കാലത്തിരകൾ ജീർണ്ണിച്ച പ്രമാണങ്ങളുടെ മണലെഴുത്തുകൾ മായിച്ചു കളയും

Web Desk
Posted on October 02, 2018, 1:57 pm

നൃപന്‍ദാസ്

ശബരിമല വിഷയത്തില്‍ വികാരങ്ങള്‍ വ്രണപ്പെട്ട ധാരാളം വിശ്വാസികളുണ്ട്. ഗാഢമായി തങ്ങളുടെ വിശ്വാസ ശീലങ്ങളെ മുറുകെപ്പിടിക്കുന്നവര്‍. അവരോട് കലഹിക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. ജനിച്ച നാള്‍ മുതല്‍ അവര്‍ ശീലിച്ച ശരികളാണ് അവരുടെ പ്രമാണങ്ങള്‍. പള്ളിയില്‍ പോയി പുരുഷനൊപ്പം പ്രാര്‍ത്ഥിക്കണോ എന്ന് മുസ്ലിം സ്ത്രീകളോട് ഒന്നു ചോദിച്ചു നോക്കൂ. ബഹുഭൂരിപക്ഷം പേരും ചോദിക്കുന്നവരോട് കലഹിക്കും. എന്താണ് ഇപ്പോള്‍ അതിന്റെ ആവശ്യം എന്നു തിരിച്ചു ചോദിക്കും.
വൈദികര്‍ക്ക് തുല്യമായ പദവി കന്യാസ്ത്രീകള്‍ക്കും കൊടുക്കേണ്ടേ എന്ന് ക്രിസ്തു മത വിശ്വാസികളോട് ചോദിച്ചു നോക്കൂ. മഹാഭൂരിപക്ഷവും അസ്വസ്ഥരാകും . എല്ലാവരും മതം ശീലിപ്പിച്ച റെഡിമേഡ് ഉത്തരങ്ങള്‍ തത്ത പറയുന്നത് പോലെ പറയും. ഇപ്പോള്‍ ഇവിടെ എന്താണ് കുറവ് എന്നു തിരിച്ചു ചോദിക്കും. വിശ്വാസത്തില്‍ യുക്തിക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും ഒന്നും സ്ഥാനമില്ല എന്നവര്‍ ആവര്‍ത്തിക്കും. ഭരണഘടനയോ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട വിശ്വാസ സങ്കല്പമോ ഒന്നും അവരെ പ്രത്യക്ഷത്തില്‍ നയിക്കുന്നില്ല. നിലവിലുള്ള വിശ്വാസ വ്യവസ്ഥകളില്‍ തന്നെ സമ്പൂര്‍ണ്ണ തൃപ്തി ഉള്ളവരാണവര്‍. ഭൂരിപക്ഷം പേരും ഈ വിഭാഗത്തില്‍ പെട്ടവരാണ്.

പുരോഗമന പരമായ ഏതു നിലപാടും അത് ആദ്യം പ്രഖ്യാപിക്കപ്പെട്ട കാലത്തു തന്നെ സ്വീകാര്യമായ ചരിത്രം ഇല്ല. 1917 ല്‍ സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ പന്തിഭോജനം നടത്തിയതിനെ ശ്രീ നാരായണ ഗുരുവിന്റെ അനുയായികള്‍ വരെ വിമര്‍ശിച്ചു എന്നതാണ് ചരിത്രം. പൊതുയോഗങ്ങള്‍ തുടങ്ങുമ്പോള്‍ ജാതി നശീകരണ പ്രതിജ്ഞ എടുത്തിരുന്ന പല പുരോഗമന വാദികള്‍ പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.

‘തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍

കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍!’

എന്ന് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ദുരവസ്ഥയിലും ,

‘ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി,
ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ!’

എന്ന് പില്‍ക്കാലത്ത് ചണ്ഡാലഭിക്ഷുകിയിലും എഴുതിയ സാക്ഷാല്‍ കുമാരനാശാന്‍ പോലും സഹോദരന്‍ അയ്യപ്പന്റെ പ്രവൃത്തിയെ വിവേകോദയത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ വിമര്‍ശിച്ചു. ഒപ്പമിരുന്ന് കീഴ് ജാതിക്കാരന്‍ ഭോജനം നടത്തിയതിന്റെ രാഷ്ട്രീയം ആശാന് പോലും ആ കാലത്ത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പില്‍ക്കാലത്ത് ആ നിലപാടില്‍ അദ്ദേഹം പശ്ചാത്തപിച്ചിട്ടുണ്ടാകാം.

