ് അനുവിന്റെ പ്രൊഫൈൽ. 83300 ഫോളോവർമാരുണ്ട്. 1.6 ദശലക്ഷം ലൈക്കുകളാണ് അനുവിന്റെ ടിക്ക് ടോക്ക് വീഡിയോകൾക്കുള്ളത്. 522 വീഡിയോകളാണ് അനു ചെയ്തിട്ടുള്ളത്.
ഫാഷൻ ഡിസൈനിങ്ങും ആനിമേഷനും പഠിച്ചശേഷം സ്വന്തമായി ഡിസൈനിങ് നടത്തുകയായിരുന്നു. രോഗം ഭേദമായി മടങ്ങിവരുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. താൻ ചികിത്സയിലാണെന്ന് സുഹൃത്തുക്കളോടെല്ലാം പറഞ്ഞിരുന്നു. കാൻസർ അതിജീവന കൂട്ടായ്മയിലും അംഗമായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്കുമുൻപ് കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾചേർത്ത് അനു വീഡിയോ തയ്യാറാക്കിയിരുന്നു. തന്റെ ജീവിതയാത്ര അതിമനോഹരമായാണ് അതിൽ ചിത്രീകരിച്ചത്. അനു ഇല്ലെങ്കിലും ടിക്ക് ടോക്ക് വീഡിയോകളിലൂടെ അവൾ ജീവിക്കുമെന്ന ആശ്വാസമാണ് ബന്ധുക്കൾ പങ്കുവയ്ക്കുന്നത്. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ടവര് മരണമറിഞ്ഞ് അനുവിന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
English summary: Tic tok star anu surendran passedaway
You may also like this video