August 11, 2022 Thursday

അമേരിക്കൻ നാവിക സേന ടിക്ക് ടോക്ക് നിരോധിച്ചു, നടപടി സൈബർ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി

Janayugom Webdesk
December 21, 2019 2:17 pm

വാഷിങ്ടൺ: സാമൂഹ്യമാധ്യമ ആപ്പായ ടിക്ക് ടോക്ക് അമേരിക്കൻ നാവിക സേന നിരോധിച്ചു. സൈബർ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സർക്കാർ നൽകിയിട്ടുള്ള മൊബൈൽ ഉപയോഗിക്കുന്നവർ ഫോണിൽ നിന്ന് ടിക്ക് ടോക്ക് നീക്കം ചെയ്തില്ലെങ്കിൽ നാവികസേനയുടെ ഇന്‍ട്രാനെറ്റിൽ നിന്ന് ബ്ലോക്ക് ചെയ്യുമെന്ന് ഫെയ്സ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ആപ്പിന് എന്താണ് പോരായ്മ ഉള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിലവിലുള്ളതും വരാനിടയുള്ളതുമായ ഭീഷണി നേരിടുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് പെന്റഗൺ വക്താവ് ലഫ്റ്റനന്റ് കേണൽ ഉറിയ ഓർലന്‍ഡ് അറിയിച്ചു. ടിക്ക് ടോക്ക് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ടിക്ക്ടോക്കിന് അമേരിക്കയിൽ യുവാക്കളുടെ ഇടയിൽ വൻ സ്വീകാര്യതയാണുള്ളത്. എന്നാൽ അടുത്തിടെ ഇതിനെ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 2017 ലാണ് ടിക്ക് ടോക്ക് പ്രവർത്തനം തുടങ്ങിയത്. അമേരിക്കൻ കമ്പനിയായ മ്യൂസിക്കൽ ഡോട്ട് ലെയുമായി ലയിക്കുന്നതിന് മുമ്പായിരുന്നു ഇത്. ആപ്പിന്റെ വളർച്ച ശക്തമാക്കാനായി 100 കോടി ഡോളർ നൽകി ബൈറ്റ് ഡാൻസ് ഇത് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ബെയ്ജിങ് കമ്പനിയായ ബൈറ്റ് ഡാൻസ് ടെക്നോളജി ഭീമൻ തുക നൽകി ഇത് സ്വന്തമാക്കിയത് സംബന്ധിച്ച് അമേരിക്കൻ സർക്കാർ സുരക്ഷാ പുനഃപരിശോധന തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞമാസം അമേരിക്കൻ കരസേനാംഗങ്ങൾക്കും ടിക്ക്ടോക്ക് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സെനറ്റംഗം ചക്ക് ഷൂമർ സുരക്ഷാ ആശങ്ക പങ്കുവച്ചതിനെ തുടർന്നായിരുന്നു ഇത്.

സാധാരണ ആപ്പുകൾ ഉപയോഗിക്കാൻ നാവിക സേനാംഗങ്ങളെ അനുവദിക്കാറുണ്ടെന്ന് നാവിക സേനാ വക്താവ് പറഞ്ഞു. എന്നാൽ സുരക്ഷാ ഭീഷണിയുള്ളവ യഥാസമയത്ത് നിരോധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സുരക്ഷിതമല്ലാത്ത ആപ്പുകൾ ഏതൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.