എല്ലാ ജാതിയിലും പെട്ട കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടപ്പോള്‍ അതിനെ അതിശക്തമായി എതിര്‍ത്ത് സ്വദേശാഭിമാനിയില്‍ ലേഖനം എഴുതിയ ആളാണ് രാമകൃഷ്ണ പിള്ള. നിര്‍ഭയനായ മാധ്യമ പ്രവര്‍ത്തകന്‍ എന്നു വിളിപ്പെട്ട പിള്ളയുടെയും ബോധത്തില്‍ അന്തര്‍ലീനമായ ജാതിവെറിയുണ്ടായിരുന്നു.

കുമാരനാശാനും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും പോലും വലിയ മാറ്റങ്ങളുടെ മുന്‍പില്‍ പകച്ചു പോയവരാണ്. ഭൂരിപക്ഷത്തിന്റെ ഇരച്ചു കയറ്റത്തില്‍ ശരിയായ ചിന്തയെ കൈവിട്ടവരാണ്. അപ്പോള്‍ സാധാരണ മനുഷ്യരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥം ഇല്ല. ശബരിമലയിലെ കീഴ് വഴക്കങ്ങള്‍ അവരുടെ സ്വത്വത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. വര്‍ഷങ്ങള്‍ എടുക്കാതെ അത് മാറുകയില്ല. വൈക്കത്തെ ക്ഷേത്ര വഴികളിലൂടെ എല്ലാവര്‍ക്കും സഞ്ചരിക്കാനുള്ള അനുമതി ലഭിച്ചിട്ടും വര്‍ഷങ്ങളോളം ആ വഴിയിലൂടെ നടക്കാതെ ജീവിച്ചു മരിച്ച ആളുകളുടെ മണ്ണാണിത്. തങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം വേണ്ടെന്ന് ഭൂരിപക്ഷം മനുഷ്യരെക്കൊണ്ട് തമ്പുരാക്കന്മാര്‍ പറയിച്ച നാടാണിത്. ആര്‍ത്തവം അശുദ്ധിയല്ല അതൊരു ശാരീരികാവസ്ഥയാണെന്നു പറഞ്ഞാലും ഞങ്ങള്‍ക്ക് അത് അശുദ്ധിയാണെന്നു പറയുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ ഉള്ള നാടാണിത്. അവര്‍ അത് ആത്മാര്‍ത്ഥമായി തന്നെ പറയുന്നതാണ്. അതാണ് അവരുടെ വിശ്വാസം.

പറഞ്ഞു വന്നത്, വിപ്ലവകരമായ മാറ്റങ്ങള്‍ വലിയ പ്രകമ്പനത്തോടു കൂടി മാത്രമേ ലോകത്ത് ഉണ്ടായിട്ടുള്ളൂ എന്നാണ്. ഭൂമി ഉരുണ്ടതാണെന്ന സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ കത്തോലിക്ക സഭ ഗിയഡാനോ ബ്രൂണോയെ ചുട്ടെരിച്ചു. സതി നിര്‍ത്തലാക്കുന്നതിനു കാരണക്കാരനായ രാജാറാം മോഹന്‍ റായിയെ ഒരു വിഭാഗം ഹിന്ദു സമാജക്കാര്‍ ഹിന്ദു വിരുദ്ധന്‍ എന്നു വിളിച്ചു. സഹോദരന്‍ അയ്യപ്പന് ചെറായിയിലെ പ്രമാണിമാര്‍ വിലക്കേര്‍പ്പെടുത്തി.

അതിനെല്ലാം മറുപടി പറഞ്ഞത് കാലമാണ്. കാലം അതിന്റെ തിരകള്‍ കൊണ്ട് ജീര്‍ണ്ണിച്ച പ്രമാണങ്ങളുടെ മണലെഴുത്തുകള്‍ മായിച്ചു കളഞ്ഞു. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ വഴിയേ വന്ന ചരിത്രം ഇവിടെയും ആവര്‍ത്തിക്കും.
മാറ്റമില്ലാത്ത ഒരു സംഗതിയേ ലോകത്തുള്ളൂ, അത് മാറ്റമാണ്